പണമൊരു തടസമല്ല; ദുരന്തബാധിതർക്ക് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി; വയനാട് സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

First Published Aug 10, 2024, 5:41 PM IST

ദ്ധ്യോഗിക കണക്കുകളില്‍ 225 പേരുടെ മരണത്തിന്  ഇടയാക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശങ്ങളും ദുരന്തബാധിതരെയും നേരിട്ട് കണ്ട് പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. അപകടം നടന്ന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം. ദുരന്തബാധിത പ്രദേശങ്ങള്‍ നടന്ന് കണ്ട പ്രധാനമന്ത്രി വയനാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പണം ഒരു തടസമാകില്ലെന്നും താനും ദുരന്തബാധിതകര്‍ക്ക് ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ദുരന്തബാധിതരെ സംരക്ഷിക്കേണ്ടത് ഉത്തരവാദത്വമാണെന്നും സര്‍ക്കാരുകൾ ഒരുമിച്ച് നില്‍ക്കണമെന്നും കേന്ദ്രത്തിന് നല്‍കാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ന് രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷമാണ് കല്‍പറ്റയിൽ നിന്നും റോഡ് മാർഗം ചൂരൽമലയിലെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആകാശ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 12.15 ഓടെ കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിൽ പ്രധാനമന്ത്രി ഹെലികോപ്ടര്‍ ഇറങ്ങിയത്. 

Latest Videos


കല്‍പറ്റയില്‍ നിന്ന് മേപ്പാടി വഴി 18 കിലോമീറ്റർ റോഡ് മാര്‍ഗം സഞ്ചരിച്ച് ചൂരൽമലയിലെ ദുരന്തഭൂമിയിലെത്തിയ പ്രധാനമന്ത്രി, ദുരന്തബാധിത പ്രദേശങ്ങള്‍ നടന്ന് കണ്ടു. വെള്ളാര്‍മല സ്കൂള്‍ റോഡിലായിരുന്നു ആദ്യ സന്ദര്‍ശനം. 

ഉരുള്‍പൊട്ടലിൽ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്തെ തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന്  കണ്ടു. ഇതിന് ശേഷം വെള്ളാര്‍മല സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.

സ്കൂള്‍ റോഡിലെ അര കിലോമീറ്ററോളം ദൂരത്തിലുള്ള ദുരന്തബാധിത സ്ഥലങ്ങള്‍ പ്രധാനമന്ത്രി നടന്നു കണ്ടു. പാറക്കൂട്ടങ്ങളും മരങ്ങളും നിരയായി വന്നടിഞ്ഞ സ്ഥലവും ബെയ്‍ലി പാലവും അദ്ദേഹം സന്ദര്‍ശിച്ചു. പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. 

എന്‍ഡിആര്‍എഫ്, എസ്ഒജി ഉദ്യോഗസ്ഥരുമായും സംസാരിച്ചു. പിന്നീട് പാലത്തിന്‍റെ മറുകരയിലുള്ള  ഉദ്യോഗസ്ഥരെയും കണ്ട ശേഷമാണ് പ്രധാനമന്ത്രി ചൂരൽ മലയില്‍ നിന്ന് മടങ്ങിയത്. ദുരന്തത്തിന്‍റെ വ്യാപ്തിയും നാടിന്‍റെ വേദനയും നേരിട്ടറിഞ്ഞാണ് പ്രധാനമന്ത്രി ചൂരൽമലയില്‍ നിന്ന് മേപ്പാടിയിലേക്ക് പോയത്.

ദുരന്തബാധിതരെ പാര്‍പ്പിച്ച ക്യാംപും ആശുപത്രിയും സന്ദര്‍ശിച്ച പ്രധാനമന്ത്രി ദുരിതബാധിതരെയും പരിക്കേറ്റവരെയും നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. അവന്തിക, അരുൺ, അനിൽ, സുകൃതി, റസീന, ജസീല എന്നീ ദുരന്തബാധിതരെ പ്രധാനമന്ത്രി നേരിട്ട് ആശ്വസിപ്പിച്ചു. 

ദുരിതബാധിതരുടെ പുനരധിവാസത്തിന് 2,000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. എന്നാല്‍, ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രി ഇന്ന് നടത്തിയില്ല. അതേസമയം വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ പ്രധാനമന്ത്രി കേരളത്തോട് നിർദ്ദേശിച്ചു. 

എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താന്‍ ഉദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. 

ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും വൈകീട്ടോടെ കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. 

click me!