എൻ.ഡി.പി.എസ് ഫീൽഡ് ടെസ്റ്റിങ് കിറ്റ് ഉപയോഗിച്ചാണ് പൊടി എന്താണെന്ന് തിരിച്ചറിയാനുള്ള പരിശോധന നടത്തിയത്.
പാറ്റ്ന: 42 കോടി വിലവരുന്ന വൻ ലഹരി മരുന്ന് ശേഖരം പിടികൂടി ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് സംഘം. ഏകദേശം 4.2 കിലോഗ്രാം കൊക്കെയാനാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് വിദേശത്തു നിന്ന് അതീവ രഹസ്യമായി ഇന്ത്യയിൽ എത്തിച്ചതാണ്. ഒരാളെ പരിശോധനയ്ക്കിടെ പിടികൂടിയിട്ടുണ്ട്.
ഡിആർഐ അധികൃതർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. ബിഹാറിലെ മുസഫർപൂരിൽ നടത്തിയ പരിശോധനയിൽ ഒരു ട്രോളി ബാഗിൽ നിന്ന് 4.2 കിലോഗ്രാം വെളുത്ത പൊടി കണ്ടെത്തി. ഇത് എന്താണെന്ന് തിരിച്ചറിയാൻ വേണ്ടി ഡിആർഐ ഉദ്യോഗസ്ഥർ തങ്ങളുടെ എൻഡിപിഎസ് ഫീൽഡ് കിറ്റിങ് ഉപയോഗിച്ച് സാമ്പിൾ പരിശോധന നടത്തുകയും കൊക്കൈൻ ആണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തായ്ലൻഡിൽ നിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിൽ എത്തിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ട്രോളി ബാഗ്. അവിടെ ചില അജ്ഞാത വ്യക്തികൾക്ക് കൈമാറാനായിരുന്നു മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി. ബാഗുമായി എത്തിയയാളെ ഡിആർഐ ഉദ്യോഗസ്ഥർ കസ്റ്റിഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം