യുക്രൈന് നേരെ ഭൂഖണ്ഡാന്തര മിസൈൽ പ്രയോ​ഗിച്ച് റഷ്യ, ചരിത്രത്തിലാദ്യം, ആക്രമണം കടുപ്പിക്കുമെന്ന് സൂചന

By Web Team  |  First Published Nov 22, 2024, 12:58 AM IST

നിലവിൽ സാധാരണ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ തന്നെയാണ് റഷ്യ പ്രയോഗിച്ചതെങ്കിലും മുന്നറിയിപ്പെന്ന രീതിയിലാണ് റഷ്യയുടെ നീക്കമെന്നും വിലയിരുത്തുന്നു.  


കീവ്: ലോക ചരിത്രത്തിലാദ്യമായി ഒരു രാജ്യത്തിനു നേരെ ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിച്ച് റഷ്യ. യുക്രൈനിലെ നിപ്രോയിലെ കെട്ടിടങ്ങൾക്കു നേരെയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. 2011ൽ പരിഷ്കരിച്ച ‘റുബേസ്’ മിസൈലാണ് പ്രയോഗിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിപ്രോയിൽനിന്ന് 1000 കിലോമീറ്റർ അകലെ റഷ്യയിലെ അസ്ട്രാക്കൻ മേഖലയിൽനിന്നാണ് മിസൈൽ തൊടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധിപ്പേർക്ക് പരിക്കേറ്റു.

5,800 കിലോമീറ്റർ ദൂരപരിധിയിലേക്ക് ആക്രമിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈലാണ് റഷ്യ ഉപയോ​ഗിച്ചത്.  60 വർഷം മുമ്പാണ് റഷ്യ ഈ മിസൈൽ വികസിപ്പിച്ചത്. പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും യുക്രൈനെ സഹായിച്ചാൽ ആണവായുധം പ്രയോ​ഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ആണവായുധം വഹിക്കാവുന്ന മിസൈൽ തൊടുത്തത്. നിലവിൽ സാധാരണ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ തന്നെയാണ് റഷ്യ പ്രയോഗിച്ചതെങ്കിലും മുന്നറിയിപ്പെന്ന രീതിയിലാണ് റഷ്യയുടെ നീക്കമെന്നും വിലയിരുത്തുന്നു.  

Latest Videos

ഇന്‍റിപെൻഡെന്‍റ്ലി ടാർഗറ്റബിൾ റീഎൻട്രി വെഹിക്കിളും (എം.ഐ.ആർ.വി) റഷ്യ യുദ്ധരംഗത്ത് ഉപയോഗിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം, റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റഷ്യയുടെ അണ്വായുധ നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള നിയമത്തിൽ കഴിഞ്ഞ ദിവസമാണ് പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഒപ്പുവെച്ചത്. തങ്ങൾ നൽകിയ ആയുധങ്ങൾ പ്രയോഗിക്കാൻ യു.എസ്, യുക്രൈന് അനുമതി നൽകിയതിനു പിന്നാലെയാണ് ഭേദഗതി കൊണ്ടുവന്നത്.

click me!