ഇവിടെ നിന്നാണ് 38 മൃതദേഹങ്ങള്‍ കണ്ടെടുത്തത്; തീരാനോവായി ചൂരൽമല വില്ലേജ് റോഡ്

First Published | Aug 2, 2024, 8:07 AM IST

പൊട്ടിയൊഴുകിയ മണ്ണു ചെളിയുമാണെങ്ങും. വഴികള്‍, വീടുകള്‍, കെട്ടിടങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ല. എല്ലാം തൂത്തെടുത്ത് കിലോമീറ്ററുകളാണ് മലവെള്ളം കുത്തിയൊഴുകി പോയത്. ജീവന്‍റെ അവസാനതരിമ്പെങ്കിലും അവശേഷിക്കുന്നവരെ തേടിയാണ് ഓരോ രക്ഷാപ്രവര്‍ത്തകനുമുള്ളത്. കുത്തിയൊഴുകിയ വെള്ളം ഭൂമിയുടെ പ്രത്യേക കിടപ്പിനനുസരിച്ച് കിട്ടിയ ഇടങ്ങളിലേക്ക് മലവെള്ളം കുതിച്ചെത്തി. ചില ഇടങ്ങളില്‍ മണ്ണും വെള്ളവും മരങ്ങളും കെട്ടിടങ്ങളും നാല്ക്കാലികളും മനുഷ്യനും അടിഞ്ഞു കൂടി. പുഞ്ചിരിമേട്ടില്‍ നിന്നും കുതിച്ചെത്തിയ ഉരുളും മലവെള്ളവും കുത്തി നിന്നത് ഇവിടെയാണ്. ചൂരൽമല വില്ലേജ് റോഡില്‍. ചിത്രങ്ങളും എഴുത്തും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജെ എസ് സാജന്‍. 

അടിഞ്ഞു കൂടിയ കൂറ്റന്‍ പറക്കല്ലുകളും കൂറ്റന്‍ മരങ്ങളും വെള്ളത്തിന്‍റെ കുത്തൊഴുക്കിനെ തടഞ്ഞു നിര്‍ത്തി. പുറകേയെത്തിയ ചളിയും മലവെള്ളവും അടിഞ്ഞത് ഏതാണ്ട് ഒരാള്‍ പൊക്കത്തില്‍. വീടുകളും മറ്റ് കെട്ടിടങ്ങള്‍ക്കുമെല്ലാം മുകളില്‍ അടിഞ്ഞ് കൂടിയത് ചെളി മാത്രം.
 

ചൂരൽമല വില്ലേജ് റോഡിന് ചുറ്റുമായി ഉണ്ടായിരുന്നത് 65 വീടുകള്‍. ആർത്തലച്ചെത്തിയ വെള്ളം അവശേഷിപ്പിച്ചത് വെറും മൂന്ന് വീടുകള്‍ മാത്രം. പൂര്‍ണ്ണമായും തകർന്നതും ഇനി ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകര്‍ന്ന് പോയതുമായ വീടുകള്‍. വീടുകള്‍ക്കും മുകളില്‍ അടിഞ്ഞ് കൂടിയ ചളിയും പാറയും മരങ്ങളും. 



ദുരന്തമറിഞ്ഞ് ആദ്യ ദിനം രക്ഷാപ്രവര്‍ത്തകര്‍ എത്തി ചേര്‍ന്നപ്പോള്‍ അവര്‍ക്ക് സ്ഥലം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒറ്റ രാത്രി കൊണ്ട് പ്രദേശം അത്രമാത്രം മാറിക്കഴിഞ്ഞിരുന്നു. കുത്തനെ ഒരു പ്രദേശം മുഴുവനും വടിച്ചെടുത്തത് പോലെ. 
 

30 തിയതി വൈകീട്ടോടെയാണ് നാട്ടുകാരില്‍ നിന്നും ഈ പ്രദേശത്തെ കുറിച്ച് അറിഞ്ഞ് രക്ഷാപ്രവര്‍ത്തകരും മാധ്യമങ്ങളും എത്തുന്നത്. ജീവന്‍ രക്ഷപ്പെട്ടവര്‍ പറഞ്ഞത് ഒരു കാര്യം. 'കൂടുതല്‍ പേര്‍ അവിടെ പെട്ടിട്ടുണ്ട്. രക്ഷപ്പെടുത്തണം.'

പക്ഷേ, കിലോമീറ്ററുകളോളം ദുരന്തം മാത്രം വിതച്ചൊഴുകിയ സ്ഥലത്ത് ആദ്യദിനം ഒരിടത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല. രണ്ടാം ദിവസം ആദ്യം ഒരു ജെസിബി മാത്രമാണ് ഇവിടെ എത്തിക്കാന്‍ കഴിഞ്ഞത്. കുറച്ച് രക്ഷാപ്രവര്‍ത്തകരും. ഒമ്പത് മൃതദേഹങ്ങള്‍ ഇവിടെ നിന്നും ലഭിച്ചു.  

കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിത്തുടങ്ങിയതോടെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഒരു പ്രധാന സ്ഥലമായി ചൂരൽമല വില്ലേജ് റോഡ് മാറി. ആറ് ഹിറ്റാച്ചികളും ജെസിബിയും മുന്നാം ദിനം തിരച്ചില്‍ തുടങ്ങിയതോടെ ഒന്നിന് പുറകെ ഒന്നായി മൊത്തം 39 മൃതദേഹങ്ങള്‍ ചൂരൽമല വില്ലേജ് റോഡില്‍ നിന്നും കണ്ടെത്തി. 

പ്രദേശവാസികളുടെ അനുമാനത്തില്‍ വെള്ളം കുത്തിയൊലിച്ച് വന്ന് തടഞ്ഞ് നിന്ന സ്ഥലമായതിനാല്‍ കൂടുതൽ മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്നാണ്. 

ഒരു മൃതദേഹം കൂടി കണ്ടെത്തിയെങ്കിലും ജെസിബി ചെളിയില്‍ താഴ്ന്നതിനാല്‍ പുറത്തെടുക്കാനായില്ല. അതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. 
 

സൈന്യത്തിന്‍റെയും വിവിധ സന്നദ്ധ സംഘടനകളുടെയും മറ്റ് അനേകം രക്ഷാപ്രവര്‍ത്തകുടെയും കൈമേയ് മറന്നുള്ള ഊർജ്ജിതമായ തിരച്ചില്‍ തുടരുന്നു. ആള്‍ക്കൊപ്പത്തിനും മുകളില്‍ അടിഞ്ഞ് കൂടിയ ചെളിക്കും മേലെ ഉയർന്നു നില്‍ക്കുന്ന മരങ്ങളില്‍ കയറി നിന്നാണ് രക്ഷാപ്രവര്‍ത്തനം. 

ആളെ മൂടുന്ന ചെളി മറ്റൊരു അപകടമായി മുന്നില്‍. മൂന്നാം ദിനം വൈകീട്ടോടെ മൃതദേഹങ്ങളുടെയും ചളിയുടെയും തളം കെട്ടിനില്‍ക്കുന്ന രൂക്ഷഗന്ധമാണ് പ്രദേശമാകെ. ശമനമില്ലാത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുന്നു.

Latest Videos

click me!