കൂട്ടക്കുരുതി ഭയന്ന് പാഞ്ച്ഷീറിലെ മനുഷ്യര്‍; മുമ്പത്തെപ്പോലെ താലിബാന്‍ ഇവരെയും കൊന്നുതള്ളുമോ?
First Published | Sep 7, 2021, 6:31 PM ISTഒരെതിര്‍പ്പുമില്ലാതെ 33 പ്രവിശ്യകള്‍ ആയുധംവെച്ച് കീഴടങ്ങിയ അഫ്ഗാനിസ്താനില്‍, താലിബാനെതിരെ ആയുധമെടുത്ത് പൊരുതിയ ഒരേയൊരു പ്രവിശ്യയാണ് കാബൂളില്‍നിന്നും 140 കിലോ മീറ്റര്‍ വടക്കുള്ള പാഞ്ച്ഷീര്‍. ഏഴ് ജില്ലകളുള്ള ഇവിടെ 2020-ലെ കണക്കനുസരിച്ച് ജനസംഖ്യ 169,900 ആണ്. താരതമ്യേന ജനസാന്ദ്രതയേറിയ ഈ പ്രദേശത്തിനു നേര്‍ക്ക് മൂന്നാഴ്ചകളായി താലിബാന്‍ ആക്രമണം നടത്തുകയാണ്. പാക്കിസ്താന്‍ പോര്‍വിമാനങ്ങള്‍ ആകാശത്തുനിന്നും ബോംബാക്രമണം നടത്തിയതായും വാര്‍ത്തകളുണ്ട്. ഇങ്ങോട്ടേക്കുള്ള വഴികള്‍ അടച്ചിട്ട നിലയിലാണ്. ഇന്റര്‍നെറ്റ്, ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ മുഴുവന്‍ താലിബാന്‍ മുറിച്ചുകളഞ്ഞു. ആര്‍ക്കും ഇവിടേക്കു വരാനും പോവാനുമാവില്ല. ഭക്ഷണവും അവശ്യസാധനങ്ങളും എത്തുന്നില്ല. ചികില്‍സാസംവിധാനങ്ങള്‍ അപര്യാപ്തമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും അങ്ങോട്ട് പോവാനാവില്ല. ഒരു സന്നദ്ധ സംഘടനയും അവിടെയില്ല. ഒന്നേമുക്കാല്‍ ലക്ഷത്തോളം വരുന്ന മനുഷ്യര്‍ ഏത് അവസ്ഥയിലാണ് ഇവിടെ കഴിയുന്നത് എന്നറിയാന്‍ ഒരു മാര്‍ഗവുമില്ല. 1990-കളില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ബാമിയാനിലും ബാല്‍ഖിലും പിന്നീട് മസാറെ ഷെരീഫിലുമായി ആയിരക്കണക്കിന് സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്തവരാണ് താലിബാന്‍. പാഞ്ച്ഷീറിനെയും അവര്‍ ചോരയില്‍ മുക്കുമോ എന്ന ഭീതിയാണ് അഫ്ഗാനിസ്താനിലാകെ.