National Strike: ദേശീയ പണി മുടക്ക് രണ്ടാം ദിനം; കേരളത്തിന് നഷ്ടം 4,380 കോടി

First Published | Mar 29, 2022, 3:58 PM IST


തിരുവനന്തപുരം: ദേശീയ പണിമുടക്ക് കേരളത്തിൽ രണ്ടാം ദിവസവും ശക്തമായി തുടരുമ്പോള്‍ ദേശീയ തലത്തില്‍ പല സംസ്ഥാനങ്ങളിലും പണി മുടക്ക് വെറും പ്രകടനത്തിലൊതുങ്ങി. പശ്ചിമബംഗാളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അവധിയെടുക്കുന്നതിൽ ഇന്നും വിലക്ക് ഉണ്ട്. ബാങ്കിങ്. ഇൻഷുറൻസ്, കൽക്കരി വ്യവസായം അടക്കമുള്ള മേഖലകളെ ആദ്യദിന പണിമുടക്ക് ഭാഗികമായി ബാധിച്ചിരുന്നു. ഇവിടങ്ങളിൽ ഇടത് തൊഴിലാളി യൂണിയനുകള്‍ ഇന്നും പണിമുടക്കിൽ തന്നെയാണ്. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ പൊതു​ഗതാ​ഗതം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലാണ്. ഒരിടത്തും കടകൾ തുറന്നില്ല. ‌തുറന്ന കടകള്‍ സമരാനുകൂലികള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. ഇന്നലത്തെ അപേക്ഷിച്ച് കൂടുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. കേരളത്തിന്‍റെ വ്യവസായ മേഖലയിൽ പണിമുടക്ക് പൂർണമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ തൊഴിലാളികളെ തടഞ്ഞു. കേരളത്തില്‍ സമരാനുകൂലികള്‍ വഴികള്‍ തടഞ്ഞും തുറന്ന കടകള്‍ അടപ്പിച്ചും സമരം ശക്തമാക്കുമ്പോള്‍ തങ്ങള്‍ക്ക് അംഗബലമില്ലാത്ത മറ്റ് സംസ്ഥാനങ്ങളില്‍ സമരം വെറും പ്രകടനത്തിലൊതുക്കി. ദേശീയ പണിമുടക്ക് യാഥാര്‍ത്ഥ്യത്തില്‍ കേരളത്തെ മാത്രമാണ് പ്രതികൂലമായി ബാധിച്ചത്. രണ്ട് ദിവസത്തെ പണിമുടക്കിലൂടെ കേരളത്തിന് നഷ്ടം 4380 കോടി രൂപയാണെന്ന് കണക്കാക്കുന്നു.  ദേശീയ പണിമുടക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു നഗരത്തെയും ബാധിച്ചില്ല. 

സാമ്പത്തിക വർഷം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. രണ്ട് ദിവസത്തെ പണിമുടക്കിലൂടെ കേരളത്തിന് 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

കൊവി‍ഡ് വ്യാപനത്തിന്‍റെ തിരിച്ചടിയില്‍ നിന്നും കരകയാറന്‍ ശ്രമിക്കുന്നതിനിടയിലാണ് തുടര്‍ച്ചയായ രണ്ട് ദിവസം കേരളം സ്തംഭിച്ചത്. 2021ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ GSDP 7,99,591 കോടിയാണ്. അതായത് പ്രതിദിനം 2190 കോടി. ഇതുവഴി രണ്ട് ദിവസത്തെ പണിമുടക്ക് മൂലം കേരളത്തില്‍ 4380 കോടിയുടെ നഷ്ടമുണ്ടാക്കുമെന്നും സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 


സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് വെറും രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്, തുടര്‍ച്ചയായി രണ്ട് ദിവസം കേരളം നിശ്ചലമായത്. ശനി, ഞായര്‍ അവധി കണക്കിലെടുക്കുമ്പോള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി 4 ദിവസം മുടങ്ങി. ശ്രീലങ്കയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍  കേരളത്തിക്ക് വരേണ്ടിയിരുന്ന ടൂറിസ്റ്റുകളില്‍ വലിയൊരു വിഭാഗവും ഗോവയിലേക്കും രാജസ്ഥാനിലേക്കും പോയി. 

സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി (High Court) നിർദ്ദേശത്തിന് പുല്ലുവിലയാണ് ഉദ്യോഗസ്ഥര്‍ കൊടുത്തത്. ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിലടക്കം ഹാജർ നില വളരെ കുറവ്. സെക്രട്ടറിയേറ്റിൽ ആകെയുള്ള 4821 സ്ഥിരം ജീവനക്കാരിൽ 174 പേരാണ് ജോലിക്കെത്തിയത്. പല വിഭാഗങ്ങളിലും ആരും ജോലിക്കെത്തിയില്ല.

ഇതോടെ പണിമുടക്ക് സൃഷ്ടിച്ച തിരിച്ചടിയില്‍ നിന്നും കരകയറാന്‍ കേരളത്തിന് വരും നാളുകളില്‍ ഏറെ വിയര്‍പ്പൊഴുക്കണ്ടി വരുമെന്നുറപ്പ്. പണിമുടക്കാണെങ്കിലും കടക‌ൾ തുറക്കേണ്ടവർക്ക് തുറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും സംസ്ഥാനത്ത് പലയിടത്തും തുറന്ന കടകൾ സമരക്കാര്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. 

കോഴിക്കോട് അരീക്കാട് കട തുറന്ന വ്യാപാരിയെ സമരക്കാര്‍ മുഖത്തടിച്ചു. തിരുവനന്തപുരത്ത് ലുലുമാളിലേക്ക് പോയ ജീവനക്കാരെ തടഞ്ഞ സമരക്കാരെ പൊലീസ് നീക്കം ചെയ്തു. എറണാകുളത്ത് ബ്രോഡ് വേയിലെ വ്യാപാര സ്ഥാപനങ്ങള്‍ മിക്കവയും തുറന്നിരുന്നു. കോഴിക്കോട് അരീക്കാട് മാത്രമല്ല. രാമാനാട്ടുകാരയിലും കുന്ദമംഗലത്തും കാരന്തൂരും അണ്ടിക്കോടും തുറന്ന കടകൾ സമരക്കാർ അടപ്പിച്ചു. 

രാമനാട്ടുകാരയിൽ കട അടപ്പിക്കാനെത്തിയവരെ വ്യാപാരികൾ തടഞ്ഞത് സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. മിഠായിത്തെരുവിൽ വ്യാപാരി വ്യാവസായി ഏകോപനസമിതിയുടെ മേൽനോട്ടത്തിൽ അഞ്ച് കടകൾ തുറന്നു. മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന കടകൾ സമരാനുകൂലികൾ അടപ്പിച്ചു. പിന്നാലെ വ്യാപാരികൾ ഒന്നിച്ചെത്തി എല്ലാ കടകളും ഒന്നിച്ച് തുറന്നു. 

എറണാകുളത്ത് കടകൾ തുറക്കുമെന്ന പ്രഖ്യാപനം വ്യാപാരികൾ നടപ്പാക്കി. അതേ സമയം പാലാരിവട്ടത്ത് തുറന്ന ഹോട്ടൽ സമരക്കാർ അടപ്പിച്ചു. തിരുവനന്തപുരത്ത് വ്യാപാരസ്ഥാപനങ്ങൾ ഒന്നും തുറന്നില്ല. രാവിലെ മുതൽ ലുലുമാളിന് മുന്നിൽ സമരക്കാർ ദേശീയപാതയിൽ പ്രതിഷേധിച്ചു.  ലുലുമാളിലേക്ക് പോയ ജീവനക്കാരെ കൂട്ടത്തോടെ ഗേറ്റിൽ തടഞ്ഞു. 

രണ്ട് മണിക്കൂറോളം ജീവനക്കാർ പുറത്തിരുന്നു. പിന്നീട് പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.  മാൾ തുറന്നിട്ടില്ലെന്നും ശുചീകരണത്തിനായാണ് ജീവനക്കാരെ വിളിപ്പിച്ചതെന്നും മാൾ അധികൃതർ പിന്നീട് വിശദീകരിച്ചു. വയനാട് ജില്ലയിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും ഇന്ന് തുറന്നില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞില്ല. 

വയനാട് കളക്ട്രേറ്റിൽ 160 പേരിൽ 20 പേർ മാത്രമാണ് ഇന്ന് ഹാജരായത്. താലൂക്ക് ഓഫീസുകളിലും ഹാജർ നില 10 ശതമാനത്തിൽ താഴെയാണ്. വള്ളിയൂർക്കാവ് ക്ഷേത്ര ഉത്സവം പരിഗണിച്ച് മാനന്തവാടി താലൂക്കിൽ ഇന്നും പണിമുടക്കില്ല. മാനന്തവാടി ഡിപ്പോയിൽ നിന്ന് 18 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി.

കണ്ണൂർ പയ്യന്നൂരിൽ പാസ്പോർട്ട് ഓഫീസ് സമരാനുകൂലികൾ അടപ്പിച്ചു. രാവിലെ ഇരുപതോളം പ്രവർത്തകർ എത്തിയാണ് പാസ്പോർട്ട് ഓഫീസ് അടപ്പിച്ചത്. ഓഫീസിൽ നിന്ന് ജീവനക്കാർ പിരിഞ്ഞ് പോയതിന് ശേഷമാണ് സമരാനുകൂലികൾ മടങ്ങിയത്.

വ്യവസായ മേഖലയായ കഞ്ചിക്കോടും പണിമുടക്ക് രണ്ടാം ദിവസം പൂര്‍ണമായിരുന്നു. അവശ്യ സര്‍വ്വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില കമ്പനികളാണ് പ്രവര്‍ത്തിച്ചത്. മറ്റ് കമ്പനികളിലേക്ക് ജോലിക്കെത്തിയ ജീവനക്കാരെ പണിമുടക്കുന്ന തൊഴിലാളികള്‍ ഗേറ്റില്‍ തടഞ്ഞു.

പാലക്കാട് ജില്ലയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ തുറന്നില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. പാലക്കാട് കളക്ട്രേറ്റിലും ഹാജര്‍ നില കുറവായിരുന്നു. 210 ജീവനക്കാരില്‍ 15 പേരാണ് ജോലിക്കെത്തിയത്. 

ഒറ്റപ്പാലം സബ് കളക്ടര്‍ ഓഫീസിൽ ഏഴുപേര്‍ ഹാജരായി. ഒറ്റപ്പാലം തഹസീല്‍ ദാര്‍ ഓഫീസില്‍ ആരും ജോലിക്കെത്തിയില്ല. പാലക്കാട് സബ് കളക്ടര്‍ ഫീസില്‍ ഏഴും ചിറ്റൂര്‍ താലൂക്ക് ഓഫീസില്‍ നാലും പാലക്കാട് താലൂക്ക് ഓഫീസില്‍ പതിനാലുമായിരുന്നു ഹാജര്‍ നില. 

കൊല്ലത്ത് രണ്ടാം ദിനവും പണിമുടക്ക് പൂർണമായിരുന്നു. കളക്ട്രേറ്റ് ഉൾപ്പെടെ സർക്കാർ ഓഫിസുകളിൽ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രമേ ജോലിക്ക് ഹാജരായുള്ളൂ. ചിതറ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ ജോലിക്ക് ഹാജരായ അധ്യാപകരെ സമരാനുകൂലികൾ ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതിയുണ്ട്. 

കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സമരക്കാർ യാത്രക്കാരെ ഇറക്കി വിട്ടു. അതേസമയം സമരാനുകൂലികളായ എൻജിഒ യൂണിയൻ പ്രവർത്തകർ യാത്ര ചെയ്ത ഓട്ടോറിക്ഷ സമരക്കാർ കടത്തിവിടുകയും ചെയ്തു. മധ്യ കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഹാജർ നില നന്നേ കുറവായിരുന്നു.

ഏറണാകുളം കാക്കനാട്ടെ കളക്ട്രേറ്റിൽ വിവിധ ഓഫീസുകളിലായി മുപ്പതോളം പേരാണ് എത്തിയത്. കളക്ടറുടെ ഓഫീസിൽ 5 പേർ. ജോലിക്കെത്തിയവരെ യൂണിയൻ നേതാക്കൾ തടഞ്ഞ് തിരിച്ചയച്ചു. തൃശ്ശൂരിലും വിരലിൽ എണ്ണവുന്നവർ മാത്രമാണ് എത്തിയത്. കളക്ടറുടെ ഓഫീസിലെത്തിയത് മൂന്നു പേർ.

ഇടുക്കിയിലും സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ സമരം കാര്യമായി ബാധിച്ചു. കളക്ട്രേറ്റിൽ 124 ജീവനക്കാരിൽ 15 പേർ മാത്രമാണ് ഹാജരായത്. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ സ്വന്തം വാഹനത്തിലാണ് പലരും ഓഫീസിലെത്തിയത്. 

മറ്റ് ഓഫീസുകളിലും അഞ്ചു ശമാനത്തിൽ താഴെ ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. പ്രൊബേഷൻ പിരീഡിലുള്ളവർ ജോലിക്കെത്തിയാൽ തടയേണ്ടെന്ന് യൂണിയനുകൾ തീരുമാനിച്ചിരുന്നു. സമരം നേരിടാന്‍ ഡയസ്നോൺ പ്രഖ്യാപിച്ച സര്‍ക്കാര്‍ നീക്കത്തെ സർവ്വീസ് സംഘടനകൾ നേരത്തേ തള്ളിയിരുന്നു. 

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ അവധിയില്ലെന്നാണ് സർക്കാർ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഡയസ് നോണ്‍ പ്രഖ്യാപനം തള്ളിയ എൻജിഒ യൂണിയനും അസോസിയേഷനും സമരം തുടരുമെന്നും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കെഎസ്ആ‌ടിസി ഇന്നും സ‌ർവ്വീസ് നടത്തിയില്ല. തിരുവനന്തപുരം ഉള്ളൂരിൽ പൊലീസ് സംരക്ഷണത്തിൽ തുറന്ന പെട്രോൾ പമ്പ് സിഐടിയു അടപ്പിച്ചു. കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു. കൊച്ചി ലുലുമാളും തുറന്നില്ല. 

ജില്ലാ കളക്ട്രേറ്റുകളെല്ലാം വിജനമാണ്. വിരലിൽ എണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഇന്നും ജോലിക്കെത്തിയത്. ഓഫീസുകൾ അടഞ്ഞു കിടക്കുന്നു. പത്തനംതിട്ട കളക്ട്രേടിൽ ജീവനക്കാർ ഇല്ല. ഇൻഫർമേഷൻ ഓഫീസും ഡിഎംഒ ഓഫീസും മാത്രമാണ് പ്രവ‌ർത്തിക്കുന്നത്. 

ഇരുചക്ര യാത്രക്കാരനെ സമരാനുകൂലികൾ തടഞ്ഞതിനെ തുട‌ന്ന് തിരുവനന്തപുരം പേട്ടയിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട് സമരക്കാരെ മാറ്റി. കോഴിക്കോട് രാമനാട്ടുകരയിൽ തുറന്ന കട അടപ്പിച്ചതിനെതിരെ വ്യാപാരികൾ പ്രതിഷേധം നടത്തി. 

പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ രാജയ്ക്ക് പൊലീസ് മര്‍ദ്ദനമേറ്റു. മൂന്നാര്‍ ടൗണിൽ വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് സമരാനുകൂലികളും പൊലീസും ഉന്തുംതള്ളുമുണ്ടാവുകയും പിടിച്ചുമാറ്റാൻ ചെന്ന എംഎൽഎയെ പൊലീസ് മര്‍ദ്ദിച്ചെന്നുമാണ് പരാതി. ഇതിനിടെ മൂന്നാര്‍ എസ്ഐ അടക്കമുള്ളവര്‍ മദ്യപിച്ചിരുന്നെന്ന ഗുരുതര ആരോപണവും എംഎൽഎ ഉന്നയിച്ചു.

Latest Videos

click me!