1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിൾസിൽ സെക്കന്‍റ് ലെഫ്നന്‍റായി തുടക്കം. കരസേനയിൽ ലെഫ് ജനറലായിരുന്ന അച്ഛൻ ലക്ഷ്മണ സിംഗിന്‍റെ അതേ യൂണിറ്റിൽ നിന്നു തന്നെയായിരുന്നു റാവത്തിന്‍റെയും ആദ്യ നിയോഗം
ദില്ലി: രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലിക്കോപ്റ്റര്‍ അപകടം (coonoor chopper crash) ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്തപ്പോള്‍ നഷ്ടപ്പെട്ടത് ഓരോ ശ്വാസത്തിലും രാജ്യത്തിന് വേണ്ടി പോരാടിയ ധീരനായ പടത്തലവനെ. ജനറൽ ബിപിൻ റാവത്തിന്‍റെ (General Bipin Rawat) വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് രാജ്യം. പാക് അധീന കശ്മീരിലടക്കം രാജ്യം കണ്ട ഏറ്റവും പ്രധാന സൈനിക ഓപ്പറേഷനുകൾക്കെല്ലാം ചുക്കാൻ പിടിച്ച സേനകളുടെ തലവനായിരുന്നു ബിപിന്‍ റാവത്ത്. അവസാന ശ്വാസത്തിലും രാജ്യത്തെ സേവിച്ച്, രാജ്യത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങിയാണ് സേനാ നായകന്‍റെ മടക്ക യാത്ര.
ഇന്ത്യൻ സൈന്യത്തിന്‍റെ ധീരമുഖമായിരുന്നു ജനറൽ ബിപിൻ റാവത്ത്. 1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിൾസിൽ സെക്കന്‍റ് ലെഫ്നന്‍റായി തുടക്കം. കരസേനയിൽ ലെഫ് ജനറലായിരുന്ന അച്ഛൻ ലക്ഷ്മണ സിംഗിന്‍റെ അതേ യൂണിറ്റിൽ നിന്നു തന്നെയായിരുന്നു റാവത്തിന്‍റെയും ആദ്യ നിയോഗം. ഒരു വര്‍ഷത്തിന് ശേഷം ലെഫ്റ്റനൻ്റ് സ്ഥാനത്തേക്ക് ഉയർച്ച. ഉയരമുള്ള യുദ്ധമുഖത്ത് പ്രത്യേക പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്. പത്ത് വര്‍ഷം ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിൽ സൈന്യത്തെ നയിച്ചു. 2014 ജൂണ്‍ ഒന്നിന് ലെഫ്നൻ്റ് ജനറലായി. ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങൾ നടന്ന രണ്ട് വര്‍ഷം അദ്ദേഹമായിരുന്നു കരസേനാ മേധാവി.
ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കിയ ശേഷം ഭീകരവാദത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങൾ ശക്തമാക്കാൻ ജനറൽ റാവത്ത് നേതൃത്വം നൽകി. ഗൽവാൻ താഴ്വരയിലെ ചൈനയുടെ പ്രകോപനത്തെ ധീരമായി നേരിടാനും സൈന്യത്തെ പ്രാപ്തമാക്കി. പരംവിശിഷ്ട സേവാ മെഡൽ ഉൾപ്പടെ നിരവധി സൈനിക പുരസ്കാരങ്ങൾ റാവത്തിനെ തേടിയെത്തി. ഇന്ത്യൻ സൈന്യത്തിൽ വലിയ പരിഷ്കരണങ്ങൾ നടപ്പിക്കുന്ന സമയത്തുകൂടിയാണ് റാവത്തിന്‍റെ വിയോഗം.
ഉത്തരാഖണ്ഡിലെ പൗഡിൽ 1948 മാര്‍ച്ച് 16നായിരുന്നു ബിപിൻ റാവത്തിന്‍റെ ജനനം. ഡെറാഡൂണിലെ കാബ്രിയാൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്‍റ് എഡ്വേര്‍ഡ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. വെല്ലിംഗ്ടണ്‍ ഡിഫൻസ് സര്‍വ്വീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, അമേരിക്കയിലെ ആര്‍മി സ്റ്റാഫ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത സൈനിക വിദ്യാഭ്യാസം. മികച്ച പ്രകടനത്തിനുള്ള ബഹുമതി നേടിയാണ് സൈനിക വിദ്യാഭ്യാസത്തിന് ശേഷം രാജ്യത്തിന്‍റെ കാവൽക്കാരനിലേക്കുള്ള യാത്ര.
പ്രതിരോധ വിഭാഗത്തിൽ എംഫിലും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അപൂര്‍വ്വം സേന തലവന്മാരിൽ ഒരാൾ കൂടിയായിരുന്നു റാവത്ത്. ബിരുദം നേടിയ വെല്ലിംഗ്ടണ്‍ കോളേജിലേക്കുള്ള യാത്രാമധ്യേ അന്ത്യം സംഭവിച്ചു എന്നത് യാദൃശ്ചികമായി. ഒപ്പം ഭാര്യ മാധുലിക റാവത്തിന്‍റെയും ദാരുണാന്ത്യം. പട്ടാളത്തിന്‍റെ ചട്ടക്കൂടുകൾക്ക് അപ്പുറത്ത് പലപ്പോഴും പ്രോട്ടോക്കോൾ മറികടന്ന് ഒരു സാധാരണക്കാരനായും ബിപിൻ റാവത്ത് മാറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. കാര്‍ക്കശ്ശ്യത്തോടെ നീങ്ങുമ്പോഴും ഒപ്പമുള്ള ഓരോ പട്ടാളക്കാരനിലും വിശ്വാസ അര്‍പ്പിക്കാനും ആത്മധൈര്യം പകര്‍ന്നുനൽകാനും ശ്രമിച്ച രാജ്യം കണ്ട ഏറ്റവും മികച്ച ഒരു കാവൽക്കാരനെയാണ് നഷ്ടമായത്.
നാല് ദശകം നീണ്ട സൈനിക സേവനത്തിടെ ബ്രിഗേഡിയർ കമാൻഡർ, ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് സത്തേൺ കമാൻഡ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ട്രേറ്റിലെ ജനറൽ സ്റ്റാഫ് ഓഫീസർ ഗ്രേഡ് 2, കേണൽ മിലിട്ടറി സെക്രട്ടറി, ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറി, ജൂനിയർ കമാൻഡ് വിംഗിലെ സീനിയർ ഇൻസ്ട്രക്ടർ എന്നീ ചുമതലകൾ വഹിച്ചു. യുഎൻ സമാധാന സേനയുടെ ഭാഗമായി കോംഗോ ഡെമോക്രാറ്റിക് റിപ്ലബിക്കിലും ബിപിൻ റാവത്ത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൗണ്ടർ ഇൻസർജൻസി ഓപ്പറേഷനുകളിൽ വിദഗ്ധനായിരുന്നു ജനറൽ ബിപിൻ റാവത്ത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദികളെ അമർച്ചെ ചെയ്യുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 2015ൽ മ്യാന്മർ അതിർത്തി കടന്ന് നടത്തിയ പ്രത്യേക ദൗത്യത്തിൽ എൻഎസ്സിഎൻ (കെ) വിഭാഗത്തിന്റെ ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ത്രീ കോർപ്പ്സ് ആയിരുന്നു ഇതിന് പിന്നിൽ ജനറൽ റാവത്താണ് ദൗത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.
സേനയിലെ സംഭാവനകൾക്ക് പരമ വിശിഷ്ട സേവാ മെഡലും, ഉത്തം യുദ്ധ സേവാ മെഡലും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. സംയുക്ത സേനാ മേധാവി എന്ന പുതിയ പദവി സൃഷ്ടിച്ചപ്പോൾ ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാൻ കേന്ദ്ര സർക്കാരിന് ആകുമായിരുന്നില്ല. ഫോർ സ്റ്റാർ ജനറൽ പദവിയിലാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ബിപിൻ റാവത്തിനെ നിയമിച്ചത്. മൂന്ന് വര്‍ഷം കാലാവധിയിൽ 65 വയസുവരെ സ്ഥാനത്ത് തുടരുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.
സൂപ്പർ അന്വേഷൻ കാലാവധി അടക്കം ഒരു വ്യക്തിക്ക് 62 വയസുവരെ മാത്രമേ സൈനിക സേവനത്തിൽ തുടരാനാകൂ എന്ന ചട്ടം ഭേദഗതി ചെയ്താണ് ബിപിൻ റാവത്തിന് 65 വയസുവരെ തുടരാൻ കേന്ദ്രസർക്കാർ അവസരമൊരുക്കിയത്. ഇതിനു മുമ്പ്, നാഗാലാൻഡിലെ ദിമാപൂരിൽ ലെഫ്റ്റനന്റ് ജനറൽ ആയിരിക്കെ നടന്ന ചോപ്പർ അപകടത്തിൽ നിന്ന് റാവത്ത് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അന്ന് അദ്ദേഹം നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയാണുണ്ടായത്. ടേക്ക് ഓഫ് ചെയ്ത് 20 മീറ്റർ മാത്രം ഉയരത്തിൽ വെച്ചായിരുന്നു അപകടം എന്നതാണ് അന്ന് അദ്ദേഹത്തിന് തുണയായത്.
ഡിസംബർ
ഡിസംബർ മാസത്തിന് ബിപിൻ റാവത്തിന്റെ ജീവിതത്തിൽ വലിയ പ്രധാന്യമുണ്ട്. 2019 ഡിസംബർ 31നാണ് കരസേനാ മേധാവി സ്ഥാനം ഒഴിഞ്ഞ് ജനറൽ ബിപിൻ റാവത്ത് ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായത്. ജനറൽ ബൽബീർ സിംഗ് സുഹാഗിന്‍റെ പിൻഗാമിയായി ഇന്ത്യയുടെ കരസേനാ മേധാവി സ്ഥാനത്തേക്ക് ബിപിൻ റാവത്ത് എത്തിയതും ഒരു ഡിസംബറിലാണ്, 2016 ഡിസംബർ 31ന്. 1978ൽ 11 ഗൂർഖാ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയന്‍റെ ഭാഗമായി ബിപിൻ റാവത്ത് സൈനിക സേവനം തുടങ്ങിയും ഡിസംബർ മാസത്തിലായിരുന്നു. ഒടുവിൽ ഒരു ഡിസംബറിൽ തന്നെ വിയോഗവും.
സംയുക്ത സേനാ മേധാവി - പദവിയുടെ ചരിത്രം
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) അഥവാ സംയുക്ത സേനാ തലവൻ. ഇന്ത്യൻ സൈന്യത്തിൽ ഇങ്ങനെ ഒരു പുതിയ സ്ഥാനം കൊണ്ടുവരുന്നതിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പറയുന്നത് 2019 -ലെ സ്വാതന്ത്ര്യദിനത്തിലാണ്, ചെങ്കോട്ട പ്രസംഗത്തിൽ. ഡിസംബർ 24 -ന്, വാർത്താവിതരണ വകുപ്പുമന്ത്രി പ്രകാശ് ജാവഡേക്കർ ഇങ്ങനെയൊരു തീരുമാനത്തിന് വേണ്ട കാബിനറ്റ് അനുമതി കിട്ടിക്കഴിഞ്ഞുവെന്ന് അറിയിച്ചു.
ബ്രിട്ടീഷ് ഭരണ കാലത്ത് എല്ലാ സേനാ വിഭാഗങ്ങൾക്കുമായി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഒരു തലവൻ ഉണ്ടായിരുന്നു. ആ സൈനികത്തലവൻ നേരിട്ട് വൈസ്രോയ്ക്കായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. സ്വാതന്ത്ര്യം കിട്ടി, ഇന്ത്യയിൽ ജനാധിപത്യ സർക്കാരുകൾ നിലവിൽ വന്നപ്പോൾ ഇത്തരമൊരു പദവിയുടെ ആവശ്യം ഇനിയില്ല എന്ന അഭിപ്രായം ഉയർന്നു. 1955 ഈ ഒരു അധികാര സ്ഥാനം ഇല്ലാതാക്കി കര, നാവിക, വ്യോമസേനകൾക്ക് വ്യത്യസ്ഥ തലവന്മാർ എന്ന രീതി വന്നു.
സേനകൾ തമ്മിലുള്ള സുഗമമായ ആശയവിനിമയത്തിന് ഒരു സംയുക്ത മേധാവി വേണമെന്ന അഭിപ്രായം അപ്പോഴും ചിലർ ഉന്നയിച്ചു, ഇത് ബലപ്പെട്ടത് 1999 -ൽ കാർഗിൽ യുദ്ധമുണ്ടായപ്പോഴാണ്. അന്നത്തെ യുദ്ധത്തിൽ കരസേനയും വായുസേനയും തമ്മിൽ വേണ്ടത്ര ഒത്തിണക്കമുണ്ടായിരുന്നില്ല എന്ന് അന്ന് അണിയറയിൽ സംസാരമുണ്ടായിരുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങളെപ്പറ്റി പഠിക്കാനായി നിയോഗിച്ച സമിതിയാണ് കാർഗിൽ റിവ്യൂ കമ്മിറ്റി.
ഈ കമ്മിറ്റിയുടെ റിപ്പോർട്ട് 2000ൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് വന്നു. കാർഗിൽ യുദ്ധത്തിനിടെ ഉണ്ടായ ഏകോപനക്കുറവ് ഭാവിയിൽ സംഭവിക്കാതിരിക്കാൻ വേണ്ടി മൂന്നു സേനയുടെയും തലവന്മാർക്ക് മുകളിലായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അഥവാ പ്രതിരോധ സേനാ തലവൻ എന്ന ഒരു പദവി അടിയന്തരമായി കൊണ്ടുവരണം എന്ന് ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ അന്നത്തെ സർക്കാരുകൾ ഈ നിർദേശത്തോട് മുഖം തിരിഞ്ഞു നിൽക്കുകയാണുണ്ടായത്.
കാർഗിൽ റിവ്യൂ കമ്മിറ്റിക്ക് തുടർച്ചയായി പിന്നെയും കമ്മിറ്റികൾ വന്നു. 2012 -ൽ നരേഷ് ചന്ദ്ര അധ്യക്ഷനായ കമ്മിറ്റി വന്നു. കാർഗിൽ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ പഠനം നടത്താനായിരുന്നു ഈ സമിതി. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഉണ്ടാക്കിയില്ലെങ്കിലും CDS കമ്മിറ്റിക്ക് ഒരു സ്ഥിരാദ്ധ്യക്ഷനെങ്കിലും ഉണ്ടാവട്ടെ എന്നായിരുന്നു നരേഷ് ചന്ദ്ര കമ്മിറ്റിയുടെ നിർദേശം. അങ്ങനെ അന്ന് 2016 -ൽ ലെഫ്റ്റനന്റ് ജനറൽ ഷെകാത്കർ അധ്യക്ഷനായ CDS കമ്മിറ്റി വന്നു. ഈ കമ്മിറ്റി സമർപ്പിച്ച 99 നിർദേശങ്ങളിൽ ഒന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി വേണം എന്നുതന്നെയായിരുന്നു. എന്നാൽ, 2019 ഓഗസ്റ്റ് 15 -ന് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വരും വരെ ഇങ്ങനെയൊരു നീക്കത്തിന്റെ സൂചനകളൊന്നും ഉണ്ടായിരുന്നില്ല.