Ukraine Craisis: പുടിനെതിരെ യുദ്ധം ചെയ്യാന്‍ മുന്‍ യുകെ, യുഎസ് സൈനികരും

First Published | Mar 15, 2022, 12:14 PM IST


ഷ്യന്‍ (Russia) സേനയ്ക്കെതിരെ പോരാടാന്‍ ബ്രിട്ടീഷ് (British) സൈന്യത്തില്‍ നിന്ന് പിരിഞ്ഞ് പോയവരുടെ ഒരു സംഘം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കം അത്യന്തം അപകടം നിറഞ്ഞതാണെന്നും ഇത് പുടിനെ പ്രകോപിതനാക്കുമെന്നും മുന്നറിയിപ്പുകളുണ്ട്. റഷ്യ, നാറ്റോയ്ക്കെതിരെ (Nato) യുദ്ധം പ്രഖ്യാപിക്കുന്നതിന് വരെ ഈ നീക്കം കാരണമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ നൂറോളം മുന്‍ യുകെ സൈനികര്‍ ഇത്തരത്തില്‍ ഉക്രൈന്‍ മണ്ണില്‍ നിന്ന് പോരാടുന്നുണ്ട്. അറുനൂറോളം പേരുടെ ഒരു സംഘം യുദ്ധമുഖത്തേക്ക് പോകാനായി തയ്യാറെടുക്കുന്നെന്നും എട്ട് വര്‍ഷമായി ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന വിദേശ സൈനികരടങ്ങിയ അര്‍ദ്ധ സൈനിക സംഘത്തിന്‍റെ ( Georgian National Legion) കമാന്‍ഡറായ മമുക മമുലാഷ്വിലി (Mamuka Mamulashvil) പറഞ്ഞു. ഇത്തരത്തില്‍ ഉക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാനെത്തുന്ന സൈനികരില്‍ പലരും നേരത്തെ യുഎസ്, യുകെ സൈന്യത്തിന്‍റെ ഭാഗമായി ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ യുദ്ധം ചെയ്ത് പരിചയമുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 

ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി യുക്രെയിനിലേക്ക് പോകുന്ന വിമുക്തഭടന്മാര്‍ക്ക് ബ്രിട്ടീഷ് സേനാംഗങ്ങളിൽ നിന്ന് ഒരു ഗുണവും ലഭിക്കില്ലെന്ന് ബ്രിട്ടീഷ് സായുധ സേന മന്ത്രി ജെയിംസ് ഹീപ്പി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

പുതുതായി സൈന്യത്തില്‍ ചേരാന്‍ അപേക്ഷ നല്‍കിയവരില്‍ 600 ഓളം പലരും ബ്രിട്ടന് വേണ്ടി നേരത്തെ യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചവരും പോരാട്ടങ്ങളില്‍ പങ്കെടുത്തവരുമാണ്. അവര്‍ ഇപ്പോഴും കരുത്തരാണ്. പോരാത്തതിന് തങ്ങള്‍ പരിശീലനവും നല്‍കുന്നുണ്ടെന്നും  മമുക മമുലാഷ്വിലി പറയുന്നു. 


ഉക്രൈനിലേക്ക് യുദ്ധത്തിനായി പോകാന്‍ ആഗ്രഹിക്കുന്ന പലരും സ്വന്തം വ്യക്തിത്വം മറച്ച് വയ്ക്കാന്‍ ആഗ്രഹിക്കുന്നു. ‘ഞാൻ ഇവിടെ ഉണ്ടെന്ന് എന്‍റെ മാതാപിതാക്കൾക്ക് അറിയില്ല,’ യുദ്ധമുഖത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ചെറുപ്പക്കാരിലൊരാൾ പറഞ്ഞു. 

മനുഷ്യത്വപരമായ സന്നദ്ധപ്രവർത്തകനായി പോളണ്ടിലേക്ക് പോകുന്നതെന്നാണ് വീട്ടില്‍ പറഞ്ഞിരിക്കുന്നത്. വീട്ടുകാര്‍ ആശങ്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബ്രിട്ടീഷ് ആർമിയിൽ അഞ്ച് വർഷം സേവനമനുഷ്ഠിച്ച തനിക്ക് ഉക്രൈന്‍റെ പോരാട്ടത്തിൽ ചേരാൻ പ്രചോദനമായത് പ്രസിഡന്‍റ് വോളോഡമിർ സെലെൻസ്‌കിയുടെ ധൈര്യമായിരുന്നെന്നും അയാള്‍ കൂട്ടിചേര്‍ത്തു. 

'നമ്മുക്കറിയാം രാഷ്ട്രീയക്കാരെല്ലാം നുണയന്മാരാണെന്ന് എന്നാല്‍ ഇവിടെ അദ്ദേഹം വ്യത്യസ്തനായി തോന്നുന്നു. ഇത് സ്വാതന്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നു. പലയിടങ്ങളിലായി വളര്‍ത്തപ്പെടുന്ന അനാഥരാകുന്ന കുട്ടികള്‍. കുടുംബങ്ങള്‍ ശിഥിലമാകുന്നു. ഇത് തടയാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യണമെന്ന് കരുതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

ജോർജിയൻ നാഷണൽ ലെജിയന്‍റെ ( Georgian National Legion) കമാൻഡറായ മമുലാഷ്വിലിയും (Mamulashvili) ഇത്തരത്തില്‍ യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധപ്രവർത്തകനാണ്. റഷ്യയ്ക്കെതിരെ യുദ്ധമുഖത്ത് ഉക്രൈന്‍ സായുധ സേനയുടെ ഭാഗമായ മിലിഷിയയാണ് ജോർജിയൻ നാഷണൽ ലെജിയന്‍. 

ഉക്രൈന് വേണ്ടി ജോർജിയൻ നാഷണൽ ലെജിയന്‍റെ സൈനികര്‍ യുദ്ധമുഖത്ത് പോരാടുമ്പോള്‍ സിറിയയില്‍ നിന്നുള്ള സായുധ സംഘങ്ങള്‍ റഷ്യയ്ക്ക് വേണ്ടി ഉക്രൈനില്‍ പോരാടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരയുദ്ധത്തില്‍ റഷ്യന്‍ സൈനിക നീക്കം പതുക്കെയായതോടെയാണ് സിറിയയില്‍ നിന്നുള്ള സംഘത്തെ പുടിന്‍ ഉക്രൈനിലെത്തിച്ചത്. 

'റഷ്യക്കാർ ഞങ്ങളുടെ സ്ഥാനം കണ്ടെത്താനും ഞങ്ങളെ ലക്ഷ്യം വയ്ക്കാനും ശ്രമിക്കുന്നുവെന്ന് മമുലാഷ്വിലിപറഞ്ഞു. 2014 ൽ റഷ്യ ഉക്രൈനില്‍ നിന്ന് ക്രിമിയ പിടിച്ചെടുക്കാനായി പട നയിച്ചപ്പോളാണ് മുന്‍ ജോർജിയൻ സൈനികര്‍ ചേര്‍ന്ന് ജോർജിയൻ നാഷണൽ ലെജിയന്‍ സ്ഥാപിച്ചത്. 

ഉക്രൈന്‍റെ കിഴക്കന്‍ മേഖലയായ ഡോൺബാസിലെ റഷ്യന്‍ അനുകൂല വിഘടനവാദികളോട് പോരാടാനായിരുന്നു പ്രധാനമായും സൈന്യത്തെ രൂപീകരിച്ചത്. എന്നാല്‍, അന്ന് റഷ്യ ക്രിമിലിയ പിടിച്ചെടുത്തു.  ഇന്ന് പുടിന്‍റെ പരാജയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈ വിദേശ സൈനികരുടെ സംഘം അവകാശപ്പെട്ടുന്നു. 

ഇന്ന് നിങ്ങൾക്ക് സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു സ്ഥലമാണിത്. അത് ഉക്രൈന് വേണ്ടി മാത്രമല്ല, ലോകത്തിനാകെയുള്ള സ്വാതന്ത്ര്യമാണ്. സംഘാംഗങ്ങള്‍ പറയുന്നു. പല രാജ്യങ്ങളില്‍ നിന്ന് വന്ന ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ഒരൊറ്റ ലക്ഷ്യം മാത്രമാണ് മുന്നില്‍ കാണുന്നത്. അത് ഉക്രൈന്‍റെ സ്വാതന്ത്ര്യം മാത്രമാണ്. 

എനിക്ക് എന്നെ തന്നെ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. ഇറാഖിലെ യുഎസ് യുദ്ധം അന്യായമായിരുന്നു. അതിനെനിക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. ഇറാഖില്‍ സേവനമനുഷ്ഠിച്ച മുന്‍ യുഎസ് സൈനികനായ മാത്യു റോബിൻസൺ പറയുന്നു. റോബിൻസൺ ഇന്ന് ജോർജിയൻ നാഷണൽ ലെജിയന്‍റെ ഭാഗമായി ഉക്രൈനിലേക്ക് റഷ്യയ്ക്കെതിരെ പോരാടാന്‍ തയ്യാറെടുക്കുന്നു.

ഇറാഖില്‍ എനിക്ക് ലഭിച്ചത് ചോരപ്പണമാണ്. എന്നാല്‍ ഇവിടെ എനിക്ക് പ്രായശ്ചിത്തം ചെയ്യണം. എന്തെങ്കിലും നന്മ ചെയ്യാനുള്ള ഒരു ലക്ഷ്യമായി അവസരമായി ഞാനിതിനെ ഉപയോഗിക്കുന്നുവെന്നും റോബിൻസൺ കൂട്ടിച്ചേര്‍ത്തു. തന്‍റെ തീരുമാനത്തിൽ മാതാപിതാക്കളും മൂന്ന് സഹോദരിമാരും സന്തുഷ്ടരല്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. 

ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തതിലൂടെ ലഭിച്ച പണത്തില്‍ നിന്ന് വാങ്ങിയ വസ്തുക്കളാണ് താനിപ്പോള്‍ ഉപയോഗിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ആ പണമുപയോഗിച്ചാണ് താന്‍ യാത്രകള്‍ നടത്തുന്നത്. ജീവിക്കുന്നത്. എന്നാല്‍, അത് ഇറാഖിലെ ചോരപ്പണമായിരുന്നു. ഇനിയെങ്കിലും എനിക്ക് എന്‍റെ ജീവിതം ആസ്വദിക്കണം റോബിന്‍സണ്‍ പറയുന്നു. 

റോബിന്‍സണിനെ പോലുള്ളവരുടെ ഇപ്പോഴത്തെ ലക്ഷ്യം ഉക്രൈന്‍റെ ടെറിട്ടോറിയൽ ഡിഫൻസ് ഫോർ ഇന്‍റർനാഷണൽ ലെജിയനിൽ ചേരുകയെന്നതാണ്. റഷ്യയുടെ അധിനിവേശത്തിന് ശേഷം ഉക്രൈന് വേണ്ടി യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശ സൈനികര്‍ക്കായി ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിയാണ് ഈ സൈനിക ഘടകത്തെ  പ്രഖ്യാപിച്ചത്.

റോബിൻസൺ, ജോർജിയൻ സൈന്യത്തെ 'സഹോദരങ്ങളുടെ ഒരു സംഘം' എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഈ സഖ്യത്തിന് സൈനിക ഉപകരണങ്ങളുടെ ലഭ്യത കുറവുണ്ട്. കീവിലേക്ക് പോകാന്‍ അവസരമുണ്ട്. എന്നാല്‍, അതിനുള്ള യുദ്ധോപകരണങ്ങളുടെ അഭാവം തങ്ങളെ അലട്ടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 

ഏകദേശം 30 വർഷം മുമ്പ് 14 വയസ്സുള്ളപ്പോൾ തന്‍റെ പിതാവിനൊപ്പം റഷ്യയ്ക്കെതിരെ യുദ്ധം ചെയ്തതിന് തന്നെ റഷ്യൻ സൈന്യം ജയിലിലടച്ചതായി മാമുലാഷ്‌വിലി അവകാശപ്പെടുന്നു. എന്നാല്‍, ഇന്ന് റഷ്യയ്ക്കെതിരെ പോരാടാന്‍ താൻ ഒരു ദിവസം 20 ലധികം വിദേശ സന്നദ്ധപ്രവർത്തകരെ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറയുന്നു.  

ജോർജിയ, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നാണ് ഉക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി ആളുകളെത്തുന്നത്. നൂറ് കണക്കിന് ഇറ്റലിക്കാര്‍, ഉക്രൈന്‍ സ്വാതന്ത്രത്തിന് വേണ്ടി പോരാടാന്‍ തയ്യാറായി മുന്നോട്ട് വരുന്നു. എന്നാല്‍ ഒരൊറ്റ ഫ്രഞ്ച് പൗരനും ഇത്തരമൊരു ആഗ്രഹവുമായി വരുന്നില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

ജോർജിയൻ നാഷണൽ ലെജിയനിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ സാധാരണയായി അഞ്ച് ദിവസത്തെ പരിശീലനത്തിന് ശേഷം  ഉക്രൈനിലെ യുദ്ധമുഖത്തേക്ക് അയക്കുന്നു. പരിശീലനം നല്‍കാനുള്ള സമയമില്ലാത്തതിനാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു സൈനിക പശ്ചാത്തലം ആവശ്യമാണെന്നും മാമുലാഷ്‌വിലി പറയുന്നു. 

ബ്രിട്ടീഷ് സൈന്യത്തിന്‍റെ ഉത്തരവുകള്‍ അനുസരിക്കാത്ത ചില സൈനികര്‍ ഉക്രൈനിലേക്ക് യുദ്ധത്തിനായി സ്വന്തം ഇഷ്ടപ്രകാരം പോയിട്ടുണ്ടെന്നും ഇവര്‍ക്ക് ബ്രിട്ടീഷ് സൈന്യത്തിന്‍റെ ഒരു ആനുകൂല്യവും ലഭിക്കില്ലെന്നും ബ്രിട്ടീഷ് സൈനിക മേധാവി തന്നെ പറഞ്ഞിരുന്നു. എന്നാല്‍, സൈന്യത്തില്‍ നിലവില്‍ ജോലി ചെയ്യുന്നവരെ തങ്ങള്‍ റിക്രൂട്ട് ചെയ്യുന്നില്ലെന്ന് മാമുലാഷ്‌വിലി പറയുന്നു. 

21 വയസ്സുള്ള ഒരു യുവ ബ്രിട്ടീഷ് സൈനികന്‍ ഇത്തരമൊരു ആവശ്യവുമായി തങ്ങളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അയാളെ തിരിച്ചയക്കുകയായിരുന്നെന്നും മാമുലാഷ്‌വിലി കൂട്ടിച്ചേര്‍ക്കുന്നു.

നിലവില്‍ യുഎസ്, യുകെയുടെ സൈന്യത്തില്‍ ജോലി ചെയ്യുന്നവര്‍ ഉക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും റഷ്യന്‍ സൈന്യം ഇവരെ പിടികൂടുകയും ചെയ്താല്‍ അത് അപ്രവചനീയമായ പ്രത്യാഘാതം ഉണ്ടാക്കും. നാറ്റോയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ പുടിന്‍ ഇതൊരു കാരണമായി ഉപയോഗിക്കുമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

undefined

Latest Videos

click me!