സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദവും തൃപ്തികരവുമെന്ന് പറഞ്ഞെങ്കിലും പ്രതിഷേധത്തിന് ഇന്നും കുറവില്ല. വിഴിഞ്ഞം ഇടവകയ്ക്ക് കീഴിലെ തീരദേശവാസികളാണ് ഇന്ന് സമരവേദിയിലേക്ക് എത്തിയത്.
ബാരിക്കേട് മറിച്ചിട്ട് മുന്നേറാൻ സമരക്കാര്‍ ശ്രമിച്ചെങ്കിലും മറ്റ് ചിലർ സർവീസ് റോഡിലൂടെ തുറമുഖ കവാടത്തിലേക്ക് എത്തി. തുടര്‍ന്ന് തുറമുഖത്തിന്‍റെ പൂട്ട് തല്ലി തകർത്ത് അകത്ത് കടന്ന പ്രതിഷേധക്കാർ തുറമുഖ പദ്ധതി പ്രദേശത്ത് ഇന്നും കൊടിനാട്ടി.
ഇതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് രൂപതയും രംഗത്തെത്തി. തിരുവനന്തപുരത്തിന് പുറമേ കോട്ടയം, ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ നിന്നുള്ളവർ സമരത്തിന് പിന്തുണ അറിയിച്ച് എത്തി.
മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷവും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ മത്സ്യത്തൊഴിലാളികൾ സമരം തുടരുമെന്ന് അറിയിച്ചു. സമരത്തിന് പിന്നിൽ തദ്ദേശീയരല്ല എന്ന തുറമുഖമന്ത്രിയുടെ പരാമർശത്തിനുള്ള മറുപടിയായാണ് ഇന്നത്തെ പ്രതിഷേധം.
സമരം അഞ്ചാം ദിവസവും ശക്തമായ പ്രതിഷേധം തുടർന്നതോടെ മുഖ്യമന്ത്രിയുമായുള്ള ലത്തീൻ അതിരൂപതയുടെ ചർച്ച പെട്ടെന്ന് തന്നെ നടക്കുമെന്ന് പ്രതീക്ഷയിലാണ് സമരക്കാരും. ഇന്നലെ മന്ത്രി വി അബ്ദുറഹ്മാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവേ തങ്ങളുന്നയിച്ച ഏഴ് കാര്യങ്ങളും ചര്‍ച്ച ചെയ്തെന്ന് ഫാദര്‍ യൂജിന്‍ പെരേര അവകാശപ്പെട്ടു.
ക്യാമ്പുകളിൽ കഴിയുന്ന എല്ലാവരേയും ഓണത്തിന് മുൻപായി വാടക വീട്ടിലേക്ക് മാറ്റാമെന്ന് മന്ത്രിമാര്‍ ഉറപ്പു നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കുടുംബങ്ങളെ സ്ഥിരമായി പാര്‍പ്പിക്കാൻ സംവിധാനമൊരുക്കും. മുട്ടത്തറ 17.5 ഏക്കര്‍ സ്ഥലം ഭവനപദ്ധതിക്ക് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇതിനായി വേറെയും സ്ഥലം കണ്ടെത്തും. മണ്ണെണ്ണയുടെ കാര്യം സാമ്പത്തിക ബാധ്യത കൂടി വരുന്ന വിഷയമായതിനാൽ മുഖ്യമന്ത്രിയോട് കൂടി ചര്‍ച്ച ചെയ്ത് മന്ത്രിസഭയിൽ തീരുമാനമെടുക്കാം എന്നാണ് അറിയിച്ചിട്ടുള്ളത്. മുതലപ്പൊഴിയുടെ കാര്യത്തിലും വേണ്ട നടപടി സ്വീകരിക്കാം എന്ന് മന്ത്രിമാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികളുമായി സഹകരിച്ചും കൂടിയാലോചിച്ചും പരിഹാരം കണ്ടെത്തും. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി മത്സ്യബന്ധം വിലക്കുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള പദ്ധതി നടപ്പാക്കാം എന്ന് മന്ത്രിതല ചര്‍ച്ചയില്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.
തുറമുഖ നിര്‍മ്മാണം മൂലം ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാം എന്നും ഇന്നലത്തെ ചര്‍ച്ചയില്‍ തീരുമാനമായി. വിഴിഞ്ഞത്ത് റെയിൽവേ ഉദ്യോഗസ്ഥര്‍ വീട്ടിൽ കേറി കുറ്റിയടിക്കുന്ന വിഷയവും മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നടപടിയും പാടില്ലെന്നാണ് മന്ത്രി വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം വിശദമാക്കി.
വിഴിഞ്ഞം ഭാഗത്തെ മതിൽ നിര്‍മ്മാണത്തിലും ഇതേ നിലപാട് ആണ് മന്ത്രി സ്വീകരിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ പൂര്‍ണമായി നിറവേറിയ ശേഷമേ മത്സ്യത്തൊഴിലാളികൾ സമരമുഖത്ത് നിന്നും പിന്മാറൂ എന്ന് മന്ത്രിമാരേയും കളക്ടറേയും ഫിഷറീസ് വകുപ്പ് മേധാവിമാരേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും. തിരുവന്തപുരം ജില്ലയിലെ മാത്രമല്ല സംസ്ഥാനത്താകെയുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളാണ് ഞങ്ങൾ ഉന്നയിക്കുന്നതെന്നും യൂജിന്‍ പെരേര അവകാശപ്പെട്ടു. എന്നാല്‍ സമരക്കാര്‍ ആവശ്യപ്പെട്ട രണ്ട് ആവശ്യങ്ങളില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല.
തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തണമെന്ന ആദ്യത്തെ ആവശ്യം നേരത്തെ തന്നെ സര്‍ക്കാര്‍ തള്ളിയിരുന്നു. ആഘാത പഠനം നടത്താം എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തില്ലെന്നാണ് സര്‍ക്കാറിന്‍റെ നിലപാട്. അതുപോലെ തന്നെ മണ്ണെണ്ണെ സബ്സിഡിയുടെ കാര്യത്തിലും കാര്യമായ തീരുമാനമൊന്നും ഇതുവരെയുണ്ടായിട്ടില്ല.