അമേരിക്ക മുതൽ ബ്രിട്ടൻ വരെ; യുഎൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് കട്ട സപ്പോർട്ടുമായി ലോക നേതാക്കൾ

By Web TeamFirst Published Sep 27, 2024, 10:57 PM IST
Highlights

യുഎൻ ജനറൽ അസംബ്ലിയിൽ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറാണ് ഏറ്റവുമൊടുവിലായി ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

ദില്ലി: യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യവുമായി ലോക നേതാക്കൾ. യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിൽ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ത്യയ്ക്ക് രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകണമെന്ന് ആവശ്യപ്പെട്ടു. രാഷ്ട്രീയം സ്വാധീനിക്കാത്തതും കൂടുതൽ പ്രാതിനിധ്യമുള്ളതുമായ ഒരു ബോഡിയായി രക്ഷാസമിതി മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ, യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ, യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമായി ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടിരുന്നു. രക്ഷാസമിതി വിപുലീകരിക്കുന്നതിനെ ഫ്രാൻസ് എല്ലാക്കാലത്തും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അടുത്തിടെ പിന്തുണച്ചിരുന്നു. സെപ്തംബർ 21 ന് ഡെലാവെയറിലെ വിൽമിംഗ്ടണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ജോ ബൈഡന്റെ പ്രസ്താവന. 

Latest Videos

നിലവിൽ അഞ്ച് സ്ഥിരാംഗങ്ങളും 10 സ്ഥിരമല്ലാത്ത അംഗങ്ങളുമാണ് യുഎൻ രക്ഷാസമിതിയിലുള്ളത്. സ്ഥിരമല്ലാത്ത അംഗങ്ങളെ രണ്ട് വർഷത്തേക്ക് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയാണ് തെരഞ്ഞെടുക്കുന്നത്. റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങൾ. ഈ രാജ്യങ്ങൾക്ക് ഏത് പ്രമേയവും വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്. നിലവിൽ സ്ഥിരാംഗത്വമുള്ള നാല് രാജ്യങ്ങളും ഇന്ത്യയ്‌ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

READ MORE: ഇസ്രായേലിനെതിരെ മിസൈൽ ആക്രമണവുമായി ഹൂതികൾ; ഹിസ്ബുല്ലയ്ക്ക് പിന്തുണയെന്ന് പ്രഖ്യാപനം

click me!