ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; അവന്തിപോരയിൽ ഐഇഡിയും ആയുധങ്ങളും പിടികൂടി

By Web TeamFirst Published Sep 28, 2024, 8:47 AM IST
Highlights

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന പരിശോധന ഏറ്റുമുട്ടലിലേയ്ക്ക് വഴി മാറുകയായിരുന്നു. 

ശ്രീന​ഗ‍ർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്. അഡിഗാം ഗ്രാമത്തിൽ വീടുതോറുമുള്ള തെരച്ചിലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. മേഖലയിൽ സേനയുടെ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.

നേരത്തെ, സെപ്റ്റംബർ 15ന് പൂഞ്ച് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. സെപ്റ്റംബർ 14ന് ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കിഷ്ത്വാറിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെയ്പ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. സെപ്റ്റംബർ 11ന് ഉധംപൂർ ജില്ലയിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

Latest Videos

ഇതിനിടെ, ജമ്മു കാശ്മീരിലെ അവന്തിപോരയിൽ പൊലീസ് ഭീകരരുമായി ബന്ധമുള്ള ആറ് പേരെ അറസ്റ്റ് ചെയ്യുകയും ഇവരുടെ പക്കൽ നിന്ന് ഐഇഡികൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുക്കുകയും ചെയ്തു. അതേസമയം, ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജമ്മു കശ്മീരിൽ ഇടയ്ക്കിടെ അക്രമ സംഭവങ്ങൾ അരങ്ങേറുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങൾ സെപ്റ്റംബർ 18, 25 തീയതികളിലായി പൂർത്തിയായി. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ഒക്ടോബർ ഒന്നിന് നടക്കും. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.  

READ MORE: ഹിസ്ബുല്ല ആസ്ഥാനത്തിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് നസ്റല്ലയെ, കൊല്ലപ്പെട്ടെന്ന് സംശയം

click me!