'അവളിടം' ; യാത്രക്കാരായ സ്ത്രീകള്‍ക്ക് വിശ്രമകേന്ദ്രമൊരുക്കി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

First Published | Jun 16, 2022, 2:49 PM IST

ഇന്ത്യന്‍ നിരത്തുകളിലെ ദീര്‍ഘദൂര യാത്രയെന്നാല്‍ സാധാരണ സ്ത്രീകള്‍ക്ക് ദുരിത യാത്ര കൂടിയാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ, മുലയൂട്ടുന്നതിനോ സൗകര്യമുള്ള വിശ്രമകേന്ദ്രങ്ങള്‍ 'ലോകോത്തര നിലവാരം' എന്ന് അവകാശപ്പെട്ട് ഉണ്ടാക്കുന്ന ദേശീയപാതകളില്‍ പോലും വേണമെന്ന അവബോധം നമുക്കില്ല. എന്നാല്‍ സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം പൊതുമരാമത്ത് വിഭാഗം മറന്നുപോയ ഈ കടമ നിര്‍വഹിക്കുകയാണിവിടെ. 

'പെണ്‍മ' എന്ന പേരില്‍ യാത്രക്കാരായ സ്ത്രീകള്‍ക്ക് കൂടി പ്രതിഫലമേതുമില്ലാതെ ഉപയോഗിക്കാവുന്ന വിശ്രമകേന്ദ്രമൊരുക്കിയാണ് ആശുപത്രി ജനസൗഹൃദമാകുന്നത്. കോഴിക്കോട്-മൈസൂര്‍ ദേശീയപാതിയില്‍ നിരപ്പം എന്ന സ്ഥലത്ത് നിന്ന് അഞ്ഞൂറ് മീറ്ററിനുള്ളിലാണ് കുടുംബാരോഗ്യ കേന്ദ്രമുള്ളത്. 

പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാത്രി പത്ത് മണിവരെ കോഴിക്കോട്-മൈസൂര്‍ ദേശീയ പാതയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് കുടുംബാരോഗ്യകന്ദ്രം മേധാവി ഡോ. ദാഹര്‍ മുഹമ്മദും പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷും ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 


മുത്തങ്ങ അതിര്‍ത്തി തുറക്കുകയും അടക്കുകയും ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് പ്രവര്‍ത്തനസമയം നിശ്ചയിച്ചിട്ടുള്ളത്. ശുചിമുറി, മുലയൂട്ടാനുള്ള മുറി, കാത്തിരിപ്പ് കേന്ദ്രം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.

മുന്തിയ ഹോട്ടല്‍ മുറികളുടേതിന് സമാനമായ മുന്തിയ ഫര്‍ണിച്ചറുകളാണ് വിശ്രമകേന്ദ്രത്തിലുള്ളത്. ടെലിവിഷനോടൊപ്പം പത്രം ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭിക്കും. വിവിധ മേഖലകളില്‍ നിന്ന് സമൂഹത്തിന് പ്രചോദനമായി മാറിയ മദര്‍തെരേസ, കമലാസുരയ്യ, സിസ്റ്റര്‍ ലിനി എന്നിവരുടെ ഫോട്ടോകളും കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ 2021-22 വാര്‍ഷിക പദ്ധതിക്ക് കീഴിലെ വനിതാ ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് വിശ്രമ കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപയാണ് കേന്ദ്രത്തിനായി പഞ്ചായത്ത് ചിലവഴിച്ചിട്ടുള്ളത്. 

സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങള്‍ ഒരുക്കി നിരവധി തവണ വാര്‍ത്തകളില്‍ നിറഞ്ഞ ആശുപത്രിയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം. രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമെന്ന അംഗീകാരവും ആശുപത്രിയെ തേടി എത്തിയിട്ടുണ്ട്.

Latest Videos

click me!