ബൈക്ക് റോഡരികിൽ നിർത്താൻ ശ്രമിക്കുന്നെങ്കിലും അത് സാധിക്കാതെ റോഡരികിലേക്ക് വീഴുകയായിരുന്നു. ആളുകൾ ഉടൻ തന്നെ ഓടിയെത്തി.
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പൊലീസ് സബ് ഇൻസ്പെക്ടർ ബൈക്ക് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടർമാരുടെ അനുമാനം. മദ്ധ്യപ്രദേശിലെ ബറൈലിയിലെ റെയ്സെനിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
62 വയസുകാരനായ സുഭാഷ് സിങാണ് മരിച്ചത്. ഉത്തർപ്രദേശിലെ വരാണസി സ്വദേശിയായ അദ്ദേഹം രണ്ട് മാസത്തിനുള്ളിൽ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. ബൈക്കുമായി പെട്രോൾ പമ്പിലെത്തി ഇന്ധനം നിറച്ച ശേഷം പുറത്തേക്കിറങ്ങി ഓടിച്ചു പോകാൻ തുടങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. അൽപ ദൂരം മുന്നോട്ട് പോയ ശേഷം അദ്ദേഹം ബൈക്ക് റോഡരികിൽ നിർത്താൻ ശ്രമിക്കുന്നതും എന്നാൽ അതിന് സാധിക്കാതെ അദ്ദേഹം ബൈക്കിൽ നിന്ന് ഒരു വശത്തേക്ക് വീഴുന്നതും വീഡിയോയിൽ കാണാം.
അടുത്തുണ്ടായിരുന്ന ആളുകളും പെട്രോൾ പമ്പിലെ ജീവനക്കാരും ഉടൻ തന്നെ ഓടിയെത്തിയെങ്കിലും പൊലീസ് സ്ഥലത്തെത്തിയാണ് ബറൈലിയിലെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. കുഴഞ്ഞു വീണ ശേഷം രണ്ട് മിനിറ്റ് അദ്ദേഹം റോഡിൽ തന്നെ കിടന്നു. ആളുകൾ ഓടിയെത്തിയെങ്കിലും നോക്കി നിൽക്കുകയായിരുന്നു. പെട്രോൾ പമ്പ് ജീവനക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് വാഹനം എത്തിയ ശേഷമാണ് അദ്ദേഹത്തെ വാഹനത്തിലേക്ക് എടുത്ത് കയറ്റിയത്. വാഹനം പിന്നീട് രണ്ടര മിനിറ്റുകളോളം സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നതും വീഡിയോയിൽ കാണാം.
പെട്ടെന്നുണ്ടായ ഹൃദയാഘാതമായിരിക്കാം മരണ കാരണമെന്നാണ് ഡോക്ടർമാർ അനുമാനിക്കുന്നത്. ആശുപത്രിയിലെത്തുമ്പോൾ പൾസ് ഉണ്ടായിരുന്നില്ല. ജീവൻ രക്ഷിക്കാൻ കഴിയുമോയെന്ന് ഏകദേശം 30 മിനിറ്റ് പരിശ്രമിച്ചു. നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. സുഭാഷ് സിങിന് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹിതരാണ്. മരണാനന്തര ചടങ്ങുകൾക്കായി മൃതദേഹം ജന്മനാടായ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം