മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും ആറുമക്കളില്‍ മൂത്തയാളായി 1929 -ലായിരുന്നു അവളുടെ ജനനം. ഹേമ, എന്നായിരുന്നു ആദ്യപേര്. പിന്നീട്, ദീനനാഥിന്റെ നാടകത്തിലെ കഥാപാത്രത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ലത എന്ന് പേര് മാറ്റുന്നത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. അവൾക്ക് വെറും 13 വയസ് മാത്രമുള്ളപ്പോൾ അച്ഛന്റെ മരണം. അതോടെ, തനിക്കു താഴെയുള്ള സഹോദരങ്ങൾക്കുവേണ്ടിക്കൂടി ജീവിതം കെട്ടിപ്പടുക്കുക എന്ന ചുമതല ലതയുടേതായി.
അങ്ങനെ കുടുംബം പോറ്റാന്‍വേണ്ടിയാണ് ലത സിനിമയില്‍ അഭിനയിച്ചു തുടങ്ങി. എന്നാൽ, സംഗീതലോകത്തിന് ആ സ്വരം കേൾക്കാതിരിക്കാനാവുമായിരുന്നില്ല. അതോടെ, പിന്നീട് അഭിനയം വിട്ട് സംഗീതത്തിലേക്ക്. സംഗീതത്തിലൂടെ ലത വളർന്നു. 1942 -ല്‍ 'കിടി ഹസാല്‍' എന്ന മറാത്തി ചിത്രത്തില്‍ 'നാചു യാ ഗാഥേ', 'ഖേലു നാ മണി ഹാസ് ബാരി' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. എന്നാല്‍, ഈ ഗാനം സിനിമയില്‍ നിന്നും നീക്കപ്പെടുകയായിരുന്നു.
1942 -ല്‍ തന്നെ ലത 'പാഹിലി മംഗളഗോര്‍' എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും 'നടാലി ചൈത്രാചി നവാലായി' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943 -ല്‍ 'ഗജാബാഹു' എന്ന ചിത്രത്തിലെ 'മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ' എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 1948 -ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മ്മാതാവ് മടക്കി അയക്കുകയാണുണ്ടായത്. എന്നാൽ, ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയതെന്നത് ചരിത്രം.
'നെല്ല്' എന്ന ചിത്രത്തിലെ 'കദളീ കൺകദളി ചെങ്കദളി പൂ വേണോ..' എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷകര്‍ ആലപിച്ചതാണ്. വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ക്ക് ഈണമിട്ടത് സലില്‍ ചൗധരിയും. മലയാളിക്ക് എക്കാലത്തും പാടിനടക്കാനിഷ്ടപ്പെടുന്ന ആ പാട്ടിലൂടെ തന്നെ അവർ കേരളത്തിന്റെയും ഹൃദയത്തിലേക്ക് കടന്നുകയറി. ഒരുപക്ഷേ, മലയാളത്തിൽ ലത പാടിയ ഏകഗാനവും അതുതന്നെ.
15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ലത മങ്കേഷ്‌കര്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്. പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.
പ്രിയപ്പെട്ട വാനമ്പാടീ, യാത്രചൊല്ലിപ്പോയാലും ലോകമുള്ളിടത്തോളം കാലം മറക്കാതിരിക്കാനുള്ളത് പാടിത്തന്നിരുന്നുവല്ലോ. 'രഹേ നാ രഹേ ഹം മഹ്കാ കരേംഗേ ബന്‍കെ കലി ബന്‍ കെ സബാ...' (ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഒരു പൂച്ചെണ്ടായും പൂന്തെന്നലായും ഞാന്‍ സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കും...) എന്ന് പാടിയതോർക്കുന്നു. പാട്ടിന്റെ സുഗന്ധവും പൊഴിച്ചുകൊണ്ടിവിടെയുണ്ടാകും എന്നറിഞ്ഞുകൊണ്ടു തന്നെ, സ്നേഹം...
'ഇനി നേരമായി,
വിശ്രാന്തിയടയാൻ.
എന്റെ സ്വർണജപമാലയ്ക്കൊപ്പം,
ആനന്ദത്തിന്റെ മാലകോർത്ത്
ഞാൻ പ്രിയസ്മരണകൾ എണ്ണുന്നു'
വിട പ്രിയ വാനമ്പാടീ...