ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പൂനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നാല് പേർ പിടിയിൽ. 16 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോളേജിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള സെഷനിലാണ് സംഭവം പുറത്തറിഞ്ഞത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടി 20 നും 22 നും ഇടയിൽ പ്രായമുള്ള രണ്ട് യുവാക്കളുമായും പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുമായും സോഷ്യൽ മീഡിയയിൽ സൗഹൃദം സ്ഥാപിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. എന്നാൽ ഇവർ നേരിട്ട് കാണുകയോ വ്യക്തിപരമായ പരിചയമോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. ആറ് മാസക്കാലം ഇവർ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഏപ്രിൽ മുതൽ സെപ്തംബർ വരെ പൂനെയിലെ വിവിധ സ്ഥലങ്ങളിൽ പ്രതികൾ പെൺകുട്ടിയെ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
കോളേജ് സെഷനിടെ വിഷാദത്തിന്റെ ലക്ഷണങ്ങൾ കാണിച്ച പെൺകുട്ടിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കാര്യം പെൺകുട്ടി തുറന്നുപറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവരെ പരിചയപ്പെട്ടതെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുളുടെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അതിനാൽ കേസിൽ ഐടി ആക്‌ട് ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്ക് എതിരെ കേസ് എടുത്തിരിക്കുന്നതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.