സംസ്ഥാനത്തെ ശരാശരി പകൽ താപനില 27 - 28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32 - 33 ഡിഗ്രി സെൽഷ്യസിലേക്കാണ് ഉയർന്നത്
തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്ന് ഉച്ചയോടെ കേരളത്തിലെ താപനില വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസാണ് കൂടിയത്. സംസ്ഥാനത്തെ ശരാശരി പകൽ താപനില 27 - 28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32 - 33 ഡിഗ്രി സെൽഷ്യസിലേക്കാണ് ഉയർന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് സൂചന. കാലവർഷം പൂർണമായും പിൻവാങ്ങുന്നതാണ് സംസ്ഥാനത്തടക്കം ചൂട് കൂടാൻ കാരണം.
കാലവർഷം ഉത്തരേന്ത്യയിലെ കൂടുതൽ മേഖലയിൽ നിന്ന് പിൻവാങ്ങി
അതേസമയം കാലവർഷം ഉത്തരേന്ത്യയിലെ കൂടുതൽ മേഖലയിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ട്. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരഖണ്ഡ്, ദില്ലി, രാജസ്ഥാൻ, ഗുജറാത്ത്, എന്നീ സംസ്ഥാങ്ങളിൽ നിന്നും വടക്കൻ അറബികടലിൽ നിന്നും കാലവർഷം ഇതിനകം പൂർണമായും പിൻവാങ്ങിയിട്ടുണ്ട്. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയുടെ ചില മേഖലകളിൽ നിന്നും കാലവർഷം പിൻവാങ്ങി. വരും ദിവസങ്ങളിൽ മധ്യ ഇന്ത്യയിലെ കൂടുതൽ മേഖലയിൽ നിന്നും കാലവർഷം പിൻവാങ്ങാനാണ് സാധ്യത. ഇതോടെ രാജ്യത്തെ വിവിധ മേഖലകളിൽ ചൂട് കൂടിയേക്കും.
ചൂട് കൂടുമ്പോൾ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ
1 പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
2 നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കയ്യില്‍ കരുതുക.
3 പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.
4 അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
5 പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതം.
6 വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
7 വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം.
8 കുട്ടികൾക്ക് വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
9 അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
10 പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
11 ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പാക്കണം.
12 നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക.
13 ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
14 പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
15 കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്.
16 അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം