മലപ്പുറത്ത് ജനൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മുത്തച്ഛനൊപ്പം കളിക്കുന്നതിനിടെയാണ് അപകടം.
കിഴിശേരി: മലപ്പുറം കിഴിശേരിയിൽ ജനവാതിൽ ദേഹത്ത് വീണു ഒന്നരവയസായ കുഞ്ഞിന് ദാരുണാന്ത്യം. പുഞ്ഞാരക്കോടൻ മുഹ്സിൻ മകൻ നൂറുൽ ഐമൻ (ഒന്നര വയസ്സ്) ആണ് മരിച്ചത്. നിർമ്മാണത്തിലുള്ള വീട്ടിന്റെ ചുമരിൽ ചാരി വച്ചിരുന്ന ജനലാണ് കുഞ്ഞിൻ്റെ ദേഹത്ത് വീണത്. ഇന്ന് രാവിലെപത്ത് മണിയോടെയാണ് അപകടമുണ്ടായത്. കുട്ടിയുടെ അമ്മയുടെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കാരാട്ടുപറമ്പ് വലിയാറക്കുണ്ട് വീട്ടിൽ ഇ.കെ ജുഹൈന തസ്‌നിയാണ് കുട്ടിയുടെ അമ്മ. കാരാട്ടുപറമ്പിലുള്ള മാതാവിന്റെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്.
മഞ്ചേരി യൂനിറ്റി വിമൻസ് കോളജിൽ ബിരുദ വിദ്യാർത്ഥിനിയായ മാതാവ് ക്ലാസിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ കുട്ടി കരഞ്ഞ് ബഹളമുണ്ടാക്കി. ഈ സമയത്ത് കരച്ചിൽ മാറ്റാനായി വീടിൻ്റെ മുകൾ നിലയിലുള്ള മുത്തച്ഛന്റെ അടുത്തേക്ക് കുട്ടിയെ എത്തിച്ചു. മുത്തച്ഛൻ കുട്ടിയ്ക്കൊപ്പം കളിക്കുകയായിരുന്നു. ഈ സമയത്താണ് അപകടമുണ്ടായത്. നിർമ്മാണം നടന്നിരിക്കുന്ന വീടിന്റെ ചുമരിൽ ചാരിവച്ചിരുന്ന പഴയ ജനൽ കട്ടിലയിൽ കുട്ടി കളിക്കുന്നതിനിടെ ഇത് ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്.
തലക്ക് സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ചെന്നൈയിൽ വോഡഫോൺ കമ്പനിയിൽ ജീവനക്കാരനായ മുഹ്സിൻ നാല് ദിവസം മുമ്പാണ് വീട്ടിൽ വന്ന് മടങ്ങിയത്. ഇതിന് ശേഷമാണ് ജുഹൈന തസ്നി മകനുമായി സ്വന്തം വീട്ടിൽ എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം