അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. ട്രക്ക് ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ലെന്നും പൊലീസ് പറഞ്ഞു. 19നും 24നും ഇടയിൽ പ്രായമുള്ള മൂന്ന് യുവാക്കളും മൂന്ന് യുവതികളുമാണ് മരിച്ചത്.
ഡെറാഡൂൺ: ഡെറാഡൂണിൽ കാർ ട്രക്കിലിടിച്ച് ആറ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ടവർ അപകടത്തിന് തൊട്ടുമുമ്പ് പാർട്ടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൂട്ടത്തിലെ ഒരാൾ കാർ വാങ്ങിയതിനെ തുടർന്നാണ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം. അപകടത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ പരാതിയുമായി രംഗത്തെത്തിയില്ല. അപകടത്തിൽപ്പെട്ട സിദ്ധേഷ് എന്ന വിദ്യാർഥി സംസാരിക്കുന്ന അവസ്ഥയിൽ എത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂവെന്നാണ് പൊലീസ് പറയുന്നത്. പാർട്ടിയിൽ ഇവർ ഉപയോഗിച്ചതെന്തൊക്കെയാണെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്.
അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. ട്രക്ക് ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ലെന്നും പൊലീസ് പറഞ്ഞു. 19നും 24നും ഇടയിൽ പ്രായമുള്ള മൂന്ന് യുവാക്കളും മൂന്ന് യുവതികളുമാണ് മരിച്ചത്. കാറോടിച്ചിരുന്ന 25കാരനായ യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഡെറാണൂറിലെ ഒഎൻജിസി ചൗക്കിൽ തിങ്കളാഴ്ച പുലർച്ചെ 1.30ന് ആയിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ. കാർ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു . യാത്രയ്ക്കിടെ ഒരു ആഡംബര കാർ ഇവരുടെ വാഹനത്തെ അതിവേഗത്തിൽ ഓവർടേക്ക് ചെയ്തു.
ഇത് കണ്ട് ആ കാറിനെ പിന്നിലാക്കാൻ ഇവർ വീണ്ടും വേഗത വർധിപ്പിച്ചു. പിന്നീട് മത്സരയോട്ടമായി. ഇതിനിടെ ഒരു ജംഗ്ഷനിൽ വെച്ച് ട്രക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്നു. സാധാരണ വേഗതയിൽ തന്നെയാണ് ട്രക്ക് ഓടിയിരുന്നതെങ്കിലും ട്രക്ക് റോഡിലേക്ക് എത്തുന്നതിന് മുമ്പ് അപ്പുറം കടക്കാനായിരുന്നു കാറോടിച്ചിരുന്നയാളുടെ ശ്രമം.
ഇത് പരാജയപ്പെട്ട് കാർ ട്രക്കിന്റെ ഇടതുവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. മരണപ്പെട്ട എല്ലാവരും ഡെറാഡൂണിലെ വ്യാപാര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. രണ്ട് പേർ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളുമാണ്. ഗുനീത് (19), നവ്യ ഗോയൽ (23), കാമാക്ഷി (20), കുനാൽ കുക്രേജ (23), അതുൽ അഗർവാൾ (24), റിഷഭ് ജെയിൻ (24) എന്നിവരാണ് മരിച്ചത്.