ദയാബായിയുടെ അനിശ്ചിതകാല സമരം ഒമ്പതാം ദിവസം; ഇന്ന് കരിദിനം, സമരക്കാരെ തിരിഞ്ഞ് നോക്കാതെ സര്‍ക്കാര്‍

First Published | Oct 10, 2022, 12:21 PM IST


കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതഹാധിതരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ അനിശ്ചതകാല നിരാഹാരമിരിക്കുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിക്കുള്ള പിന്തുണ ഏറുന്നു. ഇതിനിടെ സമരക്കാരെ തിരിഞ്ഞ് നോക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെയാണ് സമരപന്തലിലെത്തി ദയാബായിക്ക് പിന്തുണ അറിയിച്ചത്. സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍. 

കാസര്‍കോട് ജില്ലയുടെ ഇപ്പോഴത്തെ ദുരിതത്തിന് കാരണം സര്‍ക്കാറിന്‍റെ തന്നെയാണെന്നും. എന്നാല്‍, ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും ദയാബായി ആരോപിച്ചു.  മനുഷ്യാവകാശവും, ജനാധിപത്യവും എന്താണെന്ന് അറിയാതെ സർക്കാർ ധൂർത്തുമായി മുന്നോട്ട് പോകുകയാണെന്ന് ദയാബായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കാസർകോട് ജില്ലയിൽ വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളുലും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് നിർദ്ദേശ പട്ടികയിൽ കാസർഗോഡ് ജില്ലയുടെ പേരും ചേർക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. 


കൂടംകുളം സമര നേതാവ് ഉദയകുമാറാണ് ദയാബായിയുടെ നിരാഹാര സമരം  ഉദ്ഘാടനം ചെയ്തത്. ആരോ​ഗ്യ നില മോശമായതിനെ തുടർന്ന് രണ്ട് തവണ ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍, വൈകാതെ തന്നെ അവർ‌ സമരപന്തലിലേക്ക് മടങ്ങിയെത്തി സമരം തുടരുകയായിരുന്നു. സമരപ്പന്തല്‍ കെട്ടാൻ അനുമതിയില്ലാത്തതിനാൽ ചുട്ടുപൊളുന്ന വെയിലിയിലും കോരിച്ചൊരിയുന്ന മഴയത്തും തളരാതെ  മുന്നോട്ടുപോകുകയാണ് ദയാബായി. 

സമരം ഒമ്പാം ദിവസത്തിലേക്ക് കടന്ന ഇന്ന് കരിദിനമായി ആചരിക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇന്ന് സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാര്‍ച്ചും സംഘടിപ്പിക്കുമെന്നും സമരസമിതി അറിയിച്ചു. 

അതിനിടെ ഇന്ന് രാവിലെ സമരപന്തലില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ദായാബായുടെ ആരോഗ്യ സ്ഥിതി ചോദിച്ച അദ്ദേഹം സമരത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് മടങ്ങിയത്. 

Latest Videos

click me!