മൂന്ന് പുതിയ കോംപാക്ട് എസ്‌യുവികൾ ഉൾപ്പെടെ സെഗ്‌മെൻ്റുകളിലുടനീളം ഒന്നിലധികം പുതിയ മോഡലുകൾ ഹ്യുണ്ടായ് അവതരിപ്പിക്കും. ഇതാ വരാനിരിക്കുന്ന ഹ്യുണ്ടായ് കോംപാക്റ്റ് എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയ്ക്ക് വിപണി സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം കമ്പനി ഐപിഒ അവതരിപ്പിക്കുകയും ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു. നിക്ഷേപം വർധിപ്പിക്കാനും ഗവേഷണ-വികസന ശേഷി വികസിപ്പിക്കാനും ബാറ്ററി സെല്ലുകൾ, ബാറ്ററി സംവിധാനങ്ങൾ, ഡ്രൈവ് സിസ്റ്റങ്ങൾ എന്നിവയ്ക്കായി ഇവി വിതരണ ശൃംഖല പ്രാദേശികവൽക്കരിക്കാനും പദ്ധതിയുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. മൂന്ന് പുതിയ കോംപാക്ട് എസ്‌യുവികൾ ഉൾപ്പെടെ സെഗ്‌മെൻ്റുകളിലുടനീളം ഒന്നിലധികം പുതിയ മോഡലുകൾ ഹ്യുണ്ടായ് അവതരിപ്പിക്കും. വരാനിരിക്കുന്ന ഹ്യുണ്ടായ് കോംപാക്റ്റ് എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
QU2i എന്ന കോഡുനാമത്തിൽ പുതുതലമുറ ഹ്യുണ്ടായ് വെന്യു സബ്കോംപാക്റ്റ് എസ്‌യുവി 2025 ൻ്റെ രണ്ടാം പകുതിയിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന മോഡലിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ സ്പൈ ചിത്രങ്ങളും വീഡിയോകളുമായി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ജനറേഷൻ മാറ്റത്തിനൊപ്പം, ക്രെറ്റ, അൽകാസർ എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെന്യു അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമാകും. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം ക്രെറ്റയിൽ നിന്ന് കടമെടുക്കും. ഉയരം കൂടിയ ഫ്രണ്ട് ബമ്പർ, പുതുതായി രൂപകൽപന ചെയ്തതും വീതിയേറിയതുമായ ഗ്രിൽ, ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന തിരശ്ചീനമായി സ്ഥാപിച്ച ടെയിൽലാമ്പുകൾ, കുത്തനെയുള്ള ടെയിൽഗേറ്റ് എന്നിവയും ഇതിലുണ്ടാകും. ലെവൽ 1 ADAS സ്യൂട്ട് ലെവൽ 2 ലേക്ക് അപ്‌ഗ്രേഡ് ചെയ്‌തേക്കാം. പുതിയ അപ്‌ഹോൾസ്റ്ററി, പുനർരൂപകൽപ്പന ചെയ്ത സ്റ്റിയറിംഗ് വീൽ, പുതുക്കിയ സ്വിച്ച് ഗിയർ, പുതുക്കിയ ഡാഷ്‌ബോർഡ് എന്നിവയ്‌ക്കൊപ്പം പനോരമിക് സൺറൂഫും 2025 ഹ്യുണ്ടായ് വെന്യുവിനൊപ്പം വരാം. എന്നാൽ എഞ്ചിനിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
അടുത്തിടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഹ്യുണ്ടായ് കോംപാക്ട് എസ്‌യുവികളിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഹ്യുണ്ടായ് ബയോൺ. അതിൻ്റെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് നിലവിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നുമില്ല. 2026-2027 സാമ്പത്തിക വർഷത്തിൽ ഈ മോഡൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ഉൽപ്പന്ന നിരയിൽ, ഇത് വെന്യുവിന് അരികിലും ക്രെറ്റയ്ക്ക് താഴെയുമായിരിക്കും സ്ഥാനം പിടിക്കുക. 10 ലക്ഷം മുതൽ 15 ലക്ഷം വരെ വില പരിധിയിൽ എത്തിയേക്കാവുന്ന ഹ്യുണ്ടായി ബയോൺ മാരുതി സുസുക്കി ഫ്രോങ്‌ക്സുമായും മറ്റ് സബ്-4 മീറ്റർ എസ്‌യുവികളുമായും മത്സരിക്കും.
ഇൻസ്റ്റർ അധിഷ്ഠിത ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. HE1 എന്ന കോഡ് നാമത്തിൽ, വരാനിരിക്കുന്ന ഈ ഇവി 2026-ൻ്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ടാറ്റ പഞ്ച് ഇവിക്കുള്ള ഹ്യുണ്ടായിയുടെ എതിരാളി ആയിരിക്കും ഇത്. 42kWh ബാറ്ററിയുള്ള 97bhp സ്റ്റാൻഡേർഡ് മോഡൽ, 49kWh ബാറ്ററിയുള്ള 115bhp ലോംഗ് റേഞ്ച് മോഡൽ എന്നിങ്ങനെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളോട് കൂടിയ ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറാണ് ഹ്യുണ്ടായ് ഇൻസ്റ്റർ. സ്റ്റാൻഡേർഡ് പതിപ്പ് 300 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. അതേസമയം ലോംഗ്-റേഞ്ച് വേരിയൻ്റ് ഒറ്റ ചാർജിൽ 355 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. രണ്ട് സജ്ജീകരണങ്ങളും 147Nm ടോർക്ക് നൽകുന്നു. ഇന്ത്യയിൽ, ഇൻസ്‌റ്റർ അധിഷ്‌ഠിത ഇവി ചെറുതും വലുതുമായ ബാറ്ററി പായ്ക്കുകളുമായി വരാൻ സാധ്യതയുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, ഇത് 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗോടുകൂടിയ 360 ഡിഗ്രി ക്യാമറ, ADAS സാങ്കേതികവിദ്യ തുടങ്ങിയവ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.