പഴയ കാലത്തെ പോലെ മൂന്നാം ലോകരാജ്യങ്ങളില്‍ മാത്രമല്ല ഇന്ന് അടിമത്തമുള്ളത്. ദരിദ്ര രാജ്യങ്ങളെ പോലെ തന്നെ സമ്പന്ന രാജ്യങ്ങളിലും അടിമത്തം ശക്തമായി വേരാഴ്ത്തിക്കഴിഞ്ഞു. നിർബന്ധിത തൊഴിലാളികളിൽ പകുതിയിലേറെയും നടക്കുന്നത് സമ്പന്ന രാജ്യങ്ങളിലെ ഉയർന്ന ഇടത്തരം അല്ലെങ്കിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണെന്നും യുഎൻ ലേബർ ഓർഗനൈസേഷൻ റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യാവകാശങ്ങളുടെ മൗലികമായ ദുരുപയോഗത്തിന്‍റെ നിലനിൽപ്പിനെ ഒന്നിനും ന്യായീകരിക്കാനാവില്ലെന്ന് യുഎൻ ലേബർ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഗൈ റൈഡർ അഭിപ്രായപ്പെട്ടു. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം... എല്ലാവരോടും കൈകോർക്കുന്ന സമീപനം ആവശ്യമാണ്. ട്രേഡ് യൂണിയനുകൾ, തൊഴിലുടമകളുടെ സംഘടനകൾ, സിവിൽ സമൂഹം, സാധാരണക്കാർ എന്നിവർക്കെല്ലാം ഇക്കാര്യത്തില്‍ നിർണായക പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഴയ അടിമ സമ്പ്രദായത്തിന് കാലാനുവര്‍ത്തിയായ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. പഴയ കാലത്തില്‍ നിന്നും ഇന്നത്തെ സിവില്‍ സമൂഹം ഏറെ മാറിക്കഴിഞ്ഞു. സാമൂഹികമായ മാറ്റം മറ്റെല്ലാ മേഖലയെ പോലെ തൊഴില്‍ മേഖലയെയും വൈവിധ്യവത്ക്കരിച്ചു. ഇതോടെ തൊഴില്‍ മേഖലയിലെ ഉടമ / തൊഴിലാളി ബന്ധങ്ങളിലും വലിയ തോതില്‍ മാറ്റങ്ങളുണ്ടായി.
ജോലി സ്ഥലത്തെ നിർബന്ധിത അധ്വാനത്തെ പോലെ തന്നെ നിർബന്ധിത വിവാഹം പോലും ആധുനിക അടിമത്തമായി ഇന്ന് കണക്കാക്കപ്പെടുന്നു. "ഭീഷണി, അക്രമം, വഞ്ചന, അധികാര ദുർവിനിയോഗം അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ബലപ്രയോഗം എന്നിവ കാരണം" വ്യക്തിക്ക് നിലനില്‍ക്കുന്ന സ്ഥലത്ത് നിന്നും വിട്ട് പോകാൻ കഴിയാന്‍ പറ്റാത്ത തരത്തിലുള്ള എല്ലാത്തരം സാഹചര്യങ്ങളും ഇന്ന് 'അടിമത്വം' എന്ന പ്രയോഗത്തിന് കീഴില്‍ വരുന്നു.
ലോകത്ത് 33 ലക്ഷം കുട്ടികൾ ഉൾപ്പെടെ 2 കോടി 76 ലക്ഷം ആളുകള്‍ നിർബന്ധിത ജോലിയിലാണ്. ഇതില്‍ കൂട്ടികളില്‍ ഏറിയ പങ്കും വാണിജ്യപരമായ ലൈംഗികചൂഷണത്തിന്‍റെ പിടിയിലാണെന്നും യുഎന്നിന്‍റെ കണക്കുകള്‍ പറയുന്നു. വേറൊരു 22 ലക്ഷം ആളുകൾ നിർബന്ധിത വിവാഹങ്ങളില്‍പ്പെട്ട് കിടക്കുകയാണ്. അവരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണെന്നും ഇവരുടെ വിവാഹം നടക്കുമ്പോള്‍ ഇരകളില്‍ പലര്‍ക്കും 15 വയസിന് താഴെയാണ് പ്രായമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആധുനിക അടിമത്തത്തിന്‍റെ 71 ശതമാനവും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. അതുപോലെ തന്നെ 25 ശതമാനത്തോളമാണ് കുട്ടികള്‍. ലോകത്ത് സങ്കീര്‍ണ്ണമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന തൊഴില്‍ മേഖലയില്‍ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടും ദാരിദ്രം വര്‍ദ്ധിക്കുന്നത് അടിമത്തത്തിന്‍റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു,
കൊവിഡ് വ്യാപനം ലോകത്ത് അടിമത്തത്തിന്‍റെ വര്‍ദ്ധനവിന് കാരണമായി. കൊവിഡിനെ തുടര്‍ന്ന് മാസങ്ങളോളും അടച്ചിടലിലേക്ക് പോയതോടെ ആളുകളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇത് കൂടുതല്‍ കൂടുതല്‍ കടത്തിലേക്കാണ് വ്യക്തികളെ കൊണ്ടെത്തിച്ചത്. ചില സന്ദർഭങ്ങളിൽ ഇത് നിർബന്ധിത ജോലിയിലേക്കും മനുഷ്യരെ കൊണ്ടെത്തിച്ചു.
മഹാമാരിയുടെ വരവോടെ 20 വർഷത്തിനിടെ ആദ്യമായി "തീവ്രമായ ആഗോള ദാരിദ്ര്യം" വർദ്ധിപ്പിക്കുന്നതിലേക്ക് ലോകത്തെ എത്തിച്ചതായും യുഎൻ ലേബർ ഓർഗനൈസേഷൻ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ ഏഷ്യ, ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ അവസാനിക്കാത്ത യുദ്ധങ്ങളും സായുധ സംഘട്ടനങ്ങളും ലോകത്തെ അതിഭയാനകമായ സാഹചര്യങ്ങളിലൂടെയാണ് കൊണ്ടുപോകുന്നത്.
യുദ്ധവും സായുധ സംഘട്ടനങ്ങളും സ്ഥിരമായ പ്രദേശങ്ങളില്‍ കുട്ടികളെ നിര്‍ബന്ധിത സൈനിക സേവനത്തിനോ അല്ലെങ്കില്‍ മറ്റ് ജോലികളിലേക്കോ തള്ളിവിടുന്നു. ഇത്തരം പ്രദേശങ്ങളില്‍ ദാരിദ്രം ശക്തമാകുമ്പോള്‍ കുട്ടികള്‍ പലപ്പോഴും അടിമ വേലയ്ക്ക് നിര്‍ബന്ധിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനവും അടിമത്തം വളര്‍ത്തുന്നതില്‍ കാര്യമായ പങ്കവഹിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം ജന്മനാട് ഉപേക്ഷിച്ച് കുടിയേറ്റക്കാരായി മാറാന്‍ നിര്‍ബന്ധിതരാകുന്നവര്‍ കുടിയേറുന്ന പ്രദേശങ്ങളിലെ സാമൂഹിക സാഹചര്യത്തോട് മല്ലിട്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് കുടിയേറുന്ന പ്രദേശത്തിന്‍റെ സാമൂഹികാവസ്ഥയെ അടിസ്ഥാനമാക്കി കുടിയേറ്റക്കാരെ സാമ്പത്തിക / സാമൂഹിക അടിമത്തത്തിലേക്ക് തള്ളിവിടുന്നതായും പഠനം പറയുന്നു. അതോടൊപ്പം പ്രശ്നപരിഹാരത്തിന് വിഭവ ശേഖരണത്തിനും അന്താരാഷ്ട്ര ശ്രമത്തിനും മുന്‍കൈയേടുക്കേണ്ടതിന്‍റെ ആവശ്യത്തെ കുറിച്ചും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.