മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ സംവിധായകൻ ഡോ. അഭിലാഷ് ബാബുവുമായി അഭിമുഖം.
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാളം സിനിമ ഇന്നില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ... സംവിധാനവും തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് ഡോ. അഭിലാഷ് ബാബുവാണ്. കല എന്ന രിതിയില്‍ മാത്രമല്ല സിനിമയെ കാണുന്നതെന്ന് അഭിലാഷ് ബാബു വ്യക്തമാക്കുന്നു. മറിച്ച് സാമൂഹികമായ ഇടപെടലിന് ശ്രമിക്കണമെന്നുള്ള രാഷ്‍ട്രീയമായ കാഴ്‍ചപ്പാടാണ് സിനിമയുമായി ബന്ധപ്പെട്ടിട്ടുളളതെന്ന നിലപാടാണ് അഭിലാഷ് ബാബുവിന്റേത്. കാലഘട്ടത്തിന്റെ മീഡിയം എന്ന നിലയിലാണ് സിനിമയെ സമീപിക്കുന്നത്. കലയിലൂടെ ഉള്‍ക്കാഴ്‍ചയോടെ യാഥാര്‍ഥ്യത്തെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യംവയ്‍ക്കുന്നതെന്നും അഭിലാഷ് ബാബു വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ഡോ. അഭിലാഷ് ബാബു സംസാരിക്കുന്നു.
മോക്യുമെന്ററി
ഒരു മോക്യുമെന്ററിയായിട്ടാണ് സിനിമ ചെയ്‍തിരിക്കുന്നത്. ഡോക്യുമെന്ററിയായി ഫോളോ ചെയ്യുന്ന രീതിയാണ്. ഒരു കുടുംബത്തില്‍ നടക്കുന്ന കഥയാണ്. വ്യത്യസ്‍തരായ കുടുംബമെന്ന തീര്‍ച്ചപ്പെടുത്തലലില്‍ ഡോക്യുമെന്ററി മേയ്‍ക്കര്‍ ഇവരുടെഅടുത്തേയ്‍ക്ക് വരികയാണ്. ഒരു വശത്ത് അച്ഛനും മകനും. മറുവശത്ത് അമ്മയും മകളുമാണ് ഉള്ളത്. യംഗ് ജനറേഷനില്‍ ഉള്ള കുട്ടികള്‍ പരസ്‍പരം ഇഷ്‍ടത്തിലായിരുന്നു. അതറിയാതെ അച്ഛനും അമ്മയും പ്രണയത്തിലാകുന്നു. തുടര്‍ന്ന് അവരിലുണ്ടാകുന്ന സംഘര്‍ഷമാണ് പ്രധാന കഥാ തന്തുവായി സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ പശ്ചാത്തലവും കഥയും ഡോക്യുമെന്റിക്കാരനോട് പറയുന്ന രീതിയിലാണ് പുരോഗമിക്കുന്നത്.
undefined
പ്രോഗ്രസീവായി ജീവിക്കുന്നുവെന്ന് ധാരണ വെച്ചുപുലര്‍ത്തുന്ന മിഡില്‍ ക്ലാസ് ആള്‍ക്കാരാണ് അവര്‍. എന്നാല്‍ അത്ര പ്രോഗ്രാസീവല്ലെന്ന തരത്തിലാണ് സിനിമ അവരെ അവതരിപ്പിക്കുന്നത്. മലയാളി പൊതുബോധത്തിലുള്ള കപട സദാചാരം ഇവരിലൂടെ പ്രതിഫലിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതാണ് പ്രധാന കഥാ തന്തു.
കഥാപാത്രങ്ങള്‍ രണ്ട് തരത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ പുരോഗമനവാദികളാണ് എന്ന് സ്വയം കരുതുന്നവരാണ് അവര്‍. മുതിര്‍ന്ന ആള്‍ക്കാര്‍ പുരോഗമനവാദികളാണ് എന്ന് പറയുന്നുണ്ടെങ്കിലും ഇവരുടെ സംസാരത്തിലൂടെ മറ്റുപലതും പുറത്തുവരികയുമാണ്. ഇതിലെ സ്‍ത്രീ കഥാപാത്രം ഒരു കവി ആണ്. അവര്‍ മനുഷ്യ ബന്ധങ്ങളെ പറ്റി ഒരു കവിത ഡോക്യുമെന്ററി ഡയറക്ടറുടെ മുന്നില്‍ ചെല്ലുകയാണ്. അവര്‍ വായിക്കുന്ന ഒരു കവിതയുടെ ആദ്യ വരിയാണ് മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ... എന്നത്. മൊത്തം ആശയത്തെ ധ്വനിപ്പിക്കും എന്നതിനാലാണ് സിനിമയ്‍ക്ക് ആ പേര് സ്വീകരിച്ചത്.
കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്
സിനിമയിലേക്ക് കാസ്റ്റിംഗ് കോള്‍ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെ അഭിനേതാക്കളെ കണ്ടെത്താനായില്ല. പല സുഹൃത്തുക്കളും പറഞ്ഞാണ് പിന്നീട് സിനിമയ്ക്ക് യോജിച്ചവരെ കിട്ടിയത്. നാല് പ്രധാന കഥാപാത്ര ഇതിലുള്ളത്. സ്വന്തമായി ഡയലോഗ് പറയേണ്ടവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. അതിനാല്‍ സാമൂഹ്യമായിട്ടും രാഷ്‍ട്രീയപരമായിട്ടുമൊക്കെ ഒരു ധാരണയുള്ള ആള്‍ക്കാരാകണം എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെ തെരഞ്ഞെടുത്തവര്‍ക്കായി ഒരു വര്‍ക്ക്‍ഷോപ്പും ഞങ്ങള്‍ നടത്തിയിരുന്നു. അതിലെ പ്രകടനം നോക്കി യോജിച്ചവരെ തെരഞ്ഞെടുത്ത് മുന്നോട്ടു പോകുകയായിരുന്നു. എന്റെ ഒന്നാമത്തെ സിനിമയുണ്ടായിരുന്നു ആലോകം: റേഞ്ചസ് ഓഫ് വിഷൻ. ആലോകത്തില്‍ ഡ്രാമയുടെ ഒരു ഭാഗമുണ്ടായിരുന്നു. അതില്‍ ഡ്രാമ ഡയറക്ട് ചെയ്‍ത പേരൂര്‍ക്കട ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡരി സ്‍കൂളിലെ ഒരു അധ്യാപകനുണ്ടായിരുന്നു. ഡോ. ആരോമല്‍. അദ്ദേഹമായിരുന്നു ഗ്രൂമിംഗ് സെഷൻ നടത്തിയത്.
രൂപത്തില്‍ പരീക്ഷണം
രൂപത്തില്‍ പൂര്‍ണമായും ഒരു പരീക്ഷമാണ്. സാധാരണ കാണുന്ന ഒരു അഭിനയമല്ല ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. ഡോക്യുമെന്ററി കണ്ടിരിക്കുന്നതുപോലെയാണ് കാണാൻ പറ്റുക. പക്ഷേ മെറ്റാ സിനിമാറ്റിക് എലമെന്റ്‍സ് ഉണ്ട്. സിനിമ സിനിമയെ പറ്റി സംസാരിക്കുന്നുണ്ട്. ആ സമയങ്ങളിലാണ് മോക്യുമെന്ററിയാണെന്ന് മനസ്സിലാക്കാതെ കാണുന്ന ഒരു പോയന്റിലെത്തുന്നതും ഇത് ഒരു ഫിക്ഷനാണ് എന്ന് മനസ്സിലാക്കാനുമാകുക. സംവിധായകന്റെ ഇൻവോള്‍വ്‍മെന്റും ഇതില്‍ വരുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഞാൻ തന്നെ സംവിധായകനായി വന്നിട്ട് ക്യാമറയുടെ പിന്നില്‍ നിന്നിട്ട് അഭിനേതാക്കളെ നിയന്ത്രിക്കുന്നുണ്ട്. സംഭാഷണം ഇങ്ങനെ പറയൂ എന്നൊക്കെ നിര്‍ദ്ദേശിക്കുന്നുണ്ട്. അപ്പോഴാണ് അവര്‍ റിയല്‍ ലൈഫിലെ ആള്‍ക്കാരല്ല, സിനിമയിലെ അഭിനേതാക്കളാണ് എന്ന് വ്യക്തമാകുന്നത്. പ്രത്യേക ഘട്ടത്തില്‍ ക്യാമറയും സിനിമയില്‍ വരുന്നുണ്ട്. മള്‍ട്ടി ക്യാമറയാണല്ലോ. അപ്പോള്‍ പ്രധാന ക്യാമറയില്‍ മറ്റ് ക്യാമറകളും വരുന്നുണ്ട്.
രണ്ടര ലക്ഷവും 13 മണിക്കൂറും
മൂന്ന് ഷെഡ്യൂളായിട്ടാണ് സിനിമ ചെയ്‍തത്. മൂന്ന് ദിവസമായിട്ടുള്ള 13 മണിക്കൂറിലാണ് സിനിമ എടുത്തിരിക്കുന്നത്. ജോസ് മോഹനാണ് പ്രധാന ഛായാഗ്രാഹകൻ. റോ ആയിട്ടുള്ള വിഷ്വലായിരുന്നു വേണ്ടിയിരുന്നത്. അതിനാല്‍ സോണിയുടെ എസെവൻഎസ്‍ടു ക്യാമറയാണ് ഉപയോഗിച്ചിരുന്നത്. ക്രൌഡ് ഫണ്ടിംഗ് സിനിമ ആയിരുന്നു. ചെറിയ ചെറിയ തുക സമാഹരിച്ചാണ് സിനിമ ചെയ്‍തത്. രണ്ടര ലക്ഷം രൂപയാണ് ബജറ്റ്. വര്‍ക്‍ഷോപ്പിന്റെ വിഷ്വല്‍സ് സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈലില്‍ ഷൂട്ട് ചെയ്‍ത രംഗങ്ങള്‍ സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു.
സിനിമയിലൂടെ രാഷ്‍ട്രീയം
സിനിമയോട് മാത്രമായി ഒരു പാഷനില്ല. എല്ലാ മാധ്യമങ്ങളും ശ്രദ്ധിക്കുന്നൊരാളാണ് ഞാൻ. കവിതകളും എഴുതിയിട്ടുണ്ട്. പ്ലേറ്റോയുടെ കൂട്, കറികള്‍ മനുഷ്യകഥാനുഗായികകള്‍ എന്നീ കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ആധുനിക കാലത്ത മീഡിയ ആയിട്ടാണ് സിനിമയെ കാണുന്നത്. വിഷ്വല്‍ കാലഘട്ടത്തില്‍ ജീവിക്കുന്നതാണ് ഒരു തലമുറയാണല്ലോ നമ്മൂടേത്. കാലഘട്ടത്തിന്റെ മീഡിയം എന്ന നിലയിലാണ് സിനിമ മനസ്സിലാക്കിയതാണ്. സിനിമാഭ്രാന്തനൊന്നുമല്ല ഞാൻ. സാമൂഹികമായ ഇടപെടലിന് ശ്രമിക്കണമെന്നുള്ള രാഷ്‍ട്രീയമായ കാഴ്‍ചപ്പാടാണ് സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ളത്. അതിന് യോജിച്ച മീഡിയം എന്ന രീിതിയിലാണ് സിനിമയെ സമീപിക്കുന്നത്.
കലയിലൂടെ ഉള്‍ക്കാഴ്‍ചയോടെ യാഥാര്‍ഥ്യത്തെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യംവയ്‍ക്കുന്നത്. അവ റിയലിസത്തിലൂടെ ആവിഷ്‍കരിക്കാൻ പറ്റാത്ത ഒന്നായിരിക്കും. ആ അര്‍ഥത്തില്‍ കലകള്‍ എപ്പോഴും ഉള്‍ക്കാമ്പോടെ റിയാലിറ്റിയില്‍ ചേരേണ്ടതാണ് എന്നാണ് എന്റെ പക്ഷം. രാഷ്‍ട്രീയപരമായി കലയെ കാണുന്നയാളാണ് ഞാൻ. അങ്ങനെയാണ് എന്നാല്‍ സിനിമ എന്ന മീഡിയം നോക്കാം എന്ന ശ്രമം നടത്തിയത്. ലക്ഷ്യവും മാര്‍ഗവും എന്ന് പറയാറുണ്ടല്ലോ. എനിക്ക് മാര്‍ഗമാണ് സിനിമ. പറയാനുള്ളത് ആവിഷ്‍കരിക്കാനുള്ള മാര്‍ഗമാണ് സിനിമ.
സ്വാധീനിച്ച ഐഎഫ്എഫ്‍കെ
പിജി കാലഘട്ടം മുതലേ ഐഎഫ്എഫ്‍കെയ്‍ക്ക് വരുന്ന ആളാണ്. ഐഫ്എഫ്എഫ്‍കെ എന്നെയും ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്താനുള്ള ഒരു കാരണമതാണ്. പല തരത്തിലുള്ള ക്രാഫ്റ്റുകളും നരേറ്റീവ്‍സും തരുന്ന ഇടങ്ങളും സ്വാധീനിച്ചിട്ടുണ്ട്. തിരുവനന്തപുരവും എന്നില്‍ സ്വാധീനിക്കപ്പെട്ട സ്ഥലമാണ്. ഇന്നത്തെ കാലഘട്ടവും പ്രധാനപ്പെട്ട ഒന്നാണ്.
ഇംഗ്ലീഷ് സാഹിത്യമാണ് ഞാൻ പഠിച്ചത്. പിഎച്ച്‍ഡിയും ഇംഗ്ലീഷിലാണ്. സ്‍ക്രിപ്റ്റിലും സംവിധാനത്തിലും ഡിപ്ലോമയും ഉണ്ട്. ഞാൻ അസിസ്റ്റന്റോ അസോസിയറ്റോ ആയിട്ടില്ല. അതില്‍ തീര്‍ച്ചയായും ഞാൻ പരാജയമായിരിക്കും. സാങ്കേതിത പഠിച്ചു വരുന്നതേ ഉള്ളൂ. മനസ്സില്‍ ഇമേജറിയോ വിഷ്യല്‍സും ഉണ്ടാകുക എന്നതാണ് പ്രധാനം.
മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ... പ്രദര്‍ശനങ്ങള്‍
പ്രീമിയര്‍ കലാഭവനില്‍ ഇന്ന് മൂന്ന് മണിക്ക്.
പതിനേഴിന് അജന്തയില്‍ രാവിലെ 9.45ന്
പത്തൊമ്പതിന് ന്യൂ സ്‍ക്രീൻ രണ്ടില്‍ ഉച്ചയ്‍ക്ക് 12 മണിക്ക്.
Read More: ഐഎഫ്എഫ്‍കെയില്‍ ഫെമിനിച്ചി ഫാത്തിമ, 67 ചിത്രങ്ങള്‍ ഇന്ന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക