'സർട്ടിഫിക്കറ്റ് തരാം, പക്ഷേ 25,000 കൈക്കൂലി വേണം'; വയനാട്ടിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും പിഴയും

By Web Team  |  First Published Nov 28, 2024, 6:39 PM IST

സെയിൽസ് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഒരു സ്വകാര്യ സ്ഥാപന ഉടമയിൽ നിന്നും സെയിൽസ് ടാക്സ് ഓഫീസറായിരുന്ന സജി ജേക്കബ് 25000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.


കൽപ്പറ്റ: കൈക്കൂലി കേസ്സിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുൻ സെയിൽസ് ടാക്സ് ഓഫീസറായിരുന്ന സജി ജേക്കബിനെയാണ് കൈക്കൂലിക്കേസിൽ ശിക്ഷിട്ടത്. ഒരു സ്വകാര്യ സ്ഥാപന ഉടമയിൽ നിന്നും  25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് നടപടി. വിവിധ വകുപ്പുകളിലായി 7 വർഷം തടവിനും 1,00,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് തലശ്ശേരി വിജിലൻസ് കോടതി വിധിച്ചത്.

2015 ജനുവരി ഏഴാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം. സെയിൽസ് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഒരു സ്വകാര്യ സ്ഥാപന ഉടമയിൽ നിന്നും സെയിൽസ് ടാക്സ് ഓഫീസറായിരുന്ന സജി ജേക്കബ് 25000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. സ്ഥാപന ഉടമ വിവരം വിജിലൻസിൽ അറിയിച്ചു. തുടർന്ന് കൈക്കൂലി വാങ്ങവെ സെയിൽസ് ടാക്സ് ഓഫീസറെ വയനാട് വിജിലൻസ് യൂണി യുണിറ്റ് കൈയ്യോടെ പിടികൂടുകയായിരുന്നു.

Latest Videos

undefined

തുടർന്ന് അന്വേഷണം നടത്തി വിജിലൻസ് കുറ്റപത്രം നൽകി. ഈ  കേസിലാണ് സജി ജേക്കബിനെ തലശ്ശേരി വിജിലൻസ് കോടതി ജഡ്ജ്  കെ. രാമകൃഷ്ണൻ   ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.  വിധിക്ക് പിന്നാലെ പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ  ഉഷാ കുമാരി.കെ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read More : ബംഗാൾ ഉൾക്കടലിന് മുകളിൽ അതിതീവ്രന്യൂനമർദം; മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങണം, കേരള തീരത്തും വിലക്ക്

click me!