പ്രസിഡന്റ് പേടിച്ചോടിയ നട്ടുച്ച; കാബൂളിലെ കൊട്ടാരത്തില്‍ അന്ന് നടന്നതെന്ത്?

First Published | Sep 9, 2021, 7:09 PM IST

ഓഗസ്റ്റ് 15, നമ്മളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യദിനമാണ്. എന്നാല്‍ അഫ്ഗാന്‍ ജനതയ്ക്ക് ആ ദിനം അതല്ല. അവരുടെ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതായ ദിവസമാണ് അത്.  20 വര്‍ഷം മുമ്പ് ഇല്ലാതായെന്ന് കരുതിയ താലിബാന്‍ ഭീകരത കൂടുതല്‍ അക്രമാസക്തമായി അവരുടെ ജീവിതങ്ങളിലേക്ക് മടങ്ങിവന്ന ദിവസം. താലിബാന്‍ വരഞ്ഞുവെച്ച സ്വാതന്ത്ര്യത്തിന്റെ അതിരുകളിലേക്ക് ആ രാജ്യം ചുരുങ്ങിപ്പോയത് എങ്ങനെയാണ്? രണ്ട് പതിറ്റാണ്ട് അമേരിക്കന്‍ സൈന്യം പരിശീലിപ്പിച്ച കരുത്തുറ്റ സൈന്യം ശത്രുവിനെ കാണുമ്പോള്‍ ആയുധം ഉപേക്ഷിച്ച് പേടിച്ചോടിയത് എങ്ങനെയാണ്? ഓഗസ്ത് 15ന്, കാബൂളിന്റെ അതിര്‍ത്തി കവാടം കടന്ന് താലിബാന്‍ ഭീകരര്‍ എത്തുമ്പോള്‍, പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ എന്തൊക്കെയാണ് നടന്നത്? ഒരു രാജ്യത്തിന്റെ ഭാവി കൈയില്‍നിന്നിറക്കി വെച്ച് പ്രസിഡന്റും പരിവാരങ്ങളും മൂന്ന് ഹെലിക്കോപ്റ്ററുകളിലായി കിട്ടിയതുമെടുത്ത് ഓടിപ്പോയതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? 

വെറും പത്തു ദിവസം കൊണ്ടാണ് താലിബാന്‍ അഫ്ഗാന്‍ പ്രവിശ്യകള്‍ ഓരോന്നായി കീഴടക്കിക്കൊണ്ട് കാബൂളിലേക്ക് ചെന്നെത്തിയത്.  താലിബാനെ പ്രതിരോധിക്കാതെ അഫ്ഗാന്‍ സൈന്യം രാജ്യം അടിയറവെക്കുകയായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഒതുങ്ങിപ്പോയിരുന്ന താലിബാന്‍ അക്രമാസക്തരായി ഇരമ്പിയെത്തുമ്പോള്‍ നഗരങ്ങളും പ്രവിശ്യകളും ഒരെതിര്‍പ്പു പോലുമില്ലാതെ കീഴടങ്ങുകയായിരുന്നു. 


എന്നാല്‍ കാബൂള്‍ പിടിച്ചുനില്‍ക്കുമെന്നാണ് എല്ലാവരും കരുതിയത്. അതാണ് താലിബാന്‍ പിടിച്ചെടുത്ത പവിശ്യകളില്‍നിന്നെല്ലാം ആയിരക്കണക്കിന് മനുഷ്യര്‍ സര്‍വ്വതും ഉപേക്ഷിച്ച് കുട്ടികളെയും വൃദ്ധരെയും കൂട്ടി കാബൂളിലേക്ക് ഒഴുകിയെത്തിയത്. തന്‍േറടത്തോടെ സ്വന്തം ജനതയെ ചേര്‍ത്തുപിടിക്കേണ്ട പ്രസിഡന്റ് അഷ്‌റഫ് ഗനിയും കൂട്ടരും സ്വന്തം കാര്യം നോക്കി പോയതോടെ ഒറ്റുകൊടുക്കപ്പെട്ടത് അവരായിരുന്നു. 


എല്ലാമുണ്ടായിരുന്നു കാബൂളില്‍. ശക്തമായ സൈന്യം. കരയിലും ആകാശത്തിലും നിന്ന് ശത്രുവിനെ യുദ്ധം ചെയ്‌തോടിക്കാനുള്ള ആയുധങ്ങളും സൈനിക വാഹനങ്ങളും. സഹായത്തിന് ലോകത്തെ ഏറ്റവും കരുത്തുറ്റ യു എസ് സൈന്യവും. ലോകം മുഴുവന്‍ പിന്തുണയുമായി നില്‍പ്പുണ്ടായിരുന്നു. എന്നിട്ടും അഷ്‌റഫ് ഗനിയും കൂട്ടരും താലിബാനെ കണ്ട് പേടിച്ചോടുകയായിരുന്നു. 

കാബൂള്‍ വീഴുന്നതിനു തലേന്ന് ഓഗസ്റ്റ് 14-ന് എന്നാല്‍ ഇതായിരുന്നില്ല അവസ്ഥ. ആശങ്ക ഉണ്ടായിരുന്നുവെങ്കിലും പരിഭ്രാന്തരായിരുന്നില്ല അഫഗാന്‍ ഭരണകൂടമെന്ന് അധികാര കേന്ദ്രങ്ങളിലുണ്ടായിരുന്ന നിരവധി പേരുമായി സംസാരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

താലിബാനെ അടുപ്പിക്കാതെ, കാബൂളിനെ സംരക്ഷിക്കാനുള്ള സമഗ്രമായ സൈിക പദ്ധതി ആവിഷ്‌കരിച്ചിരുന്നു.  സൈനിക മേധാവിയായ ജനറല്‍ ഹൈബത്തുല്ലാ അലിസായിയോടും അഫ്ഗാനിലെ യു എസ് സൈനിക മേധാവി അഡ്മിറല്‍ പീറ്റര്‍ വാസ്‌ലിയുമായും വിശദമായി പ്ലാന്‍ ചര്‍ച്ച ചെയ്തിരുന്നു. താലിബാനെ തറപറ്റിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. 

എന്നാല്‍, ഗനി ഭരണകൂടത്തിന് താല്‍പര്യം ഏറ്റുമുട്ടലായിരുന്നില്ല. താലിബാനുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി കാബൂള്‍ ആക്രമണം തടയുകയായിരുന്നു. 

രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ ഹെല്‍മന്ദിലെ സൈനിക കമാണ്ടര്‍ സാമി സാദത്തിന്റെ നേതൃത്വത്തില്‍ കാബൂള്‍ സംരക്ഷിക്കാനുള്ള പുതിയ സൈനിക സംഘത്തെ തയ്യാറാക്കിയിരുന്നു. താലിബാനുമായി അനൗദ്യോഗിക സമാധാന ചര്‍ച്ചകള്‍ നടത്തുക. വിജയം കണ്ടില്ലെങ്കില്‍, സൈനികമായി നേരിടുക. അതും നടന്നില്ലെങ്കില്‍, എല്ലാവെരയും അടിയന്തിരമായി ഒഴിപ്പിക്കാനുള്ള  സമയം താലിബാനില്‍നിന്നും നേടിയെടുക്കുക ഇതായിരുന്നു ഗനി ഭരണകൂടത്തിന്റെ പദ്ധതി. 

എന്നാല്‍, ലഫ്. ജനറല്‍ സാമി സാദത്ത് തന്റെ അംഗങ്ങളെ കാണുന്നതിനു മുമ്പു തന്നെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ മസാറെ ഷെരീഫ് താലിബാന്‍ പിടിച്ചടക്കിയിരുന്നു. അവിടെനിന്നുമവര്‍ കിഴക്കന്‍ നഗരമായ ജലാലാബാദിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഒരു െചറുത്തുനില്‍പ്പു പോലുമില്ലാതെയാണ് ഈ നഗരങ്ങള്‍ താലിബാനു കീഴടങ്ങിയത്. 

ബാക്കിയുണ്ടായിരുന്നത് കാബൂള്‍ മാ്രതമായിരുന്നു. അവര്‍ ഏതു സമയവും കാബൂളിലേക്ക് വരുമെന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.2014 സെപ്തംബര്‍ മുതല്‍ അഫ്ഗാന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച മുന്‍ ലോക ബാങ്ക്  ഉദ്യോഗസ്ഥനും സാമ്പത്തിക വിദഗ്ധനുമായ അഷ്‌റഫ് ഗനി എന്നാല്‍, താലിബാന്റെ ഭീഷണിയുടെ ഗൗരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരുന്നില്ലെന്ന് മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പറയുന്നുണ്ടായിരുന്നു. 


എന്നാല്‍, അദ്ദേഹത്തിന്റെ ഉള്ളില്‍ വലിയ ഒരു ഭീതിയുണ്ടായിരുന്നു. മുന്‍ പ്രസിഡന്റ് നജീബുല്ലയുടെ വിധി. സോവിയറ്റ് പിന്തുണയോടെ അഫ്ഗാനിസ്താന്‍ ഭരിച്ച നജീബുല്ലയെ, സോവിയറ്റ് പിന്‍മടക്കത്തിനു പിന്നാലെ അധികാരം പിടിച്ചെടുത്ത താലിബാന്‍ പീഡിപ്പിച്ചശേഷം പരസ്യമായി തൂക്കിക്കൊല്ലുകയായിരുന്നു. 

1996-ല്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തശേഷം നജീബുല്ല അഭയം തേടിയിരുന്ന യു എന്‍ ആസ്ഥാനത്തിനു പുറത്തേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. കൊന്നശേഷം അദ്ദേഹത്തിന്റെ മൃതദേഹം പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറത്തുള്ള ഒരു ട്രാഫിക് പോസ്റ്റില്‍ തൂക്കിയിട്ടു. 

സമാനമായ സാഹചര്യത്തില്‍ താലിബാന്‍, തന്നെയും അതുപോലെ കൊന്ന് കെട്ടിത്തൂക്കുമെന്നായിരുന്നു പ്രസിഡന്റ് ഗനിയുടെ ഭയം. ഇതാണ്, സത്യത്തില്‍ കാബൂള്‍ പിടിച്ചടക്കാന്‍ താലിബാനെ ഏറ്റവും സഹായിച്ചത്. രാജ്യം വിട്ടോടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ ഭയമാണ്. 


ഓഗസ്റ്റ് 15-ന് വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങി. താലിബാന്‍ കാബൂളിന്റെ കവാടത്തിലെത്തിയിരിക്കുന്നു. അതോടെ ജനങ്ങളാകെ പരിഭ്രാന്തിയിലായി. ബാങ്കുകള്‍ക്കു മുന്നില്‍ സ്വന്തം പണം പിന്‍വലിക്കാന്‍ എല്ലാ തരത്തിലും പെട്ട ജനങ്ങള്‍ ക്യൂ നിന്നു. വിമാനത്താവളത്തില്‍, വിദേശത്തു കടക്കാനുള്ള വിമാന ടിക്കറ്റുകള്‍ സംഘടിപ്പിക്കാന്‍ വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടി. എന്നാല്‍, കാബൂള്‍ നിലം പതിക്കാന്‍ പോവുകയാണെന്ന സത്യം അംഗീകരിക്കാന്‍ പ്രസിഡന്റും സംഘവും തയ്യാറായില്ല.  

അതിനു കാരണം, പിന്‍വാതിലിലൂടെ താലിബാനുമായി ഗനി നടത്തിയ സമാധാന ചര്‍ച്ചകളായിരുന്നു.  പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശകരിലൊരാളായ സലാം റഹീമി താലിബാന്‍ നേതൃത്വവുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തലേ ദിവസം താലിബാനുമായി അദ്ദേഹം ഒരു അനൗദ്യോഗിക കരാറിലെത്തിയിരുന്നു. അധികാരത്തില്‍ താലിബാന് പങ്കാളിത്തം നല്‍കും. പകരമായി, കാബൂള്‍ പിടിച്ചടക്കില്ലെന്ന് താലിബാന്‍ വാക്കുനല്‍കും. ഇതായിരുന്നു കരാര്‍. താലിബാന്‍ ഇത് അംഗീകരിച്ചതിനാല്‍ ഗനിയും കൂട്ടരും ആത്മവിശ്വാസത്തിലായിരുന്നു. 

ഖത്തറില്‍ ഇതിനകം നടക്കുന്ന ചര്‍ച്ചകളും ആ വഴിക്കാണ് പോയിക്കൊണ്ടിരുന്നത്. സര്‍ക്കാറില്‍ താലിബാന് പങ്കാളിത്തം നല്‍കി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു ഗനിയുടെ നീക്കം. താലിബാന്‍ പിടിക്കില്ലെന്ന താലിബാന്റെ ഉറപ്പ് കിട്ടിയതോടെ, ഭരണമാറ്റം വന്നാല്‍ പോലും വിദേശസൈനികരെയും ഉന്നതെരയും അമേരിക്കയ്ക്കു താല്‍പ്പര്യമുണ്ടായിരുന്ന അഫ്ഗാനികളെയും പുറത്തേക്ക് കടത്താനുള്ള സമയം കിട്ടുമെന്ന് ഗനിയും സംഘവും വിശ്വസിച്ചു. 


ഇൗ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആളുകളെ സമാധാനിപ്പിക്കുന്നതിനു വേണ്ടി അന്ന് ഗനി തന്റെ ഔദ്യോഗിക പേജിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഒരു ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. ആഭ്യന്തര മന്ത്രിയുമായും സുരക്ഷാ മേധാവികളോടും ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്ന ഗനിയുടെ ദൃശ്യങ്ങള്‍ ജനങ്ങള്‍ ഫേസ്ബുക്കിലൂടെ കണ്ടു. 

പ്രസിഡന്റിന്റെ കൊട്ടാരത്തിലെ വലിയൊരു ഡെസ്‌ക്കിനു സമീപമിരുന്ന് ശാന്തമായി മന്ത്രിസഭയിലെ അംഗങ്ങളോട് ഫോണില്‍ സംസാരിക്കുന്ന ഗനിയുടെ ദൃശ്യങ്ങള്‍ ലോകമെങ്ങും കണ്ടു. താലിബാനുമായി കരാര്‍ ഉറപ്പായെന്നും കാബൂള്‍ വീഴില്ലെന്നുമുള്ള അമിതമായ ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം. 


എന്നാല്‍, ജനങ്ങളെ പോയിട്ട് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളെ പോലും ഇക്കാര്യം വിശ്വസിപ്പിക്കാന്‍ ഗനിക്കായില്ല. അവരെല്ലാം പ്രസിഡന്റുമായി ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യസമുള്ളവരായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏറ്റവും പ്രമുഖനായ വൈസ് പ്രസിഡന്‍് അംറുല്ലാ സാലിഹ് പഞ്ച്ഷീറിലെ തന്റെ സുരക്ഷിത താവളത്തിലേക്ക് ഇതിനകം സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. 

പ്രസിഡന്റിന്റെ വാക്കുകളില്‍ കഴമ്പില്ലെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ അദ്ദേഹത്തിന് കിട്ടിയിരുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നത്. പഞ്ച്ഷീറില്‍ രൂപം കൊണ്ടിരുന്ന ദേശീയ പ്രതിരോധ മുന്നണിയുടെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന അദ്ദേഹം കാബൂള്‍ വീണതിനു പിന്നാലെ, സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചതും ലോകം കണ്ടു. 

പ്രതിരോധ മന്ത്രിയായ ബിസ്മില്ലാ ഖാനായിരുന്നു കാബൂള്‍ പ്രതിരോധത്തിന്റെ ചുമതല. ഓഗസ്റ്റ് 15-ന് അദ്ദേഹത്തെ പെട്ടെന്ന് കാണാതായി. ഫോണ്‍ വഴിയും അദ്ദേഹത്തെ കിട്ടുന്നില്ലായിരുന്നു. അതോടെ, കാബൂള്‍ പ്രതിരോധ പദ്ധതി തന്നെ ചീറ്റിപ്പോയി. 

ഇതിനിടെ രസകരമായ മറ്റൊരു സംഭവമുണ്ടായി. പാര്‍ലമെന്റ് സ്പീക്കര്‍ മിര്‍ റഹ്മാന്‍ റഹ്മാനിയും മുന്‍ വൈസ് പ്രസിഡന്റ് കരീം ഖലീലിയും ഉള്‍പ്പടെ ഒരു സംഘം വി വി ഐ പികള്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് തിരിച്ചു. ഇസ്‌ലാമാബാദിലേക്കുള്ള വിമാനം പിടിക്കാനായിരുന്നു അവരുടെ യാത്ര. കാബൂളിന്റെ പതന സാദ്ധ്യത മുന്നില്‍ക്കണ്ട് പാക്കിസ്താനിലേക്ക് രക്ഷപ്പെടുകയായിരുന്നു ഇവര്‍. 

എന്നാല്‍, സംഘത്തിലുണ്ടായിരുന്ന കാര്‍ഷിക മന്ത്രാലയത്തിലെ പ്രമുഖനായ ഷാക്കിബ് ഷെരീഫ് ഈ ആരോപണം നിഷേധിക്കുന്നു. രക്ഷപ്പെടലായിരുന്നില്ല അതെന്നും തങ്ങള്‍ ഇസ്‌ലാമബാദിലേക്ക് പ്രത്യേക ദൗത്യത്തിന് പോവുകയായിരുന്നു എന്നുമാണ് ഷാക്കിബ് മാധ്യമങ്ങളോട് പിന്നീട് പറഞ്ഞത്. അഫ്ഗാനിസ്താനില്‍ ചോരപ്പുഴ ഒഴുകുന്നത് തടയുന്നതിന് പാക്കിസ്താന്റെ സഹായം തേടിയാണ് തങ്ങള്‍ പുറപ്പെട്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. 

എന്നാല്‍, ഇവര്‍ ആ സന്ദര്‍ഭത്തില്‍ പാക്കിസ്താനിലേക്ക് പോവുന്നതിന് പ്രസിഡന്റ് ഗനിക്ക് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല എന്നാണ് ഷാക്കിബ് പിന്നീട് സമ്മതിച്ചത്. പാക്കിസ്താന്റെ സഹായം തേടുന്നതോടെ താലിബാന് പങ്കാളിത്തമുള്ള സമവായ ഭരണകൂടം നിലവില്‍ വരുമെന്നും താന്‍ അധികാരത്തില്‍നിന്നും പുറത്താവും എന്നുമായിരുന്നു ഗനിയുടെ ഭയം.  പാര്‍ലമെന്റ് സ്പീക്കര്‍ പാക്കിസ്താനിലേക്ക് പോവുന്നത് അപകടകരമായ സൂചനയാണ് എന്നും ഗനി പരസ്യമായി പറഞ്ഞു. 


കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടതെന്ന് ഷാക്കിബ് ബി ബി സിയോട് പറഞ്ഞു. ജനം പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടുകയായിരുന്നു. ബാങ്കുകള്‍ക്കു മുന്നിലും വിമാനത്താവളത്തിനു മുന്നിലും വമ്പന്‍ ക്യൂ പ്രത്യക്ഷപ്പെട്ടു. റോഡിലാകെ വാഹനങ്ങളായതിനാല്‍ നീണ്ട നേരം ട്രാഫിക് ബ്ലോക്കായി. 

''താലിബാന്‍ കാബൂളിന്റെ പ്രവേശന കവാടത്തില്‍ എത്തിയതായി വിവരങ്ങള്‍ വന്നു കൊണ്ടിരുന്നു. എന്നാല്‍, അവര്‍ അത്ര പെട്ടെന്ന്് കാബൂളിലേക്ക് കടന്നുകയറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. തലേന്ന് തന്നെ എല്ലാവരും ആശങ്കയിലായിരുന്നു. ആയുധങ്ങള്‍ അരികില്‍ വെച്ചാണ് അന്ന് ഞങ്ങളെല്ലാരും ഉറങ്ങിയത് പോലും.''-ഷാക്കിബ് പറയുന്നു. 

തെരുവുകളിലാകെ ജനങ്ങള്‍ പരിഭ്രാന്തരായി നടക്കുകയായിരുന്നു. എങ്ങും ഗതാഗത കുരുക്ക്. വേറെ വാഹനത്തിലായിരുന്ന വൈസ് പ്രസിഡന്റ് ഖലീലി, ബ്ലോക്കില്‍ പെട്ട് സമയം പോവുമെന്ന് ഭയന്ന്, വാഹനത്തില്‍ നിന്നും പുറത്തിറങ്ങി പതിനഞ്ച് മിനിറ്റ് റോഡിലൂടെ നടന്നാണ് വിമാനത്താവളത്തില്‍ എത്തിയത്. 

വിമാനത്താവളത്തില്‍ എത്തിയതോടെ താലിബാന്റെ മുന്നറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തുരുതുരാ വന്നുതുടങ്ങി. ''വിമാനത്താവളത്തിനകത്ത് എല്ലാം താറുമാറായിരുന്നു. എങ്ങും ആള്‍ക്കൂട്ടം. ടിക്കറ്റ് കിട്ടാനായി ആളുകള്‍ നീണ്ട വരികളില്‍ നിന്നു. എന്ത് ചെയ്യണം എന്ന പിടിയില്ലാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ''


ജനങ്ങള്‍ വിമാന ടിക്കറ്റിനു വേണ്ടി കലഹമുണ്ടാക്കുന്നത് അന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വി.ഐപിമാരെല്ലാം നാടുവിടാന്‍ വന്നതോടെ നേരത്തെ ടിക്കറ്റ് എടുത്ത പലരും യാത്രാപട്ടികയില്‍നിന്നും പുറത്തായി. അതോടെ ജനങ്ങള്‍ ബഹളം തുടങ്ങി. വിമാനത്താവള ഉദ്യോഗസ്ഥര്‍ പതുക്കെ സീറ്റില്‍നിന്നിറങ്ങി സ്ഥലം വിട്ടു. അതോടെ ആരും നിയന്ത്രിക്കാനില്ലാത്ത, ഒരു പരിശോധനയും നടക്കാത്ത ഒരിടമായി കാബൂള്‍ വിമാനത്താവളം മാറി. 

അതിനിടയ്ക്ക് എങ്ങനെയൊക്കെയോ നമ്മുടെ വി വി എ പി പ്രതിനിധി സംഘം പാക്കിസ്താനിലേക്കുള്ള വിമാനത്താവളത്തില്‍ കയറിയിരുന്നു. എന്നാല്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍നിന്നും പറന്നുയരുന്നതിന് അനുമതി ലഭിക്കാതായതോടെ വിമാനം അവിടെത്തന്നെ കിടന്നു. 


ഈ സമയം കൊട്ടാരത്തില്‍ അവസ്ഥ മോശമാവുകയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നതരെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രസിഡന്റ് ഗനി. ചിലരെ മാത്രമേ ഫോണില്‍ കിട്ടിയുള്ളൂ. പല ഉന്നതരും പരിധിക്ക് പുറത്തായിരുന്നു. 

സര്‍ക്കാര്‍ മെഷിനറിയാകെ തകര്‍ന്നടിഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ പോലും ചെറുഗ്രൂപ്പുകളായി സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ഓട്ടങ്ങളിലായിരുന്നു. മറ്റുള്ളവരുടെ കാര്യം ആലോചിക്കാതെ സ്വന്തം കാര്യം മാത്രം നോക്കിയുള്ള ഓട്ടങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി വര്‍ദ്ധിക്കുകയായിരുന്നു. 


''പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്നുള്ള എന്തെങ്കിലും നിര്‍ദേശങ്ങള്‍ ലഭിക്കുമെന്നും കാര്യങ്ങള്‍ക്ക് വ്യക്തത വരുമെന്നും എല്ലാവരും കരുതി. എന്നാല്‍, ഒന്നുമുണ്ടായില്ല. കാബൂളിനെ രക്ഷിക്കാന്‍ സൈനിക പ്ലാന്‍ തയ്യാറാക്കിയവരോ അതിനു ചുമതലപ്പെട്ടവരോ എവിടെയുമുണ്ടായിരുന്നില്ല. ഉത്തരവുകള്‍ കൊടുക്കാന്‍ ആളില്ലാത്ത അനിശ്ചിതാവസ്ഥ സൈന്യത്തെയും ബാധിച്ചു.''

അതിനിടെ, പ്രസിഡന്റ് ഗനിയുടെ വിശ്വസ്ഥരുടെ സംഘം ചെറുതായിക്കൊണ്ടിരിക്കുകയായിരുന്നു. തീരുമാനങ്ങള്‍ എടുക്കാനോ ചര്‍ച്ച ചെയ്യാനോ ആളില്ലാത്ത അവസ്ഥ. പ്രസിഡന്റിന്റെ സുരക്ഷാ ഉപദേഷ്ടാവായ ഹംദുല്ലാ മൊഹിബും അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥ പ്രമുഖനായ ഫസല്‍ ഫസ്‌ലിയും മാത്രമാണ് പ്രസിഡന്റിന്റെ അടുത്ത് ഉണ്ടായിരുന്നത്.   

വിദേശവിദ്യാഭ്യാസം നേടി എന്നതിനപ്പുറം സൈനിക, സുരക്ഷ കാര്യങ്ങളില്‍ ഒരറിവും പരിചയവും ഇല്ലാതിരുന്ന ആളായിരുന്നു മൊഹിബ്. അമേരിക്കയിലെ അഫ്ഗാന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിരുന്ന അയാളെ 2018-ല്‍ സുരക്ഷാ സൈനിക കാര്യങ്ങളില്‍ സുപ്രധാന തീരുമാനം എടുക്കേണ്ട സുരക്ഷാ ഉപദേഷ്ടാവിന്റെ തസ്തികയില്‍ ഗനി നിയമിച്ചത് തന്നോടുള്ള കൂറ് മാത്രം കണക്കിലെടുത്താണ്. പ്രതിരോധ കാര്യത്തില്‍, പരിചയക്കുറവും അജ്ഞതയുമുള്ള മൊഹിബിന്റെ ഉപദേശങ്ങളാണ് നിര്‍ണായക സന്ദര്‍ഭത്തില്‍ ഗനിക്ക് കൂട്ടുണ്ടായിരുന്നത്. 

ഉച്ചയോടെ മൊഹിബ് പ്രസിഡന്റിനു മുന്നില്‍ ഒരു നിര്‍ദേശം വെച്ചു. ഇനിയിവിടെ നിന്നാല്‍ അപകടമാണ്. ബലം പ്രയോഗിച്ച് ഇവിടെ നിന്ന് പുറത്തുകടക്കുകയാണ് ഉചിതം. വിദേശത്തേക്ക് രക്ഷപ്പെടുന്നതാണ് നല്ലത്. എന്നാല്‍, ആ സമയത്ത്, കൊട്ടാരം വിട്ടോടുന്നതില്‍ ഗനിക്ക് താല്‍പ്പര്യമില്ലായിരുന്നു. 

അതിനിടെ പുറത്തുനിന്നും വെടിയൊച്ചകള്‍ കേള്‍ക്കാന്‍ തുടങ്ങി. അതോടെ, മൊഹിബ് വീണ്ടും രക്ഷപ്പെടുന്ന കാര്യം പറയാന്‍ തുടങ്ങി. വൈകുന്തോറും  പ്രസിഡന്റിന്റെ ജീവന്‍ അപകടത്തിലാണെന്ന് അദ്ദേഹം ഗനിയെ ഉപദേശിച്ചു. 

''താലിബാന്‍ എതു സമയവും പ്രസിഡന്റിന്റെ ആസ്ഥാനമായ കൊട്ടാരം വളയുമെന്നും അവര്‍ അകത്തുവന്നാല്‍ പ്രസിഡന്റിനെയും കൂടെയുള്ളവരെയും കൊല്ലുമെന്നും മൊഹിബ് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അതോടെ പ്രസിഡന്റിന്റെ സ്വതവേയുള്ള ഭയം വര്‍ദ്ധിച്ചു. അദ്ദേഹം പരിഭ്രാന്തനായി.''-അന്നവിടെ ഉണ്ടായിരുന്ന കൊട്ടാരത്തിലെ ഒരുദേ്യാഗസ്ഥനെ ഉദ്ധരിച്ച്  ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിനിടെ, കാബൂള്‍ നഗരമാകെ അശാന്തിയിലേക്ക് പതിച്ചു. ജനങ്ങള്‍ പരിഭ്രാന്തരായി. ഭരണകൂടം തകര്‍ന്നു വീണിരുന്നു. ഉദ്യോഗസ്ഥ പ്രമുഖരോ മന്ത്രിമാരോ സൈനികരോ ഒന്നും എവിടെയുമുണ്ടായിരുന്നില്ല. പറ്റുന്നവരൊക്കെ അതിനകം രക്ഷപ്പെടുകയോ എങ്ങനെയെങ്കിലും പുറത്തുകടക്കാന്‍ ശ്രമിക്കുകേയാ ആയിരുന്നു. 


''ഞാന്‍ ഓഫീസിലായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ താലിബാന്‍കാര്‍ നഗരത്തിലേക്ക് കടന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാന്‍ തുടങ്ങി. സഹപ്രവര്‍ത്തകരെല്ലാം സ്ഥലം വിടാനുള്ള തിരക്കിലായിരുന്നു. ഞാനും ഇറങ്ങി. തെരുവുകളെല്ലാം തിരക്കിലായിരുന്നു. കടകള്‍ അടഞ്ഞു കിടന്നു. വെടിയൊച്ചകള്‍ കേട്ടു. കാണുന്ന എല്ലാവരെയും ഞാന്‍ സംശയിച്ചു തുടങ്ങി.''ഒരു കാബൂള്‍ നിവാസി ആ ദിവസത്തെ അനുഭവം ഇങ്ങനെയാണ് ഓര്‍ക്കുന്നത്. 


കൊട്ടാരത്തില്‍ വീണ്ടും അനിശ്ചിതത്വം മുറുകുകുയായിരുന്നു.  വിദേശത്തേക്ക് രക്ഷപ്പെടണം എന്ന് മൊഹിബും കൂട്ടരും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍, പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹം സ്ഥലം വിടുന്നതിന് എതിരായിരുന്നു. അവസാനം ഗനി ഒരു തീരുമാനമെടുക്കുക തന്നെ ചെയ്തു. 


താമസിയാതെ മൂന്ന് ഹെലികോപ്റ്ററുകള്‍ കൊട്ടാരത്തിലെത്തി. പ്രസിഡന്റ് ഗനിയും ഭാര്യയും കുടുംബാംഗങ്ങളും സഹായികളുടെ സംഘവും ഉന്തിത്തള്ളി അതിനകത്തേക്ക് കടന്നു. ഇരിക്കാനിടമില്ലാത്തവര്‍ ബാഗുകളും മറ്റും താഴേക്കെറിഞ്ഞ് സ്ഥലമുണ്ടാക്കി. 


ഗനിയും കൂട്ടരും വലിയ ബാഗുകളിലായി ധാരാളം പണം ഹെലികോപ്റ്ററുകളില്‍ കടത്തി കൊണ്ടുപോയതായി  സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ദുബൈയില്‍നിന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ഈ ആരോപണം പിന്നീട് ഗനി നിഷേധിച്ചു.

ഉച്ചതിരിഞ്ഞ് മൂന്നേ മുപ്പതിന്, മൂന്ന് ഹെലികോപ്റ്ററുകളും ആകാശത്തേക്കു പറന്നുയര്‍ന്നു. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെയും കൊട്ടാരത്തെയും സ്വന്തം ജനങ്ങളെയും രാജ്യത്തെ തന്നെയും വിധിക്ക് വിട്ടുകൊടുത്ത് ഗനി രാജ്യത്തുനിന്നും പറന്നുയര്‍ന്നു. 


ഉസ്ബക്കിസ്താനിലെ ടെര്‍മൂസിലാണ് ഹെലിക്കോപ്റ്ററുകള്‍ ആദ്യം പോയത്. അവിടെനിന്നും സംഘം യു എ ഇയിലേക്ക് പുറപ്പെട്ടു. മണിക്കൂറുകള്‍ക്കകം ലോകമാകെയുള്ള ടെലിവിഷന്‍ ചാനലുകളില്‍, പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ നേതാക്കള്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മേശയ്ക്കു മുകളില്‍ ഗനി രാവിലെ ഉദ്യോഗസ്ഥ പ്രമുഖരുമായി സംസാരിച്ച് നോട്ട്‌സ് എഴുതിയ ബുക്ക് പാതി തുറന്നുതന്നെ കിടന്നു. 

മണിക്കൂറുകള്‍ക്കു മുമ്പ് പ്രസിഡന്റ് ഗനി ഇരുന്ന അതേ മുറിയില്‍, അതേ ഡെസ്‌കിനു പുറകിലിരുന്ന്, താലിബാന്‍ നേതാക്കള്‍ ലോകത്തോട് സംസാരിച്ചു. ഞെട്ടലോടെ അഫ്ഗാന്‍ ജനത സ്വന്തം ഭരണാധികളെ തിരഞ്ഞു. അപ്പോഴേക്കും അവരെല്ലാം സ്വന്തം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കഴിഞ്ഞിരുന്നു.  താലിബാന്‍ അഫ്ഗാനിസ്താനില്‍ പുതിയ ഒരധ്യായത്തിന് തുടക്കമിടുകയായിരുന്നു. 


അതിനിടെ, വിമാനത്താവളത്തില്‍ കുഴപ്പം തുടരുകയായിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരുമടങ്ങിയ സംഘങ്ങള്‍ ഇതിന്റെ മധ്യേ രക്ഷപ്പെടാനുള്ള ഊഴം കാത്തിരുന്നു. പ്രസിഡന്റിന്റെ ഗനിയെക്കുറിച്ച് ആര്‍ക്കും  അറിവുണ്ടായിരുന്നില്ല. അദ്ദേഹം രക്ഷപ്പെടാനുള്ള തിരക്കുകളിലാണെന്ന് അവരാരും അറിഞ്ഞില്ല. 

റണ്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന പാക്കിസ്താനിലേക്കുള്ള PK6250 വിമാനത്തില്‍ പാര്‍ലമെന്റ് സ്പീക്കറും വൈസ് പ്രസിഡന്റും മന്ത്രി പ്രമുഖരും അവരുടെ ഇരിപ്പ് തുടരുകയായിരുന്നു. നാലര മണിക്കൂറാണ് അവര്‍ വിമാനത്തില്‍ ഇരുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാകെ നിശ്ശബ്ദരായിക്കഴിഞ്ഞിരുന്നു. 

നാലര മണിക്കൂര്‍. താലിബാന്‍ ഏതു സമയവും വിമാനത്താവളത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി. മന്ത്രിമാരടക്കം സമ്മര്‍ദ്ദം തുടര്‍ന്നു. അതോടെ, പാക്ക് വിമാനത്തിലെ പൈലറ്റ് നിര്‍ണായകമായ ഒരു തീരുമാനം എടുത്തു. പറന്നുയരാനുള്ള അനുമതി ഇനി കിട്ടാനിടയില്ല. അതിനാല്‍, കണ്‍ട്രോള്‍ റൂമിന്റെ അനുമതിയില്ലാതെ തന്നെ വിമാനം പറത്താന്‍ അദ്ദേഹം തീരുമാനിച്ചു. 

അന്നേരം, അപ്പുറത്തെ റണ്‍വേകളില്‍, അമേരിക്കന്‍ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും സൈനികരുമായി പറന്നുയരുന്നുണ്ടായിരുന്നു. അവയെ പിന്തുടര്‍ന്ന്, എന്തും വരട്ടെ എന്നുറപ്പിച്ച് പൈലറ്റ് വിമാനം പറത്തി. പ്രസിഡന്റ് ഗനിയും കൂട്ടരും അന്നേരം ഹെലികോപ്റ്ററുകളില്‍ രക്ഷാ മാര്‍ഗം തേടിപ്പറക്കുകയാണ് എന്നറിയാതെ, മന്ത്രിപ്രമുഖരടങ്ങിയ സംഘം പാക്കിസ്താനിലേക്ക് പറന്നു. നിര്‍ണായകമായ ആ തീരുമാനത്തിന്റെ പേരില്‍ പൈലറ്റ് പിന്നീട് പാക്കിസ്താനില്‍ താരമായി മാറി. 


ദിവസങ്ങള്‍ക്കു ശേഷം, പ്രസിഡന്റ് ഗനി യു എ ഇയില്‍നിന്നും വീണ്ടും ഫേസ്ബുക്ക് ലൈവില്‍ വന്നു. അപ്പോഴേക്കും താലിബാന്‍ അഫ്ഗാനിസ്താന്‍ ഭരിച്ചു തുടങ്ങിയിരുന്നു. പേടിച്ചോടിയ പ്രസിഡന്റിനെ ലോകം പുച്ഛത്തോടെ കണ്ടു. എല്ലാം നല്ലതിനു വേണ്ടിയായിരുന്നു എന്ന് ഗനി ഫേസ്ബുക്ക് ലൈവില്‍ ലോകത്തോട് പറഞ്ഞു. 

രക്ത ചൊരിച്ചില്‍ ഒഴിവാക്കാനായിരുന്നു ഞാന്‍ അന്നേരം പോയത്. അത് എന്റെ തീരുമാനമായിരുന്നില്ല, സുരക്ഷ ഉപദേഷ്ടാക്കളുടെ തീരുമാനമായിരുന്നു. അഫ്ഗാന്റെ മണ്ണില്‍ രക്ത ചൊരച്ചില്‍ ഒഴിവാക്കാന്‍ അതേ വഴിയുണ്ടായിരുന്നുള്ളൂ.''-ഗനി പറഞ്ഞു. 

''25 വര്‍ഷം മുമ്പ് അഫ്ഗാനിസ്താനില്‍ നടന്നതിന്റെ ആവര്‍ത്തനം സംഭവിക്കുമായിരുന്നു അവിടെ. ജനങ്ങളുടെ മുന്നില്‍ അവരെന്നെ തൂക്കിക്കൊല്ലുമായിരുന്നു. നമ്മുടെ ചരിത്രത്തിലെ വലിയ ദുരന്തമായി അതു മാറിയേനെ...''-ഗനി എല്ലാത്തിന്റെയും യഥാര്‍ത്ഥ കാരണം ഇങ്ങനെ പറഞ്ഞുവെച്ചു. 

രക്തച്ചൊരിച്ചില്‍. സത്യത്തില്‍, ഈ വാക്കാണ് താലിബാന്‍ അഫ്ഗാന്‍ പിടിക്കാന്‍ കാരണമായത്. സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രസിഡന്റിന്റെ പേടിയും ഉപദേഷ്ടാക്കളുടെ വിവരക്കേടും തക്ക സമയത്ത് വേണ്ട തീരുമാനം എടുക്കാന്‍ കഴിയാത്ത പ്രതിരോധ വകുപ്പിന്റെ നേതൃത്വവും നല്ല നേതാക്കന്‍മാരില്ലാത്ത അഫ്ഗാന്‍ സൈന്യത്തിന്‍െ ദുരവസ്ഥയും എല്ലാം ചേര്‍ന്ന് 'ചോരചൊരിച്ചില്‍' ഒഴിവാക്കാനെന്ന പേരില്‍ അഫ്ഗാന്‍ ജനതയെ താലിബാന്റെ കാലടിച്ചോട്ടില്‍ ഇട്ടു കൊടുക്കുകയായിരുന്നു.  


ഗ്രാമപ്രദേശങ്ങള്‍ ഓരോന്നായി കീഴടക്കിക്കൊണ്ടിരുന്ന താലിബാനെ സൈനികമായി നശിപ്പിക്കാന്‍ തീരുമാനം എടുക്കാത്ത ഗനി സര്‍ക്കാര്‍ ചര്‍ച്ചകളുടെ മാര്‍ഗം തേടിയതായിരുന്നു ദുരന്തത്തിന്റെ തുടക്കം. ഖത്തറിലും മറ്റുമായി സമാധാന ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍, താലിബാന്‍ ഇപ്പുറം ആയുധങ്ങള്‍ ഒരുക്കിവെച്ച് യുദ്ധത്തിന് വട്ടംകൂട്ടുകയായിരുന്നു. 

ഗ്രാമപ്രദേശങ്ങള്‍ കൈവശം വെച്ചിരുന്ന താലിബാന്‍ നഗരങ്ങളിലേക്കും പ്രവിശ്യകളിലേക്കും ആയുധങ്ങളുമായി നീങ്ങിക്കാണ്ടിരുന്ന സമയത്ത്, ചെറുത്തുനില്‍പ്പിനു പകരം സമാധാന ചര്‍ച്ചകളായിരുന്നു സര്‍ക്കാറിന്റെ പരിഹാര മാഗം. ഗോത്രനേതാക്കളുടെ മുന്‍കൈയില്‍ താലിബാനുമായി സമാധാന ശ്രമങ്ങള്‍ നടന്നു. 

 ആയുധങ്ങള്‍ താലിബാന് നല്‍കുക, സൈന്യത്തെ സുരക്ഷിതമായി മടങ്ങാന്‍ അനുവദിക്കുക. ഇതായിരുന്നു തുടക്കം മുതല്‍ ഗോത്രനേതാക്കളുടെ പരിഹാര മാര്‍ഗങ്ങള്‍. രക്തച്ചൊരിച്ചില്‍ ഒഴിവാക്കുക എന്നതാണ് അവരിതിന് കാരണം പറഞ്ഞത്. അങ്ങനെയാണ്, താലിബാനെ കാണുന്ന മുറയ്ക്ക് തോക്കുപോലും ഉയര്‍ത്താതെ അഫ്ഗാന്‍ സൈന്യം സ്ഥലം വിട്ടത്. 

ഇതിന്റെയെല്ലാം ദുരന്തമാണ് അഫ്ഗാനിലെ ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. കഴിവുകെട്ട, ഭീരുക്കളായ ഭരണനേതൃത്വവും ഉദ്യോഗസ്ഥ സൈനിക നേതൃത്വവുമെല്ലാം ചേര്‍ന്നാണ് താലിബാനെ വീണ്ടും അധികാരത്തിലേക്ക് കൊണ്ടുവന്നത്. അമേരിക്കയുടെ പെട്ടെന്നുള്ള പിന്‍മാറ്റം ഇതിനുള്ള പെട്ടെന്നുള്ള കാരണം മാത്രമായിരുന്നു.

Latest Videos

click me!