വെള്ളാര്‍മലയില്‍ ഇനിയും ഉയരുമോ ആ കളി ചിരികൾ, പ്രകൃതി പാഠങ്ങള്‍

First Published | Aug 5, 2024, 4:09 PM IST

ഇത് വെള്ളാര്‍മല ജിവിഎച്ച്എസ്എസ്. ഇവിടെ നിന്നാണ് ആയിരക്കണക്കിന് കുട്ടികള്‍ ആദ്യ പാഠങ്ങള്‍ പഠിച്ചത്. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല.. ജൂലൈ 30 ന് അര്‍ദ്ധ രാത്രിയ്ക്ക് പിന്നാലെ ഒലിച്ചിറങ്ങിയ ഉരുളോടൊപ്പം പോയ ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നിടം. അവിടെ ഇനി അവശേഷിക്കുന്നത് ഒരു വലിയ സ്കൂള്‍ കെട്ടിടത്തിന്‍റെ അസ്ഥികൂടം മാത്രം. തകര്‍ന്ന കെട്ടിടവും തകര്‍ന്ന സ്വപ്നങ്ങളും മാത്രം. സ്കൂളിന് നഷ്ടമായ കുട്ടികളെത്ര എന്നതിന് അപകടം നടന്ന് ഏഴാം നാളും കൃത്യമായ കണക്കില്ല. 40 തിനും 50 തിനും ഇടയില്‍ എന്ന ഒരു ഏകദേശ കണക്ക് മാത്രം. മരണം അത് ഒന്നായാലും അമ്പതായാലും ഒരിക്കലും ഉണങ്ങാത്ത മുറിവായി, വെള്ളാര്‍മല ജിവിഎച്ച്എസ്എസിന് ചുറ്റുമൊരു വിങ്ങലായി ഇന്ന് തങ്ങിനില്‍ക്കുന്നു. ചിത്രങ്ങളും എഴുത്തും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അക്ഷയ് അജിത്ത്.

500 ന് മുകളില്‍ കുട്ടികള്‍ പഠിക്കുന്ന ജിവിഎച്ച്എസ്എസ് വെള്ളാര്‍മലയെ കുറിച്ച് പറയുമ്പോള്‍ ഉണ്ണികൃഷ്ണന്‍ മാഷിനെ കുറിച്ച് പറയാതെ പോകാനാകില്ല. 19 വര്‍ഷമായി അദ്ദേഹം വെള്ളാര്‍മലയിലെ കുട്ടികളോടൊപ്പമാണ് ഉണ്ടുറങ്ങിയിരുന്നത്. 

അതെ ഉണ്ണികൃഷ്ണന്‍ മാഷിന് ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, വെറുമൊരു തൊഴിലിടമായിരുന്നില്ല.  കഴിഞ്ഞ 19 വര്‍ഷം മാഷ് പഠിപ്പിച്ച, അല്ല ജീവിച്ച ഇടമാണ് ആ സ്കൂള്‍. കഴിഞ്ഞ 19 വര്‍ഷത്തിനിടെ ഒരിക്കല്‍ സ്വന്തം നാട്ടിലേക്ക് മാറ്റം കിട്ടിയപ്പോള്‍ പ്രദേശവാസികള്‍ക്ക് അത് അനുവദിക്കാനായില്ല. 

Latest Videos


അവരുടെ പ്രിയപ്പെട്ട മാഷെ മാറ്റൊരു സ്കൂളിലേക്ക് വിട്ടയക്കാന്‍. പക്ഷേ... കാര്യങ്ങള്‍ മനുഷ്യഹിതം പോലെയല്ല അനുഭവപ്പെടുകയെന്ന് മാത്രം. അദ്ദേഹം എന്നും തന്‍റെ കുട്ടികളെ പഠിപ്പിച്ചത് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനായിരുന്നു. (ഉണ്ണികൃഷ്ണന്‍ മാഷും വിദ്യാര്‍ത്ഥിയും ഒരു ഫയല്‍ ചിത്രം.) 

അദ്ദേഹത്തിന്‍റെ വാക്കുകള്‍ നല്‍കിയ കരുത്തില്‍ അവര്‍ പ്രകൃതിയോടിണങ്ങി തന്നെയാണ് ജീവിച്ചതും. പക്ഷേ, പ്രകൃതിയുടെ വഴികളില്‍ അവരൊന്നിച്ച്  ഇറങ്ങിപ്പോയി. 

'പ്രകൃതി സംരക്ഷമൊക്കെ നടത്തിയ മക്കള്‍... അവരെ പ്രകൃതി തന്നെ കൊണ്ട് പോയി. കൊണ്ട് പോകട്ടെ...' തികട്ടിവന്ന ഏങ്ങടലയ്ക്കാനാകാതെ ദുരന്തം തകര്‍ത്തെറിഞ്ഞ സ്കൂളിന്‍റെ മുറ്റത്ത് തകര്‍ന്ന മനസുമായി ഇരിക്കുന്ന ഉണ്ണികൃഷ്ണന്‍ മാഷിന് വാക്കുകള്‍ മുറിഞ്ഞ് പോകുന്നു. 

സ്കൂള്‍ കെട്ടിടത്തിന് സമീപത്തെ ഒരു ചെറിയ കെട്ടിടത്തിലായിരുന്നു കഴിഞ്ഞ 19 വര്‍ഷമായി അദ്ദേഹം താമസിച്ചിരുന്നതും. കുടുംബത്തിലെ ഒരു മരണ വാര്‍ത്ത അറിഞ്ഞ് നാട്ടില്‍ പോയ സമയത്താണ് ഉരുള്‍പൊട്ടിയത്. അതിനാല്‍ അദ്ദേഹം രക്ഷപ്പെട്ടു. 

പക്ഷേ, ജീവനോളം സ്നേഹിച്ച വിദ്യാര്‍ത്ഥികളില്‍ പലരും ഇനി ആ ക്ലാസ് മുറികളിലുണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യം വേദനയായി നില്‍ക്കുന്നു. ജിവിഎച്ച്എസ്എസ് വെള്ളാര്‍മലയിലെ അമ്പത് കുട്ടികളെയാണ് കാണാതായതെന്നാണ് അധ്യാപകരുടെ ഏകദേശ കണക്ക്. ഉണ്ണി മാഷിന്‍റെ അതേ മാനസികാവസ്ഥയിലാണ് സ്കൂളിലെ മറ്റ് അധ്യാപകരും. 
 

ആറ് വര്‍ഷം മുമ്പ് വരെ പഠന നിലവാരത്തില്‍ ഏറെ പിന്നിലായിരുന്നു വെള്ളാര്‍മല  ജിവിഎച്ച്എസ്എസ്. ഒടുവില്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളാരംഭിച്ചു. കുട്ടികള്‍ക്ക് വേണ്ടി അധ്യാപകരൊന്നിച്ച് നിന്നപ്പോള്‍ ആ നാട് 'അപ്പാടെ' അവര്‍ക്ക് പിന്നില്‍ ഉറച്ച് നിന്നു. (ചിത്രത്തില്‍ ദൂരെ ഉരുളുപൊട്ടിയൊഴുകിയ പുഞ്ചിരിമട്ട കാണാം.)

ആറ് മണിക്ക് തന്നെ വിദ്യാര്‍ത്ഥികളും അധ്യാപകരുമെത്തി. അതിന് ഫലമുണ്ടായി പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ചിലപ്പോഴൊക്കെ നൂറ് ശതമാനം കുട്ടികളും വിജയിച്ചു. ഇത്തവണയുമുണ്ട് ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ ഒരുപാടുപേര്‍. 

സ്കൂളിന് മുന്നില്‍ ഒരു ചെറിയ കളിസ്ഥലം. അവിടെ ഒരു അരയാല്‍. അതും കഴിഞ്ഞാണ് പുഞ്ചിരിമട്ടയില്‍ നിന്നും കിനിഞ്ഞിറങ്ങി വന്ന തെളിനീര്‍ ഒഴുകിയ അരുവി, ഇരുവഴിഞ്ഞിപ്പുഴ. നല്ല മഴക്കാലത്ത് കൂടിപോയാല്‍ ഒരു പത്ത് മീറ്റര്‍ വീതി മാത്രമുണ്ടായിരുന്ന ചെറിയൊരു അരുവി. 

പാഠം പ്രകൃതിയെ കുറിച്ചാകുമ്പോള്‍ ഉണ്ണികൃഷ്ണന്‍ മാഷ് അടക്കമുള്ള അധ്യാപകര്‍ കുട്ടികളെ ആല്‍മരത്തിന് ചുവട്ടിലേക്ക് കൂട്ടും. പിന്നെ അരുവില്‍ നിന്നുള്ള കാറ്റേറ്റ് അരയാലിന്‍റെ തണലിലാണ് അവരുടെ പഠനം. ഇന്ന് പ്രകൃതി പാഠങ്ങള്‍ക്ക് തണല്‍ വിരിച്ച അരയാല്‍ പോലുമില്ല. (ചിത്രത്തില്‍ ദൂരെ ഉരുളുപൊട്ടിയൊഴുകിയ പുഞ്ചിരിമട്ട കാണാം.)

അരുവി തന്നെ ഗതിമാറിയാണ് ഇന്ന് ഒഴുകുന്നത്. ഇരുകരകള്‍ തമ്മില്‍ ഇന്ന് അമ്പത് മീറ്ററിലേറെ ദൂരമുണ്ട്. ആ അമ്പത് മീറ്റര്‍ ദൂരത്തിലായിരുന്നു നൂറ് കണക്കിന് വീടുകളും ഏതാണ്ട് മുന്നൂറോളം ജീവനുകളും ഒലിച്ച് പോയത്. അതില്‍ വെള്ളാര്‍മല സ്കൂളിലെ കുട്ടികളുമുണ്ടായിരുന്നു. അവരുടെ രക്തബന്ധങ്ങളുണ്ടായിരുന്നു. കൂട്ടുകാരുണ്ടായിരുന്നു. 

നഷ്ടപ്പെട്ട കെട്ടിടങ്ങള്‍ ഇനിയും ഉയരും. പതുക്കെയെങ്കിലും വെള്ളാര്‍മല ജിവിഎച്ച്എസ്എസിലും ക്ലാസുകള്‍ ആരംഭിക്കും. പക്ഷേ, ഇനിയെങ്ങനെ ആ സ്കൂളില്‍ ഇരിക്കുമെന്നോ ക്ലാസുകള്‍ എടുക്കാന്‍ കഴിയുമെന്നോ ഇന്നാര്‍ക്കുമറിയില്ല. 'ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ'യെന്ന് ദുരന്തഭൂമിയില്‍ നിന്ന് സര്‍വ്വവും നഷ്ടപ്പെട്ടൊരാള്‍ പറഞ്ഞതോര്‍ക്കുന്നു. 
 

click me!