Al-Qurayshi: ഒരിക്കല്‍ യുഎസിന്‍റെ സുഹൃത്തും പിന്നീട് ശത്രുവുമായിരുന്ന അല്‍ ഖുറേഷി ആരാണ് ?

First Published | Feb 4, 2022, 2:18 PM IST

ലോകത്തെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ച ഇസ്ലാമിക്ക് സ്റ്റേറ്റിന്‍റെ (ISIS) 'പ്രൊഫസര്‍' (Professor) എന്നറിയപ്പെടുന്ന കൊടുംകുറ്റവാളി അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയെ (Abu Ibrahim al-Hashimi al-Qurayshi) വധിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അവകാശപ്പെട്ടു. സിറിയില്‍ നടന്ന സൈനീക ഓപ്പറേഷനിലാണ് അല്‍ ഖുറൈഷിയെ വധിച്ചതായി അമേരിക്ക അവകാശപ്പെട്ടത്. ഇറാഖ് പൌരനായ അല്‍ ഖുറേഷി പഴയ അമേരിക്കന്‍ സുഹൃത്തായിരുന്നു. ഇയാള്‍ അമേരിക്കയ്ക്ക് വേണ്ടി ആദ്യകാലത്ത് ചാരപ്പണി ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പിന്നീട് അമേരിക്കയുമായി തെറ്റുകയും ഐഎസ്ഐഎസിന്‍റെ തലപ്പത്തെത്തുകയുമായിരുന്നു. ഇതേ തുടര്‍ന്ന് അല്‍ ഖുറേഷിയെ പിടികൂടുന്നവര്‍ക്ക് അമേരിക്ക 10 മില്യണ്‍ ഡോളറാണ് പ്രതിഫലം പ്രഖ്യാപിച്ചത്. ആരാണ് അല്‍ ഖുറേഷി ? 

ക്രൂരനായ നിയമനിർമ്മാതാവ് എന്ന നിലയിലുള്ള പ്രശസ്തി കാരണം അബ്ദുല്ല കർദാഷ് എന്നറിയപ്പെടുന്ന അൽ-ഖുറൈഷിക്ക് പ്രൊഫസർ (The Professor) അഥവാ 'ദി ഡിസ്ട്രോയർ' (The Destroyer) എന്ന വിളിപ്പേരുമുണ്ടായിരുന്നു. ഐഎസ്ഐഎസ് അണികൾക്കിടയിൽ ക്രൂരവും എന്നാൽ ജനപ്രിയവുമായ വ്യക്തിയായിട്ടായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. 

2019-ലെ യുഎസ് അക്രമണത്തിനിടെ അൽ-ബഗ്ദാദി എന്ന മുന്‍ ഐഎസ്ഐഎസ് തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷി ഐഎസ്ഐഎസ് നേതാവായി ഉയര്‍ന്നത്. എന്നാല്‍ പുറം ലോകത്ത് അല്‍ ബാഗ്ദാദിയുടെ പ്രശസ്തി നേടാന്‍ അൽ-ഖുറൈഷിക്ക് കഴിഞ്ഞില്ലെങ്കിലും സംഘടനയ്ക്ക് അകത്ത് ഇയാള്‍ ശക്തനായിരുന്നു.


അല്‍ ബാഗ്ദാദിയുടെ വഴിയെ അമേരിക്കന്‍ അക്രമണത്തിനിടെ അല്‍ ഖുറേഷിയും സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അൽ-ഖുറൈഷി സദ്ദാം ഹുസൈന്‍റെ സൈന്യത്തിലെ മുൻ ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അക്കാലത്ത് അല്‍ ഖുറേഷി അമേരിക്കയുടെ സുഹൃത്തായിരുന്നെന്നും രഹസ്യ വിവരങ്ങള്‍ ഇയാള്‍ അമേരിക്കയ്ക്ക് കൈമാറിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കൻ സേനയ്ക്ക് വെളിപ്പെടുത്തിയ ഒരു സഹകരണ വിവരദാതാവ് എന്ന നിലയിലാണ് അൽ-ഖുറൈഷി യുഎസ് ഉദ്യോഗസ്ഥർക്ക് ഇടയില്‍ ഒരിക്കൽ അറിയപ്പെട്ടിരുന്നത്. എന്നാല്‍, 2007-ലോ 2008-ലോ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടുകയും ഇറാഖിലെ ഒരു അമേരിക്കൻ തടങ്കൽപ്പാളയത്തിൽ തടവിലാക്കപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഈ സമയത്താണ് അല്‍ ഖുറേഷി ജിയിലില്‍ വച്ച് അല്‍ ബാഗ്ദാദിയുമായി സഖ്യമുണ്ടാക്കിയത്. ഇതോടെ ഇയാള്‍ അമേരിക്കയുടെ പ്രഖ്യാപിത ശത്രുവായി. ഐഎസ്ഐഎസിന്‍റെ പ്രസ് ഏജൻസിയായ അമാഖിന്‍റെ പ്രസ്താവന പ്രകാരം, 2019 ആഗസ്റ്റിൽ ഗ്രൂപ്പിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ ബാഗ്ദാദി അൽ-ഖുറൈഷിയെ നിയമിച്ചു. 

സിറിയയിൽ യുഎസ് സേന നടത്തിയ റെയ്ഡിനിടെ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതോടെയാണ് അല്‍ ഖുറേഷി സംഘടനയുടെ മേധാവിയായി നിയമിക്കപ്പെടുന്നത്. ഇത് അല്‍ ബാഗ്ദാദിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

2020-ൽ, പുതിയ ഐസിസ് നേതാവിന്‍റെ തലയ്‌ക്കുള്ള പാരിതോഷികമായി അമേരിക്ക 10 മില്യൺ ഡോളര്‍ പ്രഖ്യാപിച്ചു. അപ്പോഴൊന്നും അൽ-ഖുറൈഷി പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ല. മാത്രമല്ല തന്‍റെ മുന്‍ മേധാവികളില്‍ നിന്നും വ്യത്യസ്തമായി ഓഡിയോ റെക്കോർഡുകളും വീഡിയോ ക്ലിപ്പുകളും വളരെ അപൂർവ്വമായി മാത്രമാണ് ഇയാള്‍ പുറത്ത് വിട്ടത്. 

പുറം ലോകത്ത് അപ്രശസ്തനായിരുന്ന അല്‍ ഖുറേഷിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും സ്വാധീനത്തെ കുറിച്ചും വലിയ തെളിവുകളൊന്നും ലഭ്യമല്ലായിരുന്നു. അത്രയ്ക്കും രഹസ്യമായിട്ടായിരുന്നു അല്‍ ഖുറേഷിയുടെ പ്രവര്‍ത്തനങ്ങള്‍. ഹാജി അബ്ദുല്ല അൽ-അഫാരി എന്നും ഇയാള്‍ സംഘടനയ്ക്കകത്ത് അറിയപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

1976 ൽ - സദ്ദാം ഹുസൈൻ (Saddam Hussein) ഇറാഖിന്‍റെ അധികാരമേറ്റെടുക്കുന്നതിന് മുമ്പ് ഇറാഖിലെ (Iraq) സുന്നി ഭൂരിപക്ഷ പട്ടണമായ താൽ അഫറിലാണ് ( Tal Afar) അല്‍ ഖുറേഷി ജനിച്ചത്.  
2003-ൽ യുഎസിന്‍റെ ഇറാഖ് അധിനിവേശ കാലത്ത് അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുഎസ് അല്‍ ഖുറേഷിയെ ജയിലിൽ അടച്ചത്. ഈ ജയില്‍വാസക്കാലത്താണ് അല്‍ ഖുറേഷി , അല്‍ ബാഗ്ദാദിയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. 

ഈ ബന്ധത്തിലൂടെയാണ് ഇയാള്‍ പുതിയ തീവ്രവാദ മത കോഡ് വളർത്തിയെടുത്തത്. അത് ഐഎസ്ഐഎസിന്‍റെ മരണ ആരാധനയ്ക്ക് പ്രത്യയശാസ്ത്രപരമായ അടിത്തറ നല്‍കി. സിംഗപ്പൂരിലെ എസ്. രാജാർത്നം സ്കൂൾ ഓഫ് ഇന്‍റർനാഷണൽ സ്റ്റഡീസിലെ (S. Rajartnam School of International Studies) ഗവേഷകർ പറയുന്നതനുസരിച്ച്, അൽ-ഖ്വയ്ദ എന്ന ഭീകരസംഘടനയുടെ കമ്മീഷണറും ജനറൽ ശരിയത്ത് ജഡ്ജിയും അല്‍ ഖുറേഷിയായിരുന്നു. 

മൊസൂളിലെ അൽ-ഇമാം അൽ-അദം കോളേജ് കാമ്പസിൽ ജഡ്ജിമാരെയും പുരോഹിതന്മാരെയും മതനിയമങ്ങള്‍ പരിശീലിപ്പിക്കുന്നതിനായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ അൽ-ഖുറൈഷിയെയാണ് അൽ-ഖ്വയ്ദ ചുമതലപ്പെടുത്തിയത്. അവിടെ നിന്നാകാം അല്‍ ഖുറേഷിക്ക് 'ദി പ്രൊഫസർ' എന്ന വിളിപ്പേര് വന്നതെന്ന് കരുതുന്നു. 

പിന്നീട് അൽ-ഖ്വയ്ദയുടെ സിറിയൻ ശാഖയിൽ നിന്ന് പുതിയൊരു തീവ്രവാദ ഗ്രൂപ്പായി ഐഎസ്ഐഎസ് ഉയർന്നുവന്നപ്പോൾ, ഖുറേഷി  അവിടെ ബാഗ്ദാദിയുടെ പ്രയോക്താവായി മാറി. ബാഗ്ദാദിയുടെ അടുത്തയാളെന്ന നിലയില്‍ തന്‍റെ നേതൃത്വ ശൈലിയോട് വിയോജിക്കുന്ന സംഘടനയിലെ ആരെയും ഉന്മൂലനം ചെയ്യാന്‍ ഖുറേഷി തയ്യാറായി. ഇതോടെ 'ദി ഡിസ്ട്രോയർ' എന്നും ഇയാള്‍ അറിയപ്പെട്ടു. 

തുടര്‍ന്ന് ഐഎസ്ഐഎസിന്‍റെ മുഖ്യ നയരൂപീകരണക്കാരനായും നിയമനിർമ്മാണക്കാരനായും ഇയാള്‍ നിയമിതനായി. ശരീയത്ത് കർശനമാക്കുക, ശരിയ നിയമ ശിക്ഷകൾ നടപ്പിലാക്കുക എന്നീ കാര്യങ്ങളില്‍ അയാള്‍ എന്നും ശക്തമായ നിലപാടെടുത്തു. 2014-ൽ  ഐഎസ്ഐഎസ് മൊസൂള്‍ കീഴടക്കിയപ്പോള്‍ അല്‍ ബാഗ്ദാദിയെ ഖുറേഷി മൊസൂളിലേക്ക് സ്വാഗതം ചെയ്തു. 

മൊസൂളിലെ അൽ-നൂറിയിലെ ഗ്രേറ്റ് മസ്ജിദിന്‍റെ മിനാരത്തിൽ നിന്നാണ് ബാഗ്ദാദി ഐഎസിന്‍റെ ഖിലാഫത്ത്  രൂപീകരണം പ്രഖ്യാപിച്ച് പ്രസംഗിച്ചത്. മൊസൂൾ പിടിച്ചടക്കുമ്പോൾ ഐസിസ് ആയിരക്കണക്കിന് യസീദി നിവാസികളെ കൊലപ്പെടുത്തുകയും യസീദി സ്ത്രീകളെ അടിമകളാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അതിക്രൂരമായ ശരിയത്ത് നിയമം നടപ്പിലാക്കുന്നതിലും യസീദി സ്ത്രീകളെ അടിമകളാക്കുന്നതിലും ഐഎസിസ് നേതൃത്വത്തിനിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ അൽ-ഖുറൈഷിയുടെ നിര്‍ബന്ധമാണ് ഇത്തരം കാര്യങ്ങള്‍ നടത്തുന്നതിലേക്ക് സംഘടനയെ എത്തിച്ചതെന്ന് ന്യൂസ് ലൈൻസ് മാഗസിൻ പറയുന്നു.

അടുത്തിട സിറിയന്‍ ജയിൽ കീഴടക്കിയതിലും 2014 ൽ ഇറാഖിൽ യസീദികൾ കൂട്ടക്കൊല ചെയ്യപ്പെട്ടതിനും അൽ-ഖുറൈഷി നേരിട്ട് ഉത്തരവാദിയാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, അല്‍ ഖുറേഷിയുടെ മരണം പ്രഖ്യാപിക്കവേ പറഞ്ഞു. 'വടക്കുകിഴക്കൻ സിറിയയിലെ ജയിലിൽ അടുത്തിടെ നടന്ന ക്രൂരമായ ആക്രമണത്തിന് അയാള്‍ ഉത്തരവാദിയായിരുന്നു. യസീദി ജനതയുടെ വംശഹത്യക്ക് പിന്നിലെ ചാലകശക്തിയും.' ബെഡൻ വ്യാഴാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ പറഞ്ഞു. 

'നമ്മൾ എല്ലാവരും ഓർക്കുന്നു, ഗ്രാമങ്ങളെ മുഴുവൻ തുടച്ചുനീക്കിയ കൂട്ടക്കൊലകൾ, ആയിരക്കണക്കിന് സ്ത്രീകളെയും പെൺകുട്ടികളെയും അടിമത്തത്തിലേക്ക് വിറ്റത്, ബലാത്സംഗം യുദ്ധായുധമായി ഉപയോഗിച്ചത്.' ബെഡൻ കൂട്ടിച്ചേര്‍ത്തു. 

2019 ആഗസ്റ്റ് 7 നാണ് അൽ-ഖുറൈഷി ഐസിസ് തീവ്രവാദ ഗ്രൂപ്പിന്‍റെ ദൈനംദിന നടത്തിപ്പ് ഏറ്റെടുത്തതായി അമാഖ് പ്രഖ്യാപിച്ചത്. അതേസമയം ബാഗ്ദാദി ഗ്രൂപ്പിന്‍റെ ലക്ഷ്യങ്ങളിലൊന്നായ മതപരമായ ആവേശം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 

ഐഎസ്ഐഎസിന്‍റെ 'ഖലീഫ' പ്രവാചകൻ മുഹമ്മദ് നബിയുടെ പിൻഗാമി ആയിരിക്കണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ അല്‍ ഖുറേഷി തുർക്ക്മെൻ ആണോ അറബ് വംശജനാണോ എന്നതിനെ കുറിച്ച് ജയിലിലുണ്ടായിരുന്ന തീവ്രവാദികള്‍ക്കിടയില്‍ സംശയങ്ങളുണ്ടായിരുന്നു. 

2020 വരെ, യുഎസിലെയും ഇറാഖിയിലെയും സൈനീക ഉദ്യോഗസ്ഥർ ഐഎസിന്‍റെ തലവനായ അല്‍ ഖുറേഷി  ഒരു തുർക്ക്മാൻ ആണെന്ന് വിശ്വസിച്ചിരുന്നത്. അത് ഖുറേഷിയുടെ നേതൃത്വത്തെ പലപ്പോഴും ദുർബലപ്പെടുത്താൻ കാരണമായതായും പറയുന്നു. 

ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളാണ് ഖുറേഷിയുടെ അറബ് ബന്ധം വ്യക്തമാക്കിയത്. എങ്കിലും അൽ-ഖുറൈഷി തന്‍റെ അവസാന നാളുകൾ ചെലവഴിച്ചത് ഐഎസിനോട് ശത്രുത പുലർത്തുന്ന വിമത ഗ്രൂപ്പുകളുടെ പ്രദേശമായ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലായിരുന്നു. 

സിറിയയിലെ ഇദ്‌ലിബ് മേഖലയിലെ അത്മേഹിലെ ഒരു ഇരുനില കെട്ടിടത്തിലായിരുന്നു അല്‍ ഖുറേഷി വാടകയ്ക്ക് താമസിച്ചിരുന്നത്. അമേരിക്കയുടെ അക്രമണത്തിനിടെ കൊല്ലപ്പെടുന്നതിന് മുമ്പ് കഴിഞ്ഞ പതിനൊന്ന് മാസമായി കുടുംബത്തോടൊപ്പം വളരെ സാധാരണമായ ജീവിതമാണ് അല്‍ ഖുറേഷി നയിച്ചിരുന്നതെന്ന് വീട്ടുടമസ്ഥന്‍ പറയുന്നു. 

അമേരിക്കന്‍ സൈന്യം വീട് വളഞ്ഞ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ സ്വയം ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് അമേരിക്ക അവകാശപ്പെട്ടത്. ആക്രമണ ജെറ്റുകൾ, റീപ്പർ ഡ്രോണുകൾ, ഹെലികോപ്റ്റർ ഗൺഷിപ്പുകൾ എന്നിവയുടെ പിന്തുണയോടെ 24 സ്പെഷ്യൽ ഓപ്പറേഷൻ കമാൻഡോകൾ ഉൾപ്പെട്ട ദൗത്യമായിരുന്നു യുഎസ് നടത്തിയത്. 

അക്രമണത്തിനിടെ ആറ് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ പതിമൂന്ന് പേർ കൊല്ലപ്പെട്ടതായി യുഎസ് അറിയിച്ചു. ഇരുനിലവീടിന്‍റെ മുകൾനില തകർന്ന് അകത്ത് രക്തം തളം കെട്ടിയ നിലയിലായിരുന്നു. അസോസിയേറ്റഡ് പ്രസിന്‍റെ ലേഖകന്‍, പൈന്‍ മരങ്ങള്‍ നിറഞ്ഞ ഒറ്റപ്പെട്ട് നിന്നിരുന്ന വീടിന് ഏറെ അകലെയല്ലാതെ നിരവധി വീടുകളുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തു. 

ശരീരഭാഗങ്ങള്‍ വീടിന് ചുറ്റും ചിതറിക്കിടന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് സ്ത്രീകളിൽ മൂന്ന് പേരും അല്‍ ഖുറേഷിയുടെ ഭാര്യമാരാകാമെന്ന് അൽ അറേബ്യ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികള്‍ ഖുറേഷിയുടെത് തന്നെയാകാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 

Latest Videos

click me!