മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള തെന്നിന്ത്യന്‍ നടിയാണ് ബേബി ശാമിലി എന്നും അറിയപ്പെടുന്ന ശാമിലി. 1987 ലാണ് ശാമിലിയുടെ ജനനം.
1990-ൽ പുറത്തിറങ്ങിയ 'അഞ്ജലി' എന്ന തമിഴ് ചിത്രത്തിലെ മാനസിക വൈകല്യമുള്ള കുട്ടിയായ അഞ്ജലിയെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.
1990 ല്‍ തന്നെ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി എന്ന ചിത്രത്തിലെ അഭിയനയത്തിന് ശാമിലി കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി. കുഴൽക്കിണറിനുള്ളിൽ കുടുങ്ങിയ കുട്ടിയായി ചിത്രത്തില്‍ ശാമിലി തകര്‍ത്തഭിനയിച്ചു.
കന്നഡയിലെ അരങ്ങേറ്റ ചിത്രമായ 'മാതേ ഹദീതു കോഗിലേ'യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡും ശാമിലിയെ തേടിയെത്തിയിട്ടുണ്ട്.
രണ്ട് വയസ്സുള്ളപ്പോള്‍ മണിരത്‌നത്തിന്‍റെ ചിത്രത്തിലൂടെയാണ് ശാമിലി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തെന്നിന്ത്യന്‍ ചിത്രങ്ങളിലെ ബാലതാരമായി സ്ഥിരം സാന്നിധ്യമായിരുന്നു ശാലിനിയും അനുജത്തി ശാമിലിയും.
ഫാസിലിന്‍റെ ഹരികൃഷ്ണൻസിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും സഹോദരിയായും മലയാളത്തില്‍ ശാമിലി അഭിനയിച്ചു.
എന്നാല്‍ കുട്ടിക്കാലത്തെ വിജയം പിന്നീടുള്ള ചിത്രങ്ങള്‍ക്ക് നേടിയെടുക്കാനായില്ല. ഇതോടെ സിനിമാ രംഗത്ത് നിന്ന് തത്ക്കാലികമായി മാറി നില്‍ക്കുകയാണ് ശാമിലി.
അതിനിടെയാണ് ശാമിലി ചിത്രകലയിലും ഒരു കൈ നോക്കുന്നത്. ചെറുതും വലുതുമായ നിരവധി ചിത്രങ്ങള്‍ ശാമിലിയുടെതായുണ്ട്.
2009 ല്‍ ആനന്ദ് രംഗയുടെ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച ഓയ് എന്ന ചിത്രത്തിലാണ് ശാമിലി ആദ്യമായി നായികയായി അഭിനയിച്ചത്.
സിദ്ധാർത്ഥായിരുന്നു നായകന്‍, എന്നാല്‍ ബോക്സ് ഓഫീസിൽ സിനിമയ്ക്ക് വലിയ വിജയം സമ്മാനിക്കാന്‍ കഴിഞ്ഞില്ല.
1989–2000 വരെയുള്ള കാലഘട്ടമായിരുന്നു, ശാമിലി സിനിമാ വ്യവസായത്തില്‍ ഏറ്റവും സജീവമായിരുന്ന വര്‍ഷങ്ങള്‍.
2000 ൽ 'കണ്ടുകണ്ടൈ കണ്ടുകണ്ടൈ' എന്ന തമിഴ് ചിത്രത്തില്‍ ഐശ്വര്യ റായിയുടെ ഇളയ സഹോദരിയായിട്ടായിരുന്നു ശാമിലി അഭിനയിച്ചത്.
2016 ൽ വിക്രം പ്രഭു നായകനായ വീര ശിവാജി എന്ന തമിഴ് ചിത്രത്തിലൂടെ അവര്‍ നായികയായി എത്തിയെങ്കിലും ചിത്രം വേണ്ടത്ര വിജയം കണ്ടില്ല. പിന്നീട് ശാമിലി സിനിമയില്‍ നിന്ന് വിട്ടുനിന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ളയാളാണ് ശാമിലി. അവരുടെ ചിത്രങ്ങള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്.
ചിത്രം വരയ്ക്കുന്ന നിരവധി വീഡിയോകളും ശാമിലി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona