നീണ്ട കാലത്തെ കാത്തിരുപ്പിനൊടുവിലാണ് കേരളത്തിന്‍റെ ടൂറിസം രംഗത്തേക്ക് ഒരു കപ്പലടുക്കുന്നത്. ആഭ്യന്തര വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചുവരവിന്‍റെ അടയാളം കൂടിയാണ് ഇന്ന് എം വി എംപ്രസ് എന്ന ആഡംബര കപ്പൽ.
മുംബെയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര നൗകയില്‍ 1200 യാത്രക്കാരാണ് ഉള്ളത്. മിക്കവരും ഗുജറാത്തില്‍ നിന്നുള്ള യാത്രക്കാരായിരുന്നു.
കേരള വോയേജസ് ആണ് പ്രാദേശിക ടൂർ ഏജന്‍റ്. എം വി എംപ്രസ്, ഒരു പകലാണ് കൊച്ചിയുടെ തീരത്ത് നങ്കൂരമിട്ടത്. യാത്രക്കാര്‍ക്കായി ഹൗസ് ബോട്ട് യാത്ര ഒരുക്കിയിരുന്നു.
800 ൽ പരം യാത്രികർ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കോവിഡ് 19 സാഹചര്യത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തുന്ന സന്ദർശകർക്ക് സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവർ ചേർന്ന് സ്വീകരണം നല്കി.
ആഡംബര നൗകകൾക്കായി ഒരുക്കിയിരിക്കുന്ന പുതിയ ടെർമിനലിൽ എത്തുന്ന ആദ്യ നൗക എന്ന പ്രത്യേകതയും എം വി എംപ്രസിന് സ്വന്തം.
ഗുജറാത്തിൽ നിന്നുള്ള മൻസൂരിയും അദ്ദേഹത്തിന്‍റെ 11 ബന്ധുക്കളുമാണ് കപ്പലില്‍ നിന്ന് ആദ്യമിറങ്ങിയത്. മൻസൂരിയും കുടുംബാംഗങ്ങളും ലക്ഷദ്വീപിലേക്ക് പോകുന്നവഴിയായിരുന്നു.
ഭാവിയിൽ മുംബൈ-കൊച്ചി-ലക്ഷദ്വീപ് ടൂറിസം സെക്ടറിലെ ക്രൂയിസ് സർവീസ് സാദ്ധ്യതകള്‍ പഠിക്കാനായി ഏതാനും ടൂർ ഏജൻസികളുടെ പ്രതിനിധികളും ഈ യാത്രയിൽ കപ്പലിൽ ഉണ്ടായിരുന്നു.
എംവി എംപ്രസിന്‍റെ ഓപ്പറേറ്റർമാരായ കോർഡീലിയ അടുത്ത 12 മാസത്തേക്ക് മാസത്തിൽ രണ്ടുതവണ വീതം ഈ റൂട്ടില്‍ യാത്രകൾ നടത്താൻ പദ്ധതിയിടുന്നതായും അറിയിച്ചു.
വേലകളി നർത്തകരും പരമ്പരാഗത കേരള കസവു സാരി ഉടുത്ത സ്ത്രീകളുമാണ് യാത്രക്കാരെ സ്വീകരിക്കാനെത്തിയത്. കേരള ടൂറിസം ജോയിന്‍റ് ഡയറക്ടർ കെ രാധാകൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ടർ ടി ജി അഭിലാഷ് എന്നിവരും കൊച്ചി തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥരും സഞ്ചാരികളെ സ്വീകരിക്കാനായെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona