ഏഴുവർഷം മുൻപ് നിർമിച്ച കോൺക്രീറ്റ് റോഡിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോയി. നിരവധിപ്പേർക്ക് ആശ്രയമായ റോഡിൽ പതിയിരിക്കുന്നത് വലിയ അപകടം
ഹരിപ്പാട്: മഴയിലും വെള്ളക്കെട്ടിലും കോൺക്രീറ്റ് റോഡിന് അടിയിലെ മണ്ണൊലിച്ചുപോയി ഇനി ശേഷിക്കുന്നത് കോൺക്രീറ്റ് പാളി മാത്രം. കുമാരപുരം മൂന്നാം വാർഡിൽ താമല്ലാക്കൽ കോയിക്കലേത്ത് - വെട്ടിത്തറ റോഡിന്റെ പല ഭാഗത്തും മീറ്ററുകളോളം ദൂരത്തിലാണ് കോൺക്രീറ്റ് റോഡിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോയിരിക്കുന്നത്. മുപ്പതോളം കുടുംബങ്ങൾക്ക് യാത്രയ്ക്ക് ആശ്രയിക്കുന്ന റോഡ് പാടത്തിന് സമീപത്തു കൂടിയുള്ളതാണ്. നിരവധിപ്പേർക്ക് ആശ്രയമായ റോഡിലാണ് വലിയ അപകടം പതിയിരിക്കുന്നത്.
മഴക്കാലത്തുണ്ടാകുന്ന ശക്തമായ വെള്ളപ്പൊക്കത്തിലും പിന്നീട് വെള്ളം കെട്ടിനിൽക്കുന്നതും കോൺക്രീറ്റ് റോഡിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിന് കാരണമായിട്ടുണ്ട്. വെള്ളം ഒഴുകി പോകാനുള്ള ഓടയും ഈ റോഡിന്റെ അടിയിൽ കൂടി തന്നെയാണുള്ളത്. ശക്തമായ വെള്ളപ്പൊക്ക കാലത്ത് ഓടയിൽ കൂടി കടന്നു പോകുന്നതിനേക്കാൾ കൂടുതൽ വെള്ളം വരാറുണ്ട്. ഇത് സമീപത്തെ മണ്ണ് ഉൾപ്പെടെയുള്ളവയും ഒഴുക്കി കൊണ്ട് പോയതാണ് റോഡിനടിയിൽ ഇത്തരത്തിൽ വലിയ വിള്ളൽ ഉണ്ടാകാൻ കാരണമായത്. ഏഴുവർഷം മുൻപ് നിർമിച്ച റോഡിൽ പിന്നീട് യാതൊരുവിധ മെയിന്റനൻസ് ജോലികളും നടത്തിയിട്ടില്ല. നിരവധി യാത്രക്കാരും വാഹനങ്ങളുമാണ് ദിവസവും ഈ റോഡിൽ കൂടി സഞ്ചരിക്കുന്നത്. റോഡിന്റെ അവസ്ഥയെ അറിയാതെ എത്തുന്ന വാഹനങ്ങൾ മുകളിലെ കോൺക്രീറ്റ് പാളി ഇടിഞ്ഞു വെള്ളക്കെട്ടിലേക്ക് വീണാൽ വലിയ അപകടം ഉണ്ടാവാനുള്ള സാധ്യതയാണുള്ളത്.
undefined
റോഡിന്റെ മിക്ക ഭാഗങ്ങളിലെയും കോൺക്രീറ്റ് ഏത് നിമിഷവും ഇടിഞ്ഞു പോകാവുന്ന സാഹചര്യമാണ് ഉള്ളത്. അങ്ങനെ സംഭവിച്ചാൽ ഇവിടെയുള്ള ആളുകൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴിയാണ് അടഞ്ഞു പോകുന്നത്. വിദ്യാർത്ഥികളും വികലാംഗരും അടക്കം നിരവധി പേർ യാത്രയി ചെയ്യുന്ന റോഡ് അടിയന്തരമായി ഉയർത്തി പുനർ നിർമിക്കുകയും അതോടൊപ്പം സുഗമമായി വെള്ളം ഒഴുകി പോകുന്നതിനുള്ള കാനയും നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം