മഹാമാരിയെ തുടര്‍ന്ന് വീട്ടില്‍ അടച്ചിരിക്കേണ്ടിവന്നപ്പോള്‍ മനുഷ്യര്‍ പാചകം, പൂന്തോട്ടപരിപാലനം, വായന, സിനിമാ കാഴ്ച അങ്ങനെ നിരവധി വിനോദങ്ങള്‍ കണ്ടെത്തി അതിലൂടെ സമയം കളഞ്ഞു. ഇക്കാലത്തൊന്നും ഒരാള്‍ പോലും മൃഗശാലകളിലേക്ക് പോയില്ല. പോകാന്‍ അനുവാദമുണ്ടായിരുന്നുമില്ല.
അങ്ങനെ സന്ദര്‍ശകരായി മനുഷ്യന്‍ കടന്നു ചെല്ലാത്ത മൃഗശാലകളില്‍ മൃഗങ്ങള്‍ സ്വൈര്യവിഹാരം നടത്തി. അതുവരെ സൂര്യോദയം മുതല്‍ അസ്തമയം വരെ മനുഷ്യരുടെ തുറിച്ച് നോട്ടങ്ങള്‍ നേരിടേണ്ടിവന്ന മൃഗങ്ങള്‍ അതില്‍ നിന്നെല്ലാം വിമോചിതരായി. സന്ദര്‍ശകര്‍ കുറഞ്ഞതോടെ മൃഗങ്ങളും സ്വന്തമായി ചില വിനോദങ്ങള്‍ കണ്ടെത്തിയെന്ന് പഠനം പറയുന്നു.
മനുഷ്യന്‍റെ തുറിച്ച് നോട്ടങ്ങളില്ലാതായ ആ കാലം കടന്ന് വീണ്ടും മനുഷ്യര്‍ മൃഗശാലകളിലെ സന്ദര്‍ശകരായപ്പോള്‍ ബോണോബോസ്, ചിമ്പാൻസികൾ, പടിഞ്ഞാറൻ ലോലാൻഡ് ഗൊറില്ലകൾ, ഒലിവ് ബബൂണുകൾ എന്നിവയുടെ സ്വഭാവം എങ്ങനെ മാറിയെന്ന് പുതിയ പഠനം പരിശോധിച്ചു.
മൃഗശാല തുറന്നപ്പോൾ ചിമ്പാൻസികൾ കൂടുതൽ ഭക്ഷണം കഴിക്കുകയും അവരുടെ ചുറ്റുപാടുകളിൽ കൂടുതൽ ഇടപഴകുകയും ചെയ്തു. അതേസമയം ഗോറില്ലകൾ കുറച്ച് സമയം മാത്രം വിശ്രമിക്കാൻ ചിലവഴിച്ചെന്നും ഗവേഷകർ കണ്ടെത്തി.'മൃഗശാലകളിലെ ഏറ്റവും വൈജ്ഞാനികമായി പുരോഗമിച്ച ചില ജീവജാലങ്ങളാണ് പ്രൈമേറ്റുകൾ, സന്ദർശകരുമായുള്ള അവയുടെ ഇടപെടലുകൾ സങ്കീർണ്ണമാണ്.' എന്ന് നോട്ടിംഗ്‌ഹാം ട്രെന്‍റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഡോ സാമന്ത വാർഡ് പറഞ്ഞു.
മൃഗശാലകളിലെയും പാർക്കുകളിലെയും മൃഗങ്ങളുടെ സ്വഭാവത്തെ സന്ദർശകരുടെ വരവ് എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കുന്നതിനുള്ള ഒരു പഠനമായിരുന്നു അത്. അവർ വളരെക്കാലം പൊതുജനങ്ങളുമായി അടുത്ത് നിന്നവരാണ്. എന്നാല്‍, പെട്ടെന്ന് അത് തടയപ്പെട്ടു. ഇത് ഞങ്ങൾക്ക് ഒരു അദ്വിതീയ അവസരം നൽകിയെന്നും സാമന്ത വാർഡ് പറയുന്നു.
പഠനത്തിന് ആവശ്യമായ മൃഗങ്ങളുടെ പെരുമാറ്റ വിവരങ്ങൾ ശേഖരിച്ചത്, 2020 ഏപ്രിലിനും സെപ്‌റ്റംബറിനും ഇടയിലും 2020 നവംബർ മുതൽ 2021 ജനുവരി വരെയുമാണ്. പഠനം ജേണൽ ആനിമൽസിൽ പ്രസിദ്ധീകരിച്ചു. ലെസ്റ്റർഷെയറിലെ ട്വൈക്രോസ് മൃഗശാലയിൽ ബോണോബോസ്, ചിമ്പാൻസികൾ, ഗൊറില്ലകൾ എന്നിവയും മെർസിസൈഡിലെ നോസ്ലി സഫാരിയിൽ ഓലിവ് ബബൂണുകളെയും നിരീക്ഷിച്ചു.
നോട്ടിംഗ്‌ഹാം ട്രെന്‍റ് യൂണിവേഴ്‌സിറ്റി, ഹാർപ്പർ ആഡംസ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വോൾവർഹാംപ്‌ടൺ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ, സന്ദർശകർ മടങ്ങിയെത്തിയപ്പോള്‍ ബോണബോസും ഗൊറില്ലകളും തനിച്ച് ഇരിക്കുന്ന സമയം കുറവാണെന്ന് കണ്ടെത്തി.
മൃഗശാല അടച്ചിട്ടപ്പോള്‍ ലഭിച്ച സ്വകാര്യതയില്‍ ആധിപത്യമനോഭാവവും ലൈംഗീകതയും കൂടുതലായി പ്രകടിപ്പിച്ച ഒലിവ് ബബൂണുകൾ സന്ദര്‍ശകരെത്തിയപ്പോള്‍ അവരുടെ കാറുകളെ സമീപിക്കാനാണ് ഇഷ്ടപ്പെട്ടത്. അതായത്, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഇടപെടലുകളും മൃഗശാലയിലെ സന്ദർശക സാന്നിധ്യത്തിന്‍റെ സ്വാധീനവും മൃഗക്ഷേമവുമായി ബന്ധപ്പെട്ട് നിർണായകമായി കണക്കാക്കപ്പെടുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വ്യത്യസ്ത ജീവിവർഗങ്ങൾ, കൂടാതെ വ്യക്തിഗത മൃഗങ്ങൾ പോലും വ്യത്യസ്ത മനുഷ്യരോട് വ്യത്യസ്ത രീതികളിൽ പ്രതികരിക്കുന്നതായി ഗവേഷണങ്ങൾ കണ്ടെത്തി. ഈ അനുഭവങ്ങൾ വ്യക്തിഗത മൃഗങ്ങൾക്ക് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ ന്യൂട്രൽ ആണോ എന്ന് കൃത്യമായി പറയാൻ ബുദ്ധിമുട്ടാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ചിമ്പാൻസികളും ബബൂണുകളും സന്ദർശകർ മടങ്ങിയെത്തിയപ്പോൾ അവരുമായി നല്ല രീതിയിൽ ഇടപഴകാന്‍ താത്പര്യം കാണിച്ചതായി പഠനം പറയുന്നു. ബോണബോസും ഗൊറില്ലകളും കുറച്ച് സമയം ഏകാന്തത ആസ്വദിക്കുന്നത് പോസിറ്റീവായി കാണാം. എന്നാല്‍ സന്ദര്‍ശകരുടെ സാന്നിധ്യം ഇവരുടെ ഏകാന്തതയ്ക്ക് ഭംഗം വരുത്തുന്നു.
മൃഗശാല വീണ്ടും തുറക്കുമ്പോൾ ഗൊറില്ലകൾ അവയുടെ ചുറ്റുപാടിലുണ്ടായ മാറ്റത്തിന്‍റെ ഭാഗമാക്കപ്പെട്ടെന്നും ഇത് യഥാർത്ഥത്തിൽ മൃഗങ്ങളുടെ ഒരു സ്ട്രെസ് മാനേജ്മെന്‍റ് തന്ത്രമാകാമെന്നും ഗവേഷകര്‍ പറയുന്നു. ഉത്തേജകങ്ങളുടെ വർദ്ധനവിനെക്കുറിച്ച് ഈ ജീവിവർഗത്തിന് അറിയാമായിരിക്കാം. അതിനാൽ പ്രതികരണത്തിൽ അമിതമായ ഉത്തേജനം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുക എന്നതാകാം തന്ത്രമെന്നും ഗവേഷകർ പറയുന്നു.
സന്ദർശകരും കാറുകളുടെ സാന്നിധ്യവും ബബൂണുകളെ ഉത്തേജിപ്പിച്ചിരിക്കാമെങ്കിലും, അവരുടെ സ്വകാര്യത നഷ്ടമായി. ചലിക്കുന്ന വാഹനങ്ങളുടെ സാന്നിധ്യത്തിന്‍റെ ഉത്തേജനം അവർക്കില്ലാതിരുന്നതിനാലാകാം അടച്ചുപൂട്ടൽ സമയത്ത് അവരുടെ ലൈംഗിക സ്വഭാവം വർദ്ധിച്ചതെന്നും പഠനം പറയുന്നു.
ഹാർപ്പർ ആഡംസ് യൂണിവേഴ്‌സിറ്റിയിലെ മൃഗശാലയിലെ മൃഗസംരക്ഷണ ഗവേഷകയായ ഡോ. എല്ലെൻ വില്യംസ് പറഞ്ഞു: 'തടങ്കലിൽ കഴിയുന്ന പ്രൈമേറ്റുകളുടെ സ്വഭാവത്തെ സന്ദർശകർക്ക് സ്വാധീനിക്കാൻ കഴിയുന്ന വിവിധ രീതികൾ ഞങ്ങളുടെ പഠനം കാണിച്ചുതന്നു.
സന്ദർശകരുടെ സാന്നിധ്യത്തിൽ പെരുമാറ്റത്തിലെ മാറ്റങ്ങളും ചുറ്റുപാടുകളുടെ ഉപയോഗത്തിലെ മാറ്റങ്ങളും മൃഗശാലയിലെ ജീവജാലങ്ങളുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നതിനെ എടുത്തുകാണിക്കുന്നു.'മൃഗങ്ങളെ ഈ രീതിയിൽ സജീവമായി പൊരുത്തപ്പെടുത്താൻ പ്രാപ്തമാക്കുന്ന ചുറ്റുപാടുകൾ നൽകുന്നത് അവയുടെ ക്ഷേമത്തിന് വളരെ പ്രധാനമാണ്.' എന്നും പഠനം പറയുന്നു.