'ഈ നിർണായക ഘട്ടത്തിൽ പാലക്കാട്‌ പത്രസമ്മേളനം വിളിക്കുന്നത് ആലോചിക്കേണ്ടി വരും'; സ‌‍‍ർക്കാരിന് മുന്നറിയിപ്പ്

By Web TeamFirst Published Oct 22, 2024, 5:49 PM IST
Highlights

ഈ നിർണായക ഘട്ടത്തിൽ പാലക്കാട്‌ ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്നും മാർ മിലിത്തിയോസ് മുന്നറിയിപ്പ് നൽകി. 

തൃശൂർ: ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്കത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ തൃശൂർ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ്. ആറ് പള്ളികൾ ഏറ്റെടുക്കുന്നതിൽ സാവകാശം തേടി സർക്കാർ അപ്പീലുമായി സുപ്രീം കോടതിയിൽ പോയതാണ് പ്രകോപനം.  ക്രമസമാധാന പ്രശ്നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്ന് യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു. താൽപര്യങ്ങളുടെ സംരക്ഷകരാണോ സർക്കാർ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഈ നിർണായക ഘട്ടത്തിൽ പാലക്കാട്‌ ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്നും മാർ മിലിത്തിയോസ് മുന്നറിയിപ്പ് നൽകി. 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

Latest Videos

''മലങ്കര സഭാ വിഷയത്തിൽ സർക്കാർ അപ്പീലുമായി സുപ്രീം കോടതിയിൽ!. കുറെ ചോദ്യങ്ങൾ ഇവിടെ ഉയരുന്നുണ്ട്: ക്രമസമാധാന പ്രശ്നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമല്ലേ? അതോ ചിലർ പറയുന്നതുപോലെ ചില താൽപര്യങ്ങളുടെ സംരക്ഷകരാണോ സർക്കാർ? കളക്ടറും പോലീസ്‌ അധികാരികളുമല്ലേ കോടതി വിധികൾ നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർ? അവരെ ഒഴിവാക്കണം എന്ന് പറഞ്ഞാൽ പിന്നെ മുഖ്യമന്ത്രിയാണോ നടപ്പാക്കുക? കുറെക്കൂടെ സമയം വേണമെന്ന് പറഞ്ഞാൽ 2017 മുതൽ 2024 വരെ കിട്ടിയ സമയം മതിയായില്ല എന്നാണോ? ഏറെ മുന്നോട്ട്‌ പോയാൽ ഈ നിർണ്ണായക ഘട്ടത്തിൽ ഞാൻ പാലക്കാട്‌ ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടി വരും''

അതേസമയം, യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നല്‍കുകയായിരുന്നു. തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികള്‍ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടിയാണ് അപ്പീൽ. ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്നമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യാക്കോബായ സഭയും അപ്പീല്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ തടസ ഹര്‍ജിയും നല്‍കി.

യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കം വീണ്ടും സുപ്രീം കോടതിയിൽ; ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നല്‍കി

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!