സംരക്ഷിത ഇനമായ കാട്ടുകോഴിയെ കൊന്ന് കറിവെച്ച് വിരുന്നിൽ വിളമ്പിയ സംഭവത്തിൽ മുഖ്യമന്ത്രി മാപ്പുപറയണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിവേണമെന്നും ബിജെപി ആവശ്യപ്പെട്ടു
ഷിംല: ഹിമാചല്‍ പ്രദേശില്‍ കാട്ടുകോഴിയുടെ പേരിൽ പുതിയ രാഷ്ട്രീയപ്പോര്. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പങ്കെടുത്ത വിരുന്നില്‍ കാട്ടുകോഴി കറിവെച്ച് വിളമ്പിയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഷിലയിൽ നടന്ന ഒരു വിരുന്നിനിടെയാണ് സംഭവം. മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും സംരക്ഷിത ഇനമായ 'ജംഗ്ലി മുർഗ' (കാട്ടുകോഴി) ഇറച്ചി വിളമ്പാൻ നിർദ്ദേശിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് മൃഗസംരക്ഷണ സംഘടനയും ബിജെപിയും സുഖ്‌വീന്ദര്‍ സിങ് സുഖുവിനെതിരെ വിമർശനവുമായി രംഗത്ത് വന്നത്.
എന്നാല്‍, സുഖ്‌വീന്ദര്‍ ആരോപണം നിഷേധിച്ചു. വിരുന്നില്‍ നാടന്‍ കോഴിയിറച്ചി നല്‍കിയിരുന്നതായും താന്‍ കഴിച്ചില്ലെന്നുമായിരുന്നു സുഖ്‌വീന്ദറിന്‍റെ പ്രതികരണം. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യമന്ത്രിയും മറ്റു ഉദ്യോഗസ്ഥരും കഴിക്കുന്നതായി ദൃശ്യത്തിലുണ്ട്. സംരക്ഷിത ഇനമായ കാട്ടുകോഴിയെ കൊന്ന് കറിവെച്ച് വിരുന്നിൽ വിളമ്പിയ സംഭവത്തിൽ മുഖ്യമന്ത്രി മാപ്പുപറയണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിവേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഷിംല ജില്ലയിലെ കുപ്വി തഹ്‌സിലിലെ ടിക്കർ ഗ്രാമത്തിൽ വെച്ച് നടന്ന വിരുന്നിനിടെയാണ് സുഖ്‌വീന്ദര്‍ അടക്കമുള്ളവർക്ക് കാട്ടുകോഴിയുടെ ഇറച്ചി വിളമ്പിയത്. കാട്ടുകോഴിയെ കൊന്നാൽ ജയിൽ ശിക്ഷയടക്കം ഉള്ളപ്പോഴാണ് മന്ത്രിമാർ തന്നെ കറിവെച്ച് കഴിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂർ ആരോപിക്കുന്നത്. വീഡിയോയിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് കാട്ടുകോഴിയുടെ ഇറച്ചി നൽകാൻ പറയുന്നതും എന്നാൽ തനിക്ക് അത് വേണ്ടെന്ന് സുഖ്‌വീന്ദര്‍ പറയുന്നതും കേൾക്കാം. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് മലയോര പ്രദേശത്തെ രീതിയാണ്, പക്ഷേ താനാ ഭക്ഷണം കഴിച്ചില്ലെന്ന് സുഖു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read More : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കില്ല, കാര്യപരിപാടി പട്ടികയില്‍ ബില്‍ ഇല്ല