60കാരിക്കൊപ്പം യാത്ര ചെയ്ത 3 വയസുകാരി വിമാനയാത്രയ്ക്കിടെ കരഞ്ഞതിന് പിന്നാലെ കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച് സഹയാത്രിക. കയ്യാങ്കളിക്കൊടുവിൽ രണ്ട് സ്ത്രീകളും അറസ്റ്റിൽ
ഹോങ്കോങ്ങ്: മുത്തശ്ശിക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ വിമാനത്തിൽ വച്ച് കരഞ്ഞ് മൂന്ന് വയസുകാരി. വെള്ളക്കുപ്പി വലിച്ചെറിഞ്ഞും കയ്യേറ്റവുമായി സഹയാത്രിക. ലാൻഡ് ചെയ്തതിന് പിന്നാലെ അറസ്റ്റ്. ഹോങ്കോങ്ങ് അന്തർ ദേശീയ വിമാനത്താവളത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാത്തെ പസഫിക് വിമാനത്തിനുള്ളിൽ വച്ചാണ് രണ്ട് വനിതായ യാത്രക്കാർ തമ്മിൽ കയ്യേറ്റമുണ്ടായത്.
കുപ്പിയും തലയിണയും കയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് ഏറ്റുമുട്ടിയ ഇരു വനിതകളേയും പൊലീസ് വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്തു. കയ്യേറ്റത്തിൽ രണ്ട് പേർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. സിഎക്സ് 581 വിമാനത്തിനുള്ളിലാണ് യാത്രക്കാർ തമ്മിൽ കയ്യാങ്കളി നടന്നത്. സപ്പോറോയിൽ നിന്ന് ഹോങ്കോങ്ങിലേക്കുള്ളതായിരുന്നു വിമാനം. മൂന്ന് വയസുകാരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന 60 കാരിക്കും പിൻസീറ്റിലിരുന്ന 32കാരിക്കും ഇടയിലാണ് പ്രശ്നങ്ങളുണ്ടായത്.
3 വയസുകാരി വിമാനത്തിനുള്ളിൽ വച്ച കരഞ്ഞതോടെ 32കാരി കുട്ടിക്ക് നേരെ കുപ്പി വെള്ളം വലിച്ചെറിയുകയായിരുന്നു. ഇത് 60 കാരി ചോദ്യം ചെയ്യുകയായിരുന്നു. സംഭവം പെട്ടന്ന് തന്നെ കയ്യേറ്റത്തിലെത്തി. ഇടപെടാനുള്ള എയർഹോസ്റ്റസുമാരുടേയും സഹയാത്രികരുടേയും ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഇരുവരും തങ്ങൾക്ക് ചാരിയിരിക്കാനായി നൽകിയ ചെറിയ തലയിണ വച്ചും വിമാനത്തിനുള്ളിൽ വച്ച് തമ്മിലടിച്ചു. രാത്രി 9.40ഓടെയായിരുന്നു സംഭവം. വിമാനം ഹോങ്കോങ്ങിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ഇരുവരേയും പൊലീസിന് കൈമാറുകയായിരുന്നു.
സംഭവത്തിൽ തുടർ അന്വേഷണം നടക്കുമെന്ന് ഹോങ്കോങ്ങ് വിമാനത്താവള അധികൃതർ വിശദമാക്കി. കയ്യാങ്കളിയും രണ്ട് പേരുടേയും കൈകളിൽ ചതവുകളും മുറിവുകളും സംഭവിച്ചിട്ടുണ്ട്. 2024 മാർച്ച് 29ന് ദില്ലി മുംബൈ വിസ്താര വിമാനത്തിലും സമാനമായ രീതിയിൽ കയ്യാങ്കളി നടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം