Russian warship: കരിങ്കടലില്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തതായി ഉക്രൈന്‍

First Published | Mar 8, 2022, 3:42 PM IST

യുദ്ധത്തിന്‍റെ ആദ്യ ദിനത്തിൽ ഉക്രൈന്‍ സ്നേക്ക് ഐലൻഡിൽ ബോംബ് വര്‍ഷിച്ച റഷ്യന്‍ യുദ്ധക്കപ്പല്‍ പന്ത്രണ്ടാം ദിവസം തകര്‍ത്തതായി ഉക്രൈന്‍ അവകാശപ്പെട്ടു. റഷ്യൻ യുദ്ധക്കപ്പലായ വാസിലി ബൈക്കോവാണ് ഉക്രൈന്‍റെ പ്രത്യോക്രമണത്തില്‍ തകര്‍ന്നത്. ഉക്രൈന്‍റെ തെക്കന്‍ മേഖലയില്‍ റഷ്യന്‍ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ക്രിമിയന്‍ സേനയും കരിങ്കടലില്‍ നിലയുറപ്പിച്ച നാവിക സേനയുമായിരുന്നു. കഴിഞ്ഞ ദിവസം റഷ്യ ഒഡേസ അക്രമിക്കാന്‍ പദ്ധതിയിടുന്നതായി ഉക്രൈന്‍ പ്രസിഡന്‍റ് വ്ളോഡിമര്‍ സെലെന്‍സ്കി പറഞ്ഞതിന് പിന്നാലെ ഒഡേസയില്‍ റഷ്യ വന്‍ തോതിലുള്ള ബോംബിങ്ങ് നടത്തിയിരുന്നു. ഇതിന് പ്രധാനമായും നേതൃത്വം നല്‍കിയത് കരിങ്കടലില്‍ നിലയുറപ്പിച്ച നാവിക സേനയായിരുന്നു. തിരിച്ചടിയില്‍ ഒരു കപ്പല്‍ മുക്കിയതായി ഉക്രൈന്‍ പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 

ഫെബ്രുവരി 24-ന് റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്‍റെ ആദ്യദിനത്തില്‍ നടന്ന ആക്രമണത്തിൽ സ്‌നേക്ക് ഐലൻഡിലെ 13 ഉക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഈ 13 സൈനികരെയും പ്രസിഡന്‍റ് സെലെന്‍സ്കി യുദ്ധ വീരന്മാരായി പ്രഖ്യാപിച്ചു. 

ഈ സൈനികര്‍ മരിച്ചിട്ടില്ലെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റഷ്യ വെളിപ്പെടുത്തി.  എന്നാല്‍, ഇന്നലെ ഈ ദ്വീപില്‍ നിന്നും വന്ന വാര്‍ത്ത അവിശ്വസനീയമായ ഒന്നായിരുന്നു. ദ്വീപിന്‍റെ ചെറുത്ത് നില്‍പ്പില്‍ റഷ്യയുടെ ഒരു യുദ്ധകപ്പല്‍ കരിങ്കടലില്‍ തകര്‍ക്കപ്പെട്ടെന്നതായിരുന്നു ആ വാര്‍ത്ത. 


ഇതോടെ സ്നേക്ക് ഐലന്‍റിലേക്ക് അക്രമണം നടത്തിയിരുന്ന റഷ്യയുടെ രണ്ട് കപ്പലുകളിലൊന്ന് തങ്ങള്‍ തകര്‍ത്തതായി ഉക്രൈന്‍ പ്രതിരോധ വ‍ൃത്തങ്ങളും ആവര്‍ത്തിച്ചു. 'രക്തച്ചൊരിച്ചിലും അനാവശ്യമായ ഇരകളെയും ഒഴിവാക്കാൻ ആയുധങ്ങൾ താഴെ വെച്ച് കീഴടങ്ങാൻ ഞാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു.' എന്ന് കപ്പല്‍ ക്യാപ്റ്റന്‍ ദ്വീപിലെ ഉക്രൈന്‍ സൈനികരോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, റഷ്യന്‍ യുദ്ധക്കപ്പലിനോട് സ്വയം പിരിഞ്ഞ് പോകാനായിരുന്നു ദ്വീപിലെ സൈനികര്‍ നല്‍കിയ മറുപടി. ഒടുവില്‍ വിവരം സ്ഥിരീകരിച്ച് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു:  'ശത്രു വീണ്ടും പിൻവാങ്ങി. ഇന്ന്, മാർച്ച് 7, 2022, ഒഡെസ മേഖലയെ പ്രതിരോധിക്കുന്ന ഉക്രൈന്‍ നാവികസേനയുടെ മറൈൻ യൂണിറ്റുകൾ ഒരു ശത്രു കപ്പല്‍ തകര്‍ത്തു.' 

വ്ളാദിമിര്‍ പുടിന്‍ എന്ന റഷ്യന്‍ ഏകാധിപതിയുടെ ഉക്രൈന്‍ അധിനിവേശം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധമുഖത്ത് റഷ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടിയേറ്റു. ഉക്രൈന്‍ അധിനിവേശത്തില്‍ റഷ്യയുടെ കരസേനയ്ക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ തിരിച്ചടി കൂടി ഏറ്റുവാങ്ങേണ്ടിവന്നത്. 

റഷ്യ 2018 ഡിസംബറിൽ കമ്മീഷൻ ചെയ്ത സൈനിക കപ്പലാണ് വാസിലി ബൈക്കോ. ഇത് പ്രധാനമായും തീര സംരക്ഷണത്തിനും നിരീക്ഷണ ആവശ്യങ്ങൾക്കുമായാണ് റഷ്യന്‍ നാവിക സേന ഉപയോഗിച്ചിരുന്നത്. 6,000 മൈൽ ദൂരപരിധിയും പരമാവധി 35 മൈൽ വേഗതയുമുള്ള പ്രൊജക്റ്റ് 22160 പട്രോളിംഗ് കപ്പലിൽ രണ്ട് മെഷീൻ ഗണ്ണുകളും രണ്ട് ഗ്രനേഡ് ലോഞ്ചറുകളുമാണ് ഉള്ളത്. 

യുദ്ധമാരംഭിച്ച്, പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഉക്രൈന്‍റെ പ്രധാന പട്ടണങ്ങളിലേക്കൊന്നും റഷ്യന്‍ സേനയ്ക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ല. കിഴക്കന്‍ ഉക്രൈനിലെ ഡോണ്‍ബോസ് പോലെ നേരത്തെ റഷ്യന്‍ വിമത സാന്നിധ്യമുണ്ടായിരുന്ന പ്രദേശങ്ങള്‍ മാത്രമാണ് ഇപ്പോഴും റഷ്യയ്ക്ക് കീഴ്പ്പെടുത്താന്‍ കഴിഞ്ഞിട്ടൊള്ളൂ. 

ഇതിനിടെ ലെഫ്റ്റനന്‍റ് കേണൽ ദിമിത്രി സഫ്രോനോവ്. ലഫ്റ്റനന്‍റ് കേണൽ ഡെനിസ് ഗ്ലെബോവ് എന്നിവരും കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ പിന്തുണയുള്ള വിമത സൈനിക ഗ്രൂപ്പായ ഡോനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലികിന്‍റെ നവ-നാസി ഗ്രൂപ്പായ സ്പാര്‍ട്ട ബറ്റാലിയന്‍ കേണല്‍ വ്‌ളാഡിമിർ സോഗയും അടക്കം മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരെയും റഷ്യയ്ക്ക് നഷ്ടമായി. 

തിങ്കളാഴ്ച രാവിലെ വരെ 11,000 റഷ്യന്‍ സൈനികരെയും, ഏകദേശം 290 ടാങ്കുകൾ, 1,000 കവചിത സൈനികർ, 46 വിമാനങ്ങൾ, 68 ഹെലികോപ്റ്ററുകൾ, 117 പീരങ്കികൾ എന്നിവയും തകര്‍ത്തതായി ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ ഈ കണക്കുകള്‍ യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.  

തങ്ങളുടെ 500 സൈനികര്‍ മാത്രമാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടതെന്നാണ് റഷ്യ ഇപ്പോഴും അവകാശപ്പെടുന്നത്. മറ്റ് നഷ്ടങ്ങളെ കുറിച്ചൊന്നും റഷ്യ ഇതുവരെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല. ഓഡേസയിലെത്തിയ റഷ്യക്കാര്‍ക്ക് ഏറ്റവും ഊഷ്മളമായ അനുഭവങ്ങള്‍ നല്‍കിയ നഗരത്തില്‍ ബോംബിടാന്‍ റഷ്യ തയ്യാറെടുക്കുന്നുവെന്ന് സെലെന്‍സ്കി പറഞ്ഞതിന് പിന്നാലെയാണ് റഷ്യന്‍ കപ്പല്‍ നശിപ്പിച്ചതായി ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. 

ഉക്രൈന്‍ , റഷ്യൻ ഭാഷകൾ സംസാരിക്കുന്നവരും ബൾഗേറിയൻ, ജൂത ന്യൂനപക്ഷങ്ങളും ഉള്ള ഉക്രെയ്‌നിന്‍റെ തെക്കൻ തീരത്തുള്ള കോസ്‌മോപൊളിറ്റൻ തുറമുഖമായ ഒഡേസയിൽ ഏകദേശം ഒരു ദശലക്ഷം ആളുകളാണ് താമസിക്കുന്നത്. ലോകപ്രശസ്തവും ഏറെ ചരിത്രവുമുള്ള നഗരമാണ് ഒഡേസ.

കെര്‍സണ്‍, മരിയുപോള്‍, ഇര്‍പിന്‍ എന്നീ കിഴക്കന്‍ ഉക്രൈന്‍ നഗരങ്ങളിലൊഴികെ ഒന്നുപോലും കീഴടക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. റഷ്യന്‍ സൈനിക വ്യൂഹത്തിന് നേരെ കനത്ത പ്രതിരോധം തീര്‍ക്കുകയാണ് ഉക്രൈന്‍ ജനത. 

യുദ്ധം തുടങ്ങി പതിമൂന്നാം ദിവസമായിട്ടും റഷ്യയ്ക്ക് യുദ്ധമുഖത്ത് കാര്യമായ മുന്‍തൂക്കമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 'ഓരോ ദിവസവും ഉക്രൈന്‍ സര്‍ക്കാര്‍ പ്രവര്‍ത്തന നിരതമാണ്. ഇപ്പോഴും പ്രവർത്തിക്കുന്നു. ഇത് അവരുടെ രാഷ്ട്രീയ വിജയവും റഷ്യയുടെ രാഷ്ട്രീയ പരാജയവുമാണ്'. പ്രൊഫസർ മൈക്കൽ ക്ലാർക്ക് ബിബിസി റേഡിയോ 4 മായുള്ള അഭിമുഖത്തിനിടെ പറഞ്ഞു.

റഷ്യക്കാർക്ക് ഉപരിപ്ലവമായ തലത്തിൽ ഉക്രൈന്‍ കീഴടക്കാൻ കഴിയും. എന്നാൽ ഉക്രൈനികള്‍ ഇപ്പോള്‍ റഷ്യക്കാരെ അങ്ങേയറ്റം വെറുക്കുന്നു.  45 ദശലക്ഷം ജനസംഖ്യയുള്ള ഒരു വലിയ രാജ്യമാണത്. റഷ്യക്കാർക്ക് അവർ വിചാരിച്ചതോ, പുടിൻ ചിന്തിച്ചതോ ആയ രീതിയിൽ ഉക്രൈനെ നിയന്ത്രിക്കാൻ കഴിയുക എന്നത് തികച്ചും അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുടിന്‍റെ സൈനിക നീക്കം വലിയൊരു മണ്ടത്തരമായിരുന്നു. പ്രത്യേകിച്ചും ഉക്രൈന്‍ ജനതയും സൈന്യവും ഒരുപോലെ പ്രതിരോധത്തിന് ശ്രമിക്കുന്ന അവസരത്തില്‍. ഉക്രൈന്‍ യുദ്ധം തത്വത്തില്‍ പുടിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് ഉക്രൈനില്‍ മാത്രമല്ല. റഷ്യയില്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. 

റഷ്യൻ സൈന്യം സിവിലിയന്മാര്‍ക്ക് നേരെ ആയുധം പ്രയോഗിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇർപിൻ നഗരത്തിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ റഷ്യൻ മോർട്ടാർ ആക്രമണത്തിൽ എട്ട് സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. 

ഇതില്‍ നാല് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു.  'ഞങ്ങൾ ക്ഷമിക്കില്ല. ഞങ്ങൾ മറക്കില്ല. ദൈവം പൊറുക്കില്ല. ഇന്നല്ല. നാളെയല്ല. ഒരിക്കലുമില്ല.' എന്നാണ് ഈ സംഭവത്തെ കുറിച്ച് പ്രസിഡന്‍റ് സെലെന്‍സ്കി തന്‍റെ പൗരന്മാരോട് പറഞ്ഞത്. 

യുദ്ധം തുടങ്ങുമ്പോള്‍ വെറും 30 ശതമാനമുണ്ടായിരുന്ന സെലെന്‍സ്കിയുടെ ജനപ്രീതി യുദ്ധം ആരംഭിച്ച് രണ്ട് ദിവസം കഴിയുമ്പോഴേക്കും 90 ശതമാനായിട്ടായിരുന്നു വര്‍ദ്ധിച്ചത്. മാത്രമല്ല, സ്വന്തം മാതൃഭൂമിക്ക് വേണ്ടി നടക്കുന്ന ലോകത്തിലെ എല്ലാ പ്രതിരോധങ്ങളും സെലെന്‍സ്കിയുടെ യുദ്ധനീക്കത്തെ പുകഴ്ത്തുന്നു. 

1.5 ദശലക്ഷം ആളുകള്‍ ഇതിനകം ഉക്രൈനില്‍ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ കണക്കുകൂട്ടുന്നു. എന്നാല്‍ ഇതിലും എത്രയോ പേര്‍ രാജ്യം വിട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. അതിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണുമായും തുര്‍ക്കി പ്രസിഡന്‍റെ ഏര്‍ദോഗനുമായും ഫോണില്‍ സംസാരിക്കവേ ഉക്രൈന്‍ ആയുധം താഴെവയ്ക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് പുടിന്‍ ആവര്‍ത്തിച്ചു. 

ഉക്രൈന്‍റെ സമ്പൂര്‍ണ്ണനിരായുധീകരണവും പുടിന്‍ ആവശ്യപ്പെട്ടു. എന്നാല്‍, റഷ്യയ്ക്കെതിരെ പിടിച്ച് നില്‍ക്കാന്‍ കൂടുതല്‍ ആയുധങ്ങളും സൈനിക വിമാനങ്ങളുമാണ് സെലെന്‍സ്കി നാറ്റോയോടും യൂറോപ്യന്‍ യൂണിയനോടും ആവശ്യപ്പെട്ടത്. 
 

Latest Videos

click me!