ഇസ്രയേലില്‍ ഒരു വൈന്‍ ഫാക്ടറി, അതും 1500 വര്‍ഷം പഴക്കമുള്ളത്... !

First Published | Oct 13, 2021, 1:42 PM IST

ഭൂമുഖത്തെ മനുഷ്യന്‍റെ ആദ്യ കാല ചരിത്രം മുതല്‍ സജീവമായിരുന്ന പ്രദേശമാണ് മദ്ധ്യേഷ്യ. ലോകത്തിലെ ഏറ്റവും പ്രബലമായ മൂന്ന് മതങ്ങളുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന പ്രദേശവും ഇതാണ്. മനുഷ്യ ചരിത്രത്തിലുടനീളം ഒരു പ്രദേശമെന്ന തരത്തില്‍ മദ്ധ്യേഷ്യ ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട് തന്നെ മനുഷ്യന്‍റെ ഉപേക്ഷിച്ച പല ചരിത്രതീത തെളിവുകളും ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടത് 1500 വര്‍ഷം പഴക്കമുള്ള വൈന്‍ ഫാക്ടറിയാണ്. അറിയാം ആ പുരാതന വൈന്‍ ഫാക്ടറിയുടെ വിശേഷങ്ങള്‍... 

ബൈസന്‍റൈന്‍ കാലഘട്ടത്തിലെ , ഇതുവരെ വച്ച് ഏറ്റവും വലിയ വൈന്‍ ഫാക്ടറിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. യാവ്‌നെയിൽ കണ്ടെത്തിയ അത്യാധുനിക വൈന്‍ ഫാക്ടറിക്ക് പ്രതിവർഷം രണ്ട് ദശലക്ഷം ലിറ്റർ വീഞ്ഞ് ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഇസ്രായേൽ പുരാവസ്തു അതോറിറ്റി പറയുന്നു. 

നിലവില്‍ യുകെയില്‍ മൊത്തത്തിൽ പ്രതിവർഷം എട്ട് ദശലക്ഷം ലിറ്റർ മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്ന് കൂടി അറിയുമ്പോഴാണ് ഈ ഫാക്ടറിയിലെ വൈല്‍ ഉദ്പാദനത്തിന്‍റെ വലിപ്പം അറിയുക.


75,000 ചതുരശ്ര അടി സ്ഥലത്ത് പുരാവസ്തു ഗവേഷകർ രണ്ട് വർഷത്തോളം ഖനനം നടത്തിയാണ് ഇപ്പോള്‍ വൈന്‍ ഫാക്ടറി കണ്ടെത്തിയിരിക്കുന്നത്.  യവ്നെ നഗരം ചുറ്റുമുള്ള പ്രദേശത്തേക്ക് നഗരം വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ ലാൻഡ് അതോറിറ്റിയുടെ നീക്കത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഖനനം. 

അഞ്ച് കൂറ്റൻ വൈൻ പ്രസ്സുകൾ, വൈന്‍ കാലങ്ങളോളും സൂക്ഷിക്കുന്നതിനും വൈൻ വിൽക്കുന്നതിനുമുള്ള പ്രത്യേകം വെയർഹൗസുകൾ, വൈൻ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന കളിമൺ പാത്രങ്ങൾ നിര്‍മ്മിക്കുന്നതിനുള്ള ചൂളകൾ എന്നിവയും കണ്ടെത്തി.

സംഘടിതവും ഘടനാപരവുമായ ഫാക്ടറി പ്രവര്‍ത്തനമായിരുന്നു ഇവിടെ നടന്നിരുന്നത്. 'ഗാസ' അഥവാ 'ആഷ്കെലോൺ' എന്നറിയപ്പെടുന്ന പ്രാദേശിക വൈനാണ് ഉത്പാദിപ്പിച്ചിരുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ അനുമാനിക്കുന്നു. ഗാസ മെഡിറ്ററേനിയൻ കടല്‍ കടന്ന് വിദൂര ദേശങ്ങളിലേക്ക് പോലും കയറ്റിയയച്ചിരുന്നു. 

ഇസ്രായേലിന്‍റെ മധ്യഭാഗത്തായിരുന്ന ഈ സ്ഥലത്ത് വെള്ളത്തിന്‍റെ ഗുണനിലവാരം മോശമായത് കാരണം ബൈസന്‍റൈൻ കാലഘട്ടത്തിൽ മുതിർന്നവരും കുട്ടികളും വീഞ്ഞ് കുടിക്കുന്നത് സാധാരണമായിരുന്നു. 

മൂന്ന് വലിയ പള്ളികളുള്ള ഒരു ക്രിസ്ത്യൻ പട്ടണമായിരുന്നു അത്, എന്നാൽ അതേ സമയം 520 ബിസിയിൽ ഈ പട്ടണത്തിൽ ജൂതരും ശമര്യക്കാരും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 

ചരിത്രത്തിലെ ഏറ്റവും വലിയ വൈന്‍ ഫാക്ടറിയോടൊപ്പം ഗ്ലാസും ലോഹവും ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളും ഒൻപതാം നൂറ്റാണ്ടിലെ ഒരു വീടും, ബൈസന്‍റൈൻ, ഇസ്ലാമിക് എന്നിവ ഭരണത്തിനിടെയിലെ കാലയളവിലെ മറ്റ് ചില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി ഗവേഷണത്തിനും ഖനനത്തിനും നേതൃത്വം കൊടുത്ത ഡോ എല്ലി ഹദ്ദാഡ്, ലിയാത്ത് നദവ്-സിവ് , സെലിഗ്മാൻ എന്നിവര്‍ പറഞ്ഞു. 

സങ്കീര്‍ണ്ണമായ നിര്‍മ്മാണമായിരുന്നു വൈന്‍ ഫാക്ടറിയുടെത്. ഏങ്കിലും എല്ലാ മുറികളിലേക്കും എത്തിച്ചേരുവാനുള്ള വഴികള്‍ വ്യക്തമായിരുന്നു. അതോടൊപ്പം വൈന്‍ ഫാക്ടറിയില്‍ കേടുകൂടാതെ സംരക്ഷിക്കപ്പെട്ട പതിനായിരക്കണക്കിന് മണ്‍പാത്രങ്ങളും കണ്ടെത്തി. 

തുറന്നിടപ്പെട്ട ഓരോ വൈൻ ഉത്പാദക കേന്ദ്രങ്ങളും ഏകദേശം 2,421 ചതുരശ്ര അടി (225 ചതുരശ്ര മീറ്റർ) വിസ്തീർണ്ണം ഉൾക്കൊള്ളുന്നു. അഞ്ചെണ്ണം രണ്ട് കൂറ്റൻ വെയർഹൗസുകളുമായി സംയോജിപ്പിക്കുന്നു. ഇത്രയും വലിയ ഫാക്ടറിയുണ്ടായത് കൊണ്ട് തന്നെ നഗരത്തിലെ ഏറ്റവും സജീവമായ വ്യവസായ മേഖലയും ഇതായിരുക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 

മുന്തിരി ചവിട്ടുന്ന തറയ്ക്ക് ചുറ്റും ദ്രാവകം വേര്‍തിരിച്ചെടുക്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നു.  വീഞ്ഞ് പുളിക്കാൻ പ്രത്യേകം അറകളുണ്ടായിരുന്നു. അതിനടുത്തായി വീഞ്ഞ് ശേഖരിക്കുന്നതിന് രണ്ട് വലിയ അഷ്ടഭുജാകൃതിയിലുള്ള പാത്രങ്ങളും. 

വാണിജ്യ അളവിൽ വൈൻ ഉത്പാദിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു നൂതന ഫാക്ടറി ഇവിടെ കണ്ടെത്തിയതിൽ തങ്ങള്‍ അത്ഭുതപ്പെട്ടെന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല വൈന്‍ ഉത്പാദക കേന്ദ്രത്തെ അലംങ്കരിക്കാന്‍ ശംഖിന്‍റെ ആകൃതിയിലുള്ള അലങ്കാര വസ്തുക്കള്‍ ഒരുക്കിയിരുന്നു. ഇത് ഫാക്ടറി ഉടമകളുടെ സമ്പന്നതയെ കാണിക്കുന്നു. 

'ഈ മദ്യശാലകളുടെ ഉൽപാദന ശേഷിയുടെ കണക്കുകൂട്ടൽ കാണിക്കുന്നത് ഓരോ വർഷവും ഏകദേശം രണ്ട് ദശലക്ഷം ലിറ്റർ വൈൻ ഇവിടെ നിന്ന് വിപണനം ചെയ്യപ്പെടുന്നു എന്നാണ്. അതേസമയം മുഴുവൻ പ്രക്രിയയും സ്വമേധയായാണ് നടത്തിയതെന്ന് നമ്മൾ ഓർക്കണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

വൈൻ പ്രസ്സുകൾക്കിടയിൽ, നാല് വലിയ വെയർഹൗസുകളാണ് കണ്ടെത്തിയത്. അത് ഫാക്ടറിയുടെ വൈനറിക്ക് രൂപം നൽകി. വിൽക്കുന്നതിനുമുമ്പ് ജ്യൂസ് ഏറെക്കാലത്തേക്ക് സംഭരിച്ചു വയ്ക്കപ്പെട്ടു. വീഞ്ഞ് 'ഗാസ ജാർസ്' (Gaza jars) എന്നറിയപ്പെടുന്ന നീളമേറിയ ആംഫോറ (മണ്ണില്‍ നിര്‍മ്മിച്ച വലിയ കൂജ)യിലാണ് സൂക്ഷിക്കപ്പെട്ടിരുന്നത്. ലക്ഷക്കണക്കിന് ആംഫോറകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവ നിര്‍മ്മിക്കുന്നതിന് വലിയ ചൂളകളാണ് ഇവിടെ ഉണ്ടായിരുന്നത്. 

ടെൽ അവീവിൽ നിന്ന് 15 മൈൽ അകലെയും മെഡിറ്ററേനിയൻ കടലിൽ നിന്ന് ഏതാനും മൈൽ കിഴക്കുമായിട്ടാണ് യാവ്നേ എന്ന നഗരത്തിന്‍റെ കിടപ്പ്. കടലിനോടുള്ള സാമീപ്യമാണ് യാവ്നേനെ പുരാതന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈൻ ഉൽപാദന കേന്ദ്രങ്ങളിലൊന്നായി മാറ്റിയതെന്ന് കരുതുന്നു. 

പുരാതന ലോകത്തിന്‍റെ ഗുണമേന്മയുള്ള വൈൻ ബ്രാൻഡായി ഗാസയും അഷ്‌കെലോൺ വൈനും പരിഗണിക്കപ്പെട്ടിരുന്നതായി ഗവേഷകര്‍ പറയുന്നു. അതിന്‍റെ പ്രശസ്തി ദൂരെ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. കടല്‍ കടത്തിയും ഗാസ ജാര്‍സ് വില്‍പന നടത്തിയിരുന്നു. 

ജാഫ ഓറഞ്ച് പോലെയാണ് ഇസ്രായേലിൽ നിന്ന് ഇന്ന് അവയുടെ ഉത്ഭവവും ഗുണവും സൂചിപ്പിക്കുന്നതെന്ന് പുരാവസ്തു ഗവേഷകർ വിശദീകരിക്കുന്നു. ഇത് വിശുദ്ധ ഭൂമിയില്‍ നിന്നുള്ള ഉൽപന്നമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു, എല്ലാവർക്കും ഈ വീഞ്ഞ് കൂടുതൽ കൂടുതൽ ആവശ്യമാണെന്ന് ഡോ. സെലിഗ്മാനും സഹപ്രവർത്തകരും അഭിപ്രായപ്പെട്ടു.

'മെഡിറ്ററേനിയന് ചുറ്റുമുള്ള പല രാജ്യങ്ങളിലേക്കും ഈ വീഞ്ഞ് കയറ്റിയയക്കപ്പെട്ടു. 'ഞങ്ങൾ ഈജിപ്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്, ഒരു പക്ഷേ തുർക്കി, ഗ്രീസ്, എന്തിന് തെക്കൻ ഇറ്റലിയിലേക്ക് വരെ ഈ വൈന്‍ വില്‍പ്പന നടത്തിയിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു. 

ഗാസയ്ക്കും അഷ്‌കെലോണിനും അത് വില്‍ക്കാന്‍ വച്ച തുറമുഖത്തിന്‍റെ പേരുകളാണ് ലഭിച്ചിരുന്നത്. വൈൻ ഉത്പാദിപ്പിച്ചിരുന്ന മറ്റ് സ്ഥലങ്ങള്‍ 'തെക്കൻ തീരപ്രദേശത്ത് നിന്നാ'ണെന്നാണ് പൊതുവേ അറിയപ്പെട്ടിരുന്നത്. എന്നാല്‍, പുതിയ കണ്ടെത്തലോടെ ആ തെക്കന്‍ തീരത്തെ പ്രധാന വൈന്‍ ഉത്പാദന കേന്ദ്രം തങ്ങള്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. 

ഇവിടെ നിന്ന്, വാണിജ്യത്തിനുള്ളത് തുറമുഖങ്ങളിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് മെഡിറ്ററേനിയൻ തടത്തിലുടനീളമുള്ള പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നുള്ള വൈന്‍ എത്തിചേര്‍ന്നു. ജറുസലേമിന്‍റെ നാശത്തിന് ശേഷം യഹൂദ നേതൃത്വം യവ്‌നിലേക്ക് കുടിയേറി. 

നൂറുകണക്കിന് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ 1.7 ഏക്കർ വരുന്ന സ്ഥലത്ത് ഇസ്രായേൽ പുരാവസ്തു അതോറിറ്റി നടത്തുന്ന മെഗാ-ഖനനമാണ് യാവ്നെ ഖനനമെന്ന് ഇസ്രയേൽ പുരാവസ്തു അതോറിറ്റി ഡയറക്ടർ എലി എസ്കോസിഡോ പറഞ്ഞു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!