ബീമാപള്ളി ഉറൂസ്; ദീപാലങ്കാരങ്ങളില്‍ തിളങ്ങി ബീമാപള്ളി

First Published | Jan 8, 2022, 2:35 PM IST

ഴിഞ്ഞ ബുധനാഴ്ച കൊടിയേറിയ ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന് വന്‍ ജനത്തിരക്ക്. തക്ബീര്‍ ധ്വനികളുടെയും നൂറ് കണക്കിന് വിശ്വാസികളുടെ പ്രാര്‍ത്ഥനകളുടെയും അകമ്പടിയോടെ പള്ളി മിനാരത്തിലെ കൊടിമരത്തില്‍ ജമാഅത്ത് പ്രസിഡന്‍റ് എ ആര്‍ ഹലാലുദ്ദീന്‍ ഇരുവര്‍ണ പതാക ഉയര്‍ത്തിയതോടെയാണ് ബീമാപള്ളി ദര്‍ഗാ ഷെരീഫില്‍ ഉറൂസ് ഉത്സവത്തിന് തുടക്കമായത്. കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഉറൂസ് ഉത്സവം നടത്തുകയെന്ന് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍. 
 

ഇസ്ലാം മത പ്രചാരണാര്‍ത്ഥം തിരുവിതാംകൂറിലെത്തിയ ബീമാബീവിയുടെയും മകന്‍ മാഹിന്‍ അബൂബക്കറിന്‍റെയും കബറിടങ്ങളില്‍, വരും ദിവസങ്ങളില്‍ പ്രര്‍ത്ഥിക്കാനായെത്തുന്ന വിശ്വാസികളുടെ തിരക്കായിരിക്കും. 

ഉത്സവത്തോടനുബന്ധിച്ച് സര്‍വ്വമത സാഹോദര്യത്തിനും രാജ്യത്തിന്‍റെ ഐക്യത്തിനുമായി ചീഫ് ഇമാം സയ്യിദ് മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ദര്‍ഗാ ഷെരീഫില്‍ പ്രത്യേക പ്രര്‍ത്ഥന നടന്നിരുന്നു. 


പച്ചയും ചുവപ്പും നിറമുള്ള ഉറൂസ് പതാക ദുബായില്‍ നിന്ന് പ്രത്യേകം എത്തിച്ചതാണ്. ഉറൂസ് നടക്കുന്ന 14 ദിവസവും പള്ളിയങ്കണത്തില്‍ മതപ്രഭാഷണം ഉണ്ടായിരിക്കും. 

സമാപന ദിവസമായ ജനുവരി 15-ന് പുലർച്ചെ 1.30-ന് അശ്വാരൂഢ സേന, മുത്തുക്കുടകൾ, ദഫ്മുട്ട്, ബാൻഡുമേളം അടക്കമുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയങ്കണത്തിൽനിന്ന് പട്ടണ പ്രദക്ഷിണം തുടങ്ങും.

തുടർന്ന് ജോനക പൂന്തുറയിലെത്തിയ ശേഷം പ്രദക്ഷിണം പള്ളിയിലേക്ക് മടങ്ങും. രാവിലെ 4.30-ന് ഹസൻ അഷ്‌റഫ് ഫാളിൽ ബാഖവിയുടെ കാർമികത്വത്തിൽ ദുഃആ പ്രാർഥന ഉണ്ടായിരിക്കും. രാവിലെ ആറിന് പള്ളിയങ്കണത്തിൽ നടക്കുന്ന അന്നദാനത്തോടെ ഉറൂസ്‌ സമാപിക്കും. 

ഉത്സവത്തോടനുബന്ധിച്ച് ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്‍റെ നേതൃത്വത്തിൽ സുരക്ഷയ്ക്കായി നൂറിലധികം പോലീസുകാരെ നിയമിച്ചിട്ടുണ്ട്. 

അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, നഗരസഭ, കെ.എസ്.ഇ.ബി. അടക്കമുള്ളവരുടെ പ്രത്യേക സേവനവും ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി റംസാൻ അറിയിച്ചു.

Latest Videos

click me!