ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് പുകവലിക്കാനും മദ്യപിക്കാനും അടക്കമുള്ള സഹായ സജീകരണങ്ങളും സ്വന്തം കാറിൽ ചികിത്സ കഴിഞ്ഞ് മടങ്ങാനും നൽകിയ സഹായം റീലിലൂടെ പുറത്തായിരുന്നു
ജയ്പൂർ: കൊലപാതകക്കേസ് പ്രതിക്ക് കസ്റ്റഡിയിൽ വഴി വിട്ട സഹായം രണ്ട് പൊലീസുകാർക്കെതിരെ നടപടി. രാജസ്ഥാനിലെ ടോങ്കിലാണ് സംഭവം. പൊലീസ് കസ്റ്റഡിയിൽ ഉള്ള കൊലപാതകക്കേസ് പ്രതിക്ക് കൂട്ടാളികളെ കാണാനും ഇവർക്കൊപ്പം പുകവലിക്കാനും അടക്കമുള്ള സൌകര്യം ഒരുക്കിയതിനും വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം സ്വന്തം വാഹനം ഓടിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പോകാനും അനുവാദം നൽകിയതിനാണ് നടപടി.
ഷാദാബ് ദേശ്വാലി ഫൈസൽ എന്ന് കൊലപാതക കേസ് പ്രതിക്കാണ് പൊലീസ് വഴിവിട്ട് ആനുകൂല്യം നൽകിയത്. കാർ ഓടിക്കുന്ന ഇയാൾക്കൊപ്പമിരുന്ന് സ്റ്റേഷനിലേക്ക് പോവുന്നതിനിടെ ഇയാളുടെ മുഖത്ത് തലോടുന്നതുമായ പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ടോങ്ക് എസ്പി വികാസ് സാംഗ്വാൻ ഹെഡ് കോൺസ്റ്റബിൾ ദശരഥ് സിംഗിനും കോൺസ്റ്റബി( ഭൻവർ സിംഗിനും എതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
മൂന്ന് ദിവസത്തേക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത പ്രതിക്ക് വഴിവിട്ട രീതിയിൽ പൊലീസുകാർ സഹായം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാഴാഴ്ച മുതൽ വൈറലായിരുന്നു. 2022 ഓഗസ്റ്റ് മുതൽ ജയിലിലാണ് ഷാദാബ് ദേശ്വാലി ഫൈസൽ കഴിയുന്നത്. ഇതിന് ഇടയിലും ഇയാൾ സമൂഹമാധ്യമങ്ങളിൽ റീലുകളും പോസ്റ്റുകളിലും സജീവമാണ്. പൊലീസുകാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഷാദാബ് ദേശ്വാലി ഫൈസലിന്റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകളേ കുറിച്ചും എസ്പി തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം