റഫായ ജംഷിലുള്ള കൃഷിസ്ഥലത്ത് കുഴുത്തുവീഴുകയായിരുന്നു ഇദ്ദേഹം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റിയാദ്: സൗദി മധ്യപ്രവിശ്യയിലെ റഫായ ജംഷിൽ ഹ്യദായാഘാതം മൂലം മരിച്ച കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി പാമ്പുറം തേജസിൽ പരേതരായ നടരാജെൻറയും സതീദേവിയുടേയും മകൻ അനിൽ നടരാജന്‍റെ (57) മൃതദേഹം നാട്ടിൽ സംസ്കരിച്ചു.
റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിലുള്ള കൃഷിസ്ഥലത്ത് കുഴുത്തുവീണ അനിലിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിൽനിന്ന് ഭാര്യ അനിതയുടേയും മകൾ അശ്വതിയുടേയും ആവശ്യപ്രകാരം കേളി ദവാദ്മി യൂനിറ്റും മുസാഹ്‌മിയ ഏരിയ ജീവകാരുണ്യ വിഭാഗവും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. ഇഖാമയുടേയും പാസ്പോർട്ടിെൻറയും കാലാവധി കഴിഞ്ഞിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന രേഖകൾ ശരിയാക്കുന്നത് നീണ്ടുപോയി.
എങ്കിലും ഇന്ത്യൻ എംബസിയുടെ ഇടപെടലിനോടൊപ്പം കേളി കലാ സാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് കേളി നേതൃത്വം ഇടപെട്ട് നോർക്ക ആംബുലൻസ് ഏർപ്പെടുത്തി. രാവിലെ 11 ഓടെ ശവസംസ്കാരം നടന്നു.
ᐧ