മഞ്ചേരിയിൽ വീട് കേന്ദ്രീകരിച്ച് അന്ധവിശ്വാസം മറയാക്കി സ്ത്രീകളെ ചൂഷണം ചെയ്യൽ; റിപ്പോർട്ട് തേടി വനിത കമ്മീഷൻ

By Web Team  |  First Published Nov 21, 2024, 8:25 PM IST

പെൺകുട്ടികൾ അടക്കമുള്ളവരെ അന്ധ വിശ്വാസത്തിനിരയാക്കുകയും അതിൻ്റെ മറവിൽ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്നാണ് സന്നദ്ധ സംഘടന പ്രവർത്തകർ നൽകിയ പരാതി


മലപ്പുറം: മഞ്ചേരിയിൽ വീട് കേന്ദ്രീകരിച്ച് അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നെന്ന പരാതിയിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. മലപ്പുറം കളക്ടറേറ്റിൽ നടന്ന വനിത കമ്മീഷൻ അദാലത്തിൽ മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ്, ജില്ല വനിത സംരക്ഷണ ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. 

പെൺകുട്ടികൾ അടക്കമുള്ളവരെ അന്ധവിശ്വാസത്തിനിരയാക്കുകയും അതിൻ്റെ മറവിൽ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് ഈ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികൾ അടക്കമുള്ളവരെ രക്ഷിച്ച സന്നദ്ധ സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടലും നിയമ നടപടിയും സ്വീകരിക്കാൻ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി നിർദ്ദേശം നൽകി. ഇത്തരം ചൂഷണങ്ങൾ തടയാനുള്ള നിയമ നിർമ്മാണത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആവശ്യപ്പെട്ടു.

Latest Videos

undefined

മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമീഷൻ അദാലത്തില്‍ 56 പരാതികളാണ് പരിഗണനക്ക് വന്നത്. 12 പരാതികള്‍ തീര്‍പ്പാക്കി. എട്ടെണ്ണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 36 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനായി മാറ്റി. ചെയര്‍പേഴ്‌സന് പുറമെ വനിത കമീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, മഹിളാമണി എന്നിവര്‍ പരാതികള്‍ കേട്ടു. അഡ്വ. സുകൃതകുമാരി, വനിത കമീഷന്‍ ലോ ഓഫീസര്‍ എന്നിവര്‍ അദാലത്തിൽ സംബന്ധിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!