കൈവശമുണ്ടായിരുന്ന കോഴികളെ വിറ്റ് കമ്മീഷനും ആവശ്യപ്പെട്ട പോലെ നാടൻ കോഴിക്കറി നൽകിയിട്ടും വായ്പ നൽകിയില്ലെന്നാണ് ആരോപണം
ദില്ലി: വായ്പ പാസാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് എസ്ബിഐ മാനേജർ പല ദിവസങ്ങളിലായി കഴിച്ചത് 39000 രൂപയുടെ നാടൻ കോഴിക്കറിയെന്ന് കർഷകന്റെ പരാതി. ഛത്തീസ്ഗഡിലെ മസ്തൂരിയിലെ ബാങ്ക് മാനേജർക്കെതിരെയാണ് ആരോപണം. കോഴിക്കറിക്ക് പുറമെ, വായ്പയുടെ 10 ശതമാനം കമ്മീഷനും ഇയാൾ ചോദിച്ചുവെന്നും ആരോപിച്ചാണ് വായ്പക്ക് അപേക്ഷിച്ച കർഷകൻ പ്രതികരിച്ചിരിക്കുന്നത്. രൂപ്ചന്ദ് മൻഹർ എന്ന കർഷകനാണ് രംഗത്തെത്തിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്.
കോഴി വളർത്തൽ ബിസിനസ്സ് വിപുലീകരിക്കാനാണ് രൂപ്ചന്ദ് മൻഹർ വായ്പ തേടിയത്. തുടർന്ന് ഛത്തീസ്ഗഡിലെ മസ്തൂരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയിൽ നിന്ന് വായ്പയെടുക്കാൻ അദ്ദേഹം ശ്രമിച്ചത്. കൈവശമുണ്ടായിരുന്ന കോഴികളെ വിറ്റ് രണ്ട് മാസത്തിനുള്ളിൽ മാനേജർക്ക് 10% കമ്മീഷനും നൽകിയതായി കർഷകൻ ആരോപിക്കുന്നത്. തുടർന്ന് ബാങ്ക് മാനേജർ തൻ്റെ വായ്പ അംഗീകരിക്കാൻ എല്ലാ ശനിയാഴ്ചയും നാടൻ കോഴിക്കറി ആവശ്യപ്പെട്ടു തുടങ്ങി. ഇങ്ങനെ പല തവണകളായി 38,900 രൂപ വിലയുള്ള ചിക്കനാണ് ഇയാൾ അകത്താക്കിയത്.
കർഷകൻ ഗ്രാമത്തിൽ നിന്ന് നാടൻ കോഴിയെ വാങ്ങി കറിയാക്കി നൽകും. കോഴിയെ വാങ്ങിയതിന്റെ ബില്ലടക്കം തന്റെ കൈവശമുണ്ടെന്ന് രൂപ്ചന്ദ് മൻഹർ ആരോപിച്ചത്. എന്നാൽ അവസാനം മാനേജർ തൻ്റെ ലോൺ അംഗീകരിക്കാൻ തയ്യാറായില്ല. പതിയെ ഇയാൾ തന്നെ ഒഴിവാക്കിയെന്നും കോഴിക്കറിയുടെ പണം പോലും നൽകിയില്ലെന്നുമാണ് കർഷകൻ ആരോപിക്കുന്നത്. മാനേജർക്കെതിരെ നടപടി ആവശ്യപ്പെട്ട് രൂപ്ചന്ദ് മൻഹർ എസ്ഡിഎമ്മിന് പരാതി നൽകി. നടപടിയെടുത്തില്ലെങ്കിൽ ജീവനൊടുക്കുമെന്ന ഭീഷണിയും രൂപ്ചന്ദ് മൻഹർ മുഴക്കിയിട്ടുണ്ട്. നിരാഹാര സമരം നടത്തുമെന്നും തൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മസ്തൂരിയിലെ എസ്ബിഐ ശാഖയ്ക്ക് മുന്നിൽ തീകൊളുത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം