നിര്‍ണായക ചുവടുവയ്പ്പുമായി കേരളം; പ്രമേഹ രോഗ ചികിത്സ, റോഡ്മാപ്പ് തയ്യാറാക്കാന്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ്

By Web Team  |  First Published Dec 11, 2024, 9:54 PM IST

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിനെ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.


തിരുവനന്തപുരം: പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹ്രസ്വകാലവും ദീര്‍ഘകാലവും അടിസ്ഥാനമാക്കിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പ്രമേഹ രോഗ ചികിത്സയില്‍ റോഡ്മാപ്പ് തയ്യാറാക്കാന്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംസ്ഥാന തലത്തില്‍ പ്രീ കോണ്‍ക്ലേവ് സംഘടിപ്പിച്ച് അത്കൂടി ഉള്‍ക്കൊണ്ടാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുക. 

അന്തര്‍ദേശീയ തലത്തില്‍ പ്രമേഹ രോഗ ചികിത്സയില്‍ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ജനപങ്കാളിത്തത്തോടെയാണ് കോണ്‍ക്ലേവ് നടത്തുക. കോണ്‍ക്ലേവിന് ശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസൃതമായിട്ടായിരിക്കും ആരോഗ്യ വകുപ്പിലെ ചികിത്സ ശാക്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതെന്ന് വീണ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Latest Videos

30 വയസിന് മുകളില്‍ പ്രായമായവരിലെ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ആര്‍ദ്രം ആരോഗ്യം വാര്‍ഷികാരോഗ്യ പരിശോധന ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടം നടത്തി വരുന്നു. രണ്ടാം ഘട്ട സര്‍വേ പ്രകാരം 14 ശതമാനത്തോളം ആളുകള്‍ക്ക് നിലവില്‍ പ്രമേഹം ഉള്ളതായാണ് കണ്ടെത്തിയത്. കൂടാതെ പ്രമേഹ രോഗ സാധ്യതയുള്ളവരുടെ എണ്ണവും കൂടുതലാണ്. ഇതുള്‍പ്പെടെയുള്ള പഠനങ്ങള്‍ വിലയിരുത്തിയാണ് ആരോഗ്യ വകുപ്പ് നിര്‍ണായകമായ ഇടപെടലിന് ശ്രമിക്കുന്നത്.

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിനെ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണ പ്രശ്‌നങ്ങളിലേക്ക് പോകും. അതിനാല്‍ അവബോധം വളരെ പ്രധാനമാണ്. പ്രീ ഡയബറ്റിക് സ്റ്റേജിലുള്ളവരെ മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആഹാര നിയന്ത്രണത്തിനും വ്യായാമത്തിനും വളരെ പ്രാധാന്യമുണ്ട്. കുഞ്ഞിന്റെ ആദ്യത്തെ ആയിരം ദിനങ്ങളിലും അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കണമെന്ന് മന്ത്രി പറഞ്ഞു. 

undefined

പ്രമേഹ രോഗത്തിന് പുറമേ പ്രമേഹ രോഗികള്‍ക്കുണ്ടാകുന്ന വൃക്ക രോഗങ്ങള്‍, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറല്‍ ന്യൂറോപ്പതി തുടങ്ങിയ സങ്കീര്‍ണതകള്‍ കൂടി കണ്ടെത്തുന്നതിനും ചികിത്‌സിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും ഉറപ്പാക്കും. ബാല്യകാലം മുതല്‍ ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാനാകണം. ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനും രോഗ നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പ് ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍ ആരംഭിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. 

ആരോഗ്യമുള്ള സമൂഹത്തേയും ആരോഗ്യമുള്ള കുട്ടികളേയും ലക്ഷ്യമാക്കിയുള്ള സ്‌കൂള്‍ ആരോഗ്യ പദ്ധതിയും ഉടന്‍ തന്നെ നടപ്പിലാക്കും. ഇത് കൂടാതെയാണ് പ്രമേഹരോഗ പ്രതിരോധത്തിന് മാത്രമായി ആരോഗ്യ വകുപ്പ് തയ്യാറെടുക്കുന്നത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ഡയറക്ടര്‍, എന്‍എച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.

Read More : കേരളത്തിൽ മഞ്ഞപ്പിത്തം മൂലമുള്ള മരണങ്ങൾ കൂടുന്നു : പ്രധാന കാരണങ്ങളും പരിഹാരങ്ങളും ; ഡോ. ആന്റണി പോൾ ചേറ്റുപുഴ

click me!