കരിങ്കടലിലേക്ക് തുറക്കുന്ന ഡിനിപ്പര്‍ നദീ തീരത്തുള്ള ഖെര്‍സണ്‍ രാജ്യത്തെ കപ്പൽ നിർമ്മാണ വ്യവസായത്തിന് പേരുകേട്ടതും നിർണായകമായ ഒരു പ്രാദേശിക സാമ്പത്തിക കേന്ദ്രവുമാണ്. ഏതാണ്ട് മൂന്ന് ലക്ഷം ജനസംഖ്യയുണ്ടായിരുന്ന നഗരത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും യുക്രൈന്‍ വംശജരായിരുന്നു. റഷ്യന്‍ അധിനിവേശം തുടങ്ങിയതോടെ 45 ശതമാനം ആളകളും നഗരം ഒഴിഞ്ഞ് പോയതായി കണക്കാക്കുന്നു.
അധിനിവേശം ആരംഭിച്ച് ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ റഷ്യന്‍ സൈന്യം ഖെര്‍സണ്‍ കീഴടക്കിയിരുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് യുക്രൈന്‍ സൈന്യം നഗരം തിരിച്ച് പിടിക്കുന്നത്. 2014 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ റഷ്യ, യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ക്രിമിയന്‍ ഉപദ്വീപിന്റെ വടക്ക് ഭാഗത്താണ് ഖേര്‍സണ്‍.
ഖെര്‍സണ്‍ ആക്രമണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ക്രിമിയന്‍ ഉപദ്വീപിലെ റഷ്യന്‍ വ്യോമതാവളം യുക്രൈന്‍റെ ഡ്രോണുകള്‍ ബോംബിങ്ങില്‍ തകര്‍ത്തിരുന്നു. ക്രിമിയിയല്‍ നിന്നും റഷ്യന്‍ വ്യോമ സൈന്യത്തിന്‍റെ മുന്നേറ്റം തടയാന്‍ കഴിഞ്ഞത് യുക്രൈന് മേല്‍ക്കൈ നല്‍കി.
തന്‍റെ സൈനിക മേധാവികളിൽ നിന്നും ഇന്‍റലിജൻസ് മേധാവിയിൽ നിന്നുമുള്ള 'നല്ല റിപ്പോർട്ടുകൾ' അടിസ്ഥാനമാക്കി, കിഴക്കന്‍ പ്രദേശങ്ങളോടൊപ്പം തെക്ക്, രണ്ട് സെറ്റിൽമെന്‍റുകൾ ഏറ്റെടുത്തതിന് വോളോഡിമർ സെലെൻസ്കി യുക്രൈന്‍ സൈന്യത്തിന് നന്ദി പറഞ്ഞു.
ഖെര്‍സണില്‍ റഷ്യൻ സൈനികരുടെ ക്ലസ്റ്ററുകൾക്ക് നേരെ യുക്രൈന്‍ സേനയുടെ തീവ്രമായ ഷെല്ലാക്രമണത്തിനെ തുടര്‍ന്ന് പ്രദേശത്തെ താമസക്കാരുടെ സഞ്ചാരത്തിന് റഷ്യന്‍ സൈന്യം നിരോധനമേര്‍പ്പെടുത്തിയിരുന്നു. പ്രദേശവാസികളെ ഡിനിപ്പര്‍ നദി മുറിച്ചുകടക്കുന്നത് റഷ്യന്‍ സൈന്യം വിലക്കിയതായി യുക്രൈന്‍ ജനറൽ സ്റ്റാഫ് ഇന്നലെ ആരോപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുക്രൈന്‍ സൈനിക, സിവിലിയൻ മേഖലകളെ ലക്ഷ്യം വച്ച് റഷ്യ 25 മിസൈൽ ആക്രമണങ്ങളും 22 ലധികം വ്യോമാക്രമണങ്ങളും നടത്തിയെന്നും ഡൊനെറ്റ്സ്ക് മേഖലയുടെ പൂർണ നിയന്ത്രണം തങ്ങളുടെ കൈയില്‍ തന്നെ നിര്‍ത്തുന്നതിനാണ് ഈ ആക്രമണമെന്നും യുക്രൈന്‍റെ പ്രസ്ഥാവനയില്‍ പറയുന്നു.
അതേ സമയം തെക്കൻ യുക്രൈനില്‍ റഷ്യ കീഴടക്കിയ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ നിലയമായ സപ്പോരിജിയ ആണവനിലയത്തിന് ചുറ്റും സ്ഥിതിഗതികൾ ശാന്തമാണെന്ന് റഷ്യൻ അധികൃതർ അറിയിച്ചു. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച മുതല്‍ ആണവനിലയവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി യുഎൻറെ ആണവ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന കർഫ്യൂ പരിധിയിലുള്ള നഗരമായ എനർഗോഡറിൽ മൂന്ന് ശക്തമായ സ്‌ഫോടനങ്ങൾ കേട്ടെന്നും എന്നാൽ നാശനഷ്ടങ്ങളുടെയും ആളപായത്തിന്‍റെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന് സമീപം ആക്രമണ സംഘങ്ങളെ വിന്യസിക്കാന്‍ യുക്രൈന്‍ സൈന്യം രണ്ട് തവണ ശ്രമം നടത്തിയെന്നും റഷ്യ ആരോപിച്ചു.
അതോടൊപ്പം നഗരത്തില്‍ ഡ്രോണുകളും അതിശക്തമായ പീരങ്കികളും റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങളും യുക്രൈന്‍ സൈന്യം ഉപയോഗിക്കുന്നുണ്ടെന്നും റഷ്യ ആരോപിച്ചു. ആണവ ഗ്രിഡിലേക്കുള്ള ഒരു റിസർവ് ലൈൻ വൈദ്യുതി വിതരണം നിലനിർത്തിയെന്നും ഇതോടെ ആണവ നിലയത്തിലേക്കുള്ള അവസാനത്തെയും പ്രധാനപ്പെട്ടതുമായ ബാഹ്യ വൈദ്യുതി ലൈൻ ബന്ധവും വിച്ഛേദിക്കപ്പെട്ടെന്നും ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA)യുടെ അറിയിപ്പില്‍ പറയുന്നു.
നിലവില്‍ സപ്പോര്‍ജിനിയയുടെ ആറ് റിയാക്ടറുകളിൽ ഒന്ന് മാത്രമാണ് പ്രവർത്തനക്ഷമമായത്. കഴിഞ്ഞ ഫെബ്രുവരി 24 ന് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ തന്‍റെ സൈന്യത്തെ യുക്രൈന്‍ അധിനിവേശത്തിന് അയച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യൻ സൈന്യം പ്ലാന്‍റ് പിടിച്ചെടുത്തിരുന്നു. നിലവില്‍ റഷ്യന്‍ സൈന്യത്തിന്‍റെ കൈയിലാണ് പ്ലാന്‍റ് ഉള്ളതെങ്കിലും അവിടുത്തെ തൊഴിലാളികളെല്ലാം യുക്രൈനികളാണ്.
ഇന്ന് റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ കേന്ദ്രബിന്ദുവാണ് ഈ ആണവനിലയും. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായാല്‍ ചേര്‍ണോബില്‍ ദുരന്തത്തിന്‍റെ ഇരട്ടിയാകും ദുരന്തഫലമെന്ന മുന്നറിയിപ്പുകളും പുറത്ത് വന്നിരുന്നെങ്കിലും സപ്പോര്‍ജിനിയയ്ക്ക് നേരെയുള്ള ആക്രമണത്തെ ഇരു രാഷ്ട്രങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
യുഎന്നിന്‍റെ ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ നിരന്തര അഭ്യര്‍ത്ഥനയുടെ ഫലമായി കഴിഞ്ഞ ആഴ്ചയില്‍ ഐഎഇഎയുടെ ഒരു സംഘം ഉദ്യോഗസ്ഥര്‍ പ്ലാന്‍റില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഇപ്പോഴും യുക്രൈന്‍ ഉദ്യോഗസ്ഥരാണ്. പ്ലാന്‍റിന്‍റെ മേല്‍നോട്ടം യുഎന്നിന്‍റെ നേതൃത്വത്തിലാക്കണമെന്ന അന്താരാഷ്ട്രാ ആവശ്യത്തെ റഷ്യ എതിര്‍ത്തു.
അതേ സമയം യുക്രൈനിയന്‍ ടെലിഗ്രാം ചാനലുകളില്‍ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയ ഖേർസൺ നഗരത്തിനടുത്തുള്ള ആന്‍റണിവ്സ്കി പാലത്തിൽ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തു. നദിക്ക് തെക്കുള്ള റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യം ഖെര്‍സണിലേക്ക് കടക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് ഈ പലമാണ്.
കഴിഞ്ഞ ആഴ്ചയില്‍ യുക്രൈന്‍ ആക്രമണത്തില്‍ പാലത്തിന് കാര്യമായ കേട് പാടുകള്‍ സംഭവിച്ചിരുന്നു. ഇത് നന്നാക്കാനുള്ള ശ്രമങ്ങള്‍ റഷ്യന്‍ സൈന്യം നടത്തുന്നതിനിടെയാണ് വീണ്ടും അക്രമണം ഉണ്ടായത്. ഇതോടെ ഖേര്‍സണ്‍ നഗരത്തിലേക്ക് റഷ്യന്‍ സൈന്യത്തിന് കരമാര്‍ഗ്ഗം എത്താനുള്ള സാധ്യത അടഞ്ഞു.