മുണ്ടിനീര് പടരുന്നു, ഇതുവരെ 13643 കേസുകൾ; ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

By Web Team  |  First Published Dec 12, 2024, 6:41 AM IST

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് വ്യാപനം ശക്തമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു


മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് മൂലം വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. അസുഖ ബാധിതര്‍, പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയില്‍ നല്‍കിയിട്ടുള്ളത്.

പത്ത് വയസിന് താഴെയുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ഉമിനീർ സ്പർശനം വഴി ശരീരത്തിൽ കടക്കുന്ന വൈറസ് 2 മുതൽ 18 ദിവസത്തിനുള്ളി രോഗലക്ഷണങ്ങൾ പുറപ്പെടുവിക്കുന്നതാണ് പതിവ്. പനി, ചുമ, തലവേദന, ജലദോഷം, ചെവി വേദന തുടങ്ങിയ അസ്വസ്ഥതകളും നേരിട്ടേക്കാം. വീക്കം വരുന്നതിന് അഞ്ച് ദിവസം മുൻപ് തന്നെ രോഗം പടരാനുള്ള സാധ്യതയുമുണ്ട്. മീസിൽസ് റൂബെല്ല (എംആർ) വാക്സീൻ ആണ് രോഗത്തിനെതിരായ പ്രധാന പ്രതിരോധം.


 

click me!