കൃത്യ സമയത്ത് ചികിത്സ തേടാതിരിക്കുന്നതും മരണകാരണം ആകാറുണ്ട്. മഞ്ഞപ്പിത്തം നേരത്തെ കണ്ടെത്താനും പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ നൽകാനും വൈകുന്നതിന്റെ ഫലമായാണ് പലപ്പോഴും രോഗം ഗുരുതരമാവുന്നത്. അങ്ങനെ രോഗം തിരിച്ചറിയാൻ വൈകുന്നതാണ് മരണമടയുന്നവരുടെ എണ്ണം കൂടുന്നതിന് ഇടയാക്കുന്നത്.
കേരളത്തിൽ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. മഞ്ഞപ്പിത്തത്തെ ഒരിക്കലും നിസാരമായി കാണരുത്. ആളുകളുടെ ജീവൻ തന്നെ അപഹരിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം അതിവേഗം പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ മഞ്ഞപ്പിത്തത്തെ കുറിച്ച് കൂടുതലറിയേണ്ടത് പ്രധാനമാണ്. കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. 'മാരകമാകുന്ന മഞ്ഞപ്പിത്തം' എന്ന പരമ്പരയിൽ കേരളത്തിൽ മഞ്ഞപ്പിത്തം കൂടുന്നതിന്റെ കാരണങ്ങളും എങ്ങനെ പ്രതിരോധിക്കാമെന്നതിനെ കുറിച്ചും എറണാകുളം വിപിഎസ് ലേക് ഷോർ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ സയൻസസ് വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ.ആൻ്റണി പോൾ ചേറ്റുപുഴ എഴുതുന്ന ലേഖനം.
മഞ്ഞപ്പിത്തം, അതായത് ഹെപ്പറ്റൈറ്റിസ്, മൂലമുള്ള മരണസംഖ്യ കേരളത്തിൽ കൂടിവരികയാണ്. HAV, HEV, HBV, HCV തുടങ്ങിയ വൈറസുകൾ ബാധിക്കുന്നതുവഴി മഞ്ഞപ്പിത്തം ഉണ്ടാവുകയും, കരളിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ, ഈ അവസ്ഥയിലേക്ക് നയിക്കുന്ന കാരണങ്ങൾ നിരവധിയാണ്. അവയിൽ ചിലത് എളുപ്പത്തിൽ പരിഹരിക്കാമെങ്കിലും മറ്റു ചിലത് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്.
മരണസംഖ്യ വർദ്ധനവിന് കാരണങ്ങൾ പലതാണ്. അതിൽ പ്രധാനമാണ് രോഗത്തെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവ്. മഞ്ഞപ്പിത്തത്തെ കുറിച്ചു സാധാരണ ജനങ്ങളുടെ അവബോധം വളരെ കുറവായതുകൊണ്ടു തന്നെ ഈ രോഗത്തെ തടയാനുള്ള മുൻകരുതലുകൾ പലരും സ്വീകരിക്കുന്നില്ല.
അതുപോലെ കേരളത്തിലെ പല പ്രദേശങ്ങളിലും ശുദ്ധമല്ലാത്ത ജലം വഴിയാണ് വൈറസ് പടരുന്നത് . HAV, HEV പോലുള്ള വൈറസുകൾ മലിന ജലത്തിലൂടെ വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നവയാണ്. കൂടാതെ ഹെപ്പറ്റൈറ്റിസ് B, C എന്നീ വൈറസുകൾ ദീർഘകാലം ആയി ചികിത്സിക്കാതെ ഇരുന്നാൽ ഇതിന്റെ ഫലമായി ലിവർ സിറോസിസ്, ലിവർ കാൻസർ പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇത് മരണസംഖ്യ ഉയർത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു.
undefined
കൃത്യ സമയത്ത് ചികിത്സ തേടാതിരിക്കുന്നതും മരണകാരണം ആകാറുണ്ട്. മഞ്ഞപ്പിത്തം നേരത്തെ കണ്ടെത്താനും പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ നൽകാനും വൈകുന്നതിന്റെ ഫലമായാണ് പലപ്പോഴും രോഗം ഗുരുതരമാവുന്നത്. അങ്ങനെ രോഗം തിരിച്ചറിയാൻ വൈകുന്നതാണ് മരണമടയുന്നവരുടെ എണ്ണം കൂടുന്നതിന് ഇടയാക്കുന്നത്.
രോഗം കൃത്യമായി കണ്ടെത്തി ചികിത്സിച്ചാൽ ഉത്കണ്ഠപ്പെടേണ്ട കാര്യം ഇല്ല. പക്ഷെ ഗർഭിണികൾ, ദീർഘകാല രോഗികൾ തുടങ്ങിയവർ ജാഗ്രത പാലിക്കണം. HEV (ഹെപ്പറ്റൈറ്റിസ് E) ഗർഭിണികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഗർഭിണികളിൽ ഈ വൈറസ് അണുബാധ വളരെ അപകടകരമാണ്. കൃത്യമായ ചികിത്സയും ശ്രദ്ധയും നൽകിയില്ലെങ്കിൽ പലപ്പോഴും മരണത്തിന് കാരണമാകാം. HBV, HCV (ഹെപ്പറ്റൈറ്റിസ് B, C) എന്നീ വൈറസുകൾ ദീർഘകാലം ചികിത്സിക്കാതെ വച്ചാൽ, കരൾ സിരോസ്, കരൾ ക്യാൻസർ, തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് മരണത്തിലേക്ക് നയിക്കാം. അതുപോലെ ലഹരി പഥാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലാർത്തണം. മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നവയാണ്. ഇവരിൽ വൈറസ് ബാധയുണ്ടായാൽ കരളിന്റെ പ്രവർത്തനം പൂർണമായി നിലച്ചേക്കാം. ഇത് മരണ കാരണമാകാം.
പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഞ്ഞപ്പിത്തം, പ്രത്യേകിച്ച് HEV, HAV എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കേണ്ടതുണ്ട്. ശുചിത്വവും സുരക്ഷിതവുമായ ജലം ഉപയോഗിക്കുന്നത് ഉറപ്പാക്കാൻ പ്രേരിപ്പിക്കേണ്ടതാണ്. ഒപ്പം ജല മലിനീകരണം, അശുദ്ധ ഭക്ഷണം, അനാരോഗ്യകരമായ രക്തമാറ്റം എന്നിവ തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.
രോഗം പ്രതിരോധിക്കുന്നതിൽ ശുചിത്വം ഒരു പ്രധാന ഘടകമാണ്. പ്രധാനമായും കൈകൾ വൃത്തിയാക്കുക. പ്രത്യേകിച്ചും പ്രാഥമിക കർമ്മങ്ങൾക്ക് ശേഷവും ഡയപ്പർ മാറ്റലിന് ശേഷവും ഭക്ഷണത്തിനു മുൻപും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
ശൗചാലയം അണുനാശിനി ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. വീടും പരിസരവും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി അണുവിമുക്തമാക്കുക.
ഹെപ്പറ്റൈറ്റിസ് B, C എന്നീ വൈറസുകളെ തടയാനുള്ള വാക്സിനേഷനും, HEV-യെ നിയന്ത്രിക്കുന്നവയും എടുക്കേണ്ടതാണ്. അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്ന കുട്ടികൾ വാക്സിൻ എടുക്കുന്നത് പ്രധാനമാണ്. അതുപോലെ ദൂരയാത്ര ചെയ്യുന്നവരും വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കരളിന് അസുഖമുള്ളവർക്കും കീമോതെറാപ്പി എടുക്കുന്നവർക്കും ഹെപ്പറ്റൈറ്റിസ് എ അസുഖമുള്ളവരുമായി കൂടുതൽ ഇടപെടുന്നവർക്കും ഭക്ഷണ മേഖലയിൽ ജോലിചെയ്യുന്നവർക്കും ഈ വാക്സിൻ പ്രയോജനകരമായിരിക്കും.
ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ തടയാനായി പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, വ്യക്തിഗത ശുചിത്വം, വാക്സിനേഷൻ എന്നിവ അനിവാര്യമാണ്. മഞ്ഞപ്പിത്തം മൂലമുള്ള മരണസംഖ്യ കുറയ്ക്കാൻ ആരോഗ്യ വിദ്യാഭ്യാസ പരിപാടികളും ശുചിത്വത്തിന്റെ പ്രാധാന്യം ഉന്നയിക്കുന്ന നടപടികളും തുടർച്ചയായി നടപ്പാക്കണം. തീവ്രമായ ശ്രമങ്ങൾ വഴി മാത്രമേ കേരളം ഹെപ്പറ്റൈറ്റിസ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ആശ്വാസം നേടുകയുള്ളൂ.
മഞ്ഞപ്പിത്തം എത്ര വിധം? ചികിത്സാ മാർഗങ്ങൾ എന്തൊക്കെ? : ഡോ. ആന്റണി പോൾ ചേറ്റുപുഴ എഴുതുന്നു