ലങ്കൻ മേഖല ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനും വിട്ടുകൊടുക്കില്ലെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ദിസനായകെ ഉറപ്പ് നൽകിയിരുന്നു
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ചൊവ്വാഴ്ച ബീജിങിലെത്തും. നാല് ദിവസത്തെ സന്ദർശനമാണ് പ്രസിഡന്‍റ് നടത്തുകയെന്ന് ലങ്കൻ സർക്കാർ വക്താവ് അറിയിച്ചു. ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് ചൈനയിലേക്ക് പോകുന്നത്. സമുദ്ര ഗവേഷണ കപ്പലുകൾക്ക് അനുമതി നൽകാൻ ചൈന ശ്രീലങ്കയോട് ആവശ്യപ്പെടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സന്ദർശനം. ലങ്കൻ മേഖല ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനും വിട്ടുകൊടുക്കില്ലെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ദിസനായകെ ഉറപ്പ് നൽകിയിരുന്നു.
ജനുവരി 14 മുതൽ 17 വരെയാണ് ദിസനായകെയുടെ ചൈനാ സന്ദർശനം. വിദേശകാര്യ, ടൂറിസം മന്ത്രി വിജിത ഹെറാത്ത്, ഗതാഗത, വ്യോമയാന മന്ത്രി ബിമൽ രത്‌നായകെ എന്നിവരും പ്രസിഡന്‍റിനെ അനുഗമിക്കും.
ദിസനായകെയുടെ ഇന്ത്യാ സന്ദർശനം
ശ്രീലങ്കയുടെ മണ്ണ് ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡൻറ് അനുര കുമാര ദിസനായകെ ഇന്ത്യാ സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീലങ്കയിലേക്ക് ദിസനായകെ ക്ഷണിക്കുകയും ചെയ്തു. ശ്രീലങ്കയിലെ തമിഴരുടെ ഉന്നമനത്തിന് പുതിയ സർക്കാരും എല്ലാ നടപടിയും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ പറഞ്ഞു. മത്സ്യതൊഴിലാളികളുടെ കാര്യത്തിൽ മാനുഷിക പരിഗണന ഉണ്ടാകണമെന്നും നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. ശ്രീലങ്കയിലേക്ക് പുതിയ ഫെറി സർവ്വീസ് തുടങ്ങാനും ധാരണയായി. 200 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് കൂടി ഇന്ത്യ സ്കോളർഷിപ്പ് നൽകും. 1500 ശ്രീലങ്കൻ ഉദ്യോഗസ്ഥർക്ക് ഇന്ത്യയിൽ പരിശീലനം നൽകുമെന്നും നരേന്ദ്ര മോദി അറിയിച്ചു.
'കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാം, രണ്ടുണ്ട് കാര്യം': ട്രൂഡോയുടെ രാജിക്ക് പിന്നാലെ ട്രംപ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം