യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം യുദ്ധത്തിന് അടുത്ത് നിൽക്കുകയാണെന്നും ഒരു ആണവ കേന്ദ്രത്തിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്നും യുഎന്‍ ആണവ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു.തെക്ക് യുക്രൈനിലെ ഡിനിപ്രോ നദിയിലെ ആവണ പവർ സ്റ്റേഷന്‍റെ ഗ്രൗണ്ടിൽ റഷ്യക്കാർ സൈന്യം നിലയുറപ്പിക്കുകയും സൈനിക ഹാർഡ്‌വെയർ സൂക്ഷിക്കുകയും ചെയ്തതായി യുക്രൈന്‍ ഉദ്യോഗസ്ഥരും ആരോപിച്ചു.
മാര്‍ച്ചില്‍ സപ്പോരിജിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ സേന ബോംബുകള്‍ ഉപയോഗിച്ചിരുന്നു. ഇവ ആണവനിലയത്തിന്‍റെ പാര്‍ക്കിങ്ങി ഗ്രൌണ്ടില്‍ വീണ് സ്ഫോടനമുണ്ടായിരുന്നു.ഈ സ്ഫോടനത്തിന് പിന്നാലെ യുക്രൈന്‍ സൈന്യം ആണവനിലയത്തില് നിന്നും പിന്‍വാങ്ങിയതായും ആണവനിലയം റഷ്യന്‍ സൈന്യം കൈയടക്കിയതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം പ്ലാന്‍റിനെ ആക്രമിക്കുകയാണെന്ന് മേഖലയിൽ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. യുക്രൈന്‍ ആണവ കേന്ദ്രം ആക്രമിക്കുമ്പോൾ റഷ്യക്കാർ എങ്ങനെയാണ് ആണവ കേന്ദ്രത്തിന് കാവൽ നിൽക്കുന്നതെന്ന് ഗ്രോസിയുടെ ഏജൻസിയായ ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയെ (ഐഎഇഎ) കാണിക്കാൻ റഷ്യന്‍ ഉദ്യോഗസ്ഥർ തയ്യാറാണെന്ന് യെവ്‌ജെനി ബാലിറ്റ്‌സ്‌കി പറഞ്ഞു.
പ്ലാന്‍റ് പിടിച്ചെടുക്കാനായി റഷ്യ അവിടെയുള്ള കെട്ടിടങ്ങൾക്ക് നേരെ ഷെല്ലാക്രമണം നടത്തിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍, പ്ലാന്‍റ് ഇപ്പോഴും യുക്രൈന്‍ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കുകയാണെന്നും ഇവര്‍ റഷ്യന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
"സാഹചര്യം വളരെ ദുർബലമാണ്. ആണവ സുരക്ഷയുടെ എല്ലാ തത്വങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നു, അത് തുടരാൻ ഞങ്ങൾക്ക് അനുവദിക്കാനാവില്ല." ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഗ്രോസി മുന്നറിയിപ്പ് നല്‍കി.
പ്ലാന്‍റ് സന്ദർശിക്കാൻ എത്രയും വേഗം ഒരു ദൗത്യം ഒരുക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ ഇതിന് യുക്രൈന്‍, റഷ്യൻ കക്ഷികളുടെ അംഗീകാരവും യുഎൻ അംഗീകാരവും ആവശ്യമാണെന്നും ഐഎഇഎയുടെ ഡയറക്ടർ ജനറൽ പറഞ്ഞു. ജൂണിൽ, യുക്രൈന്‍ സ്റ്റേറ്റ് ന്യൂക്ലിയർ കമ്പനി, യുക്രൈന്‍ ഐഎഇഎയെ ക്ഷണിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു. ഏതുതരത്തിലുള്ള സന്ദർശനവും റഷ്യയുടെ സാന്നിധ്യം അവിടെ നിയമവിധേയമാക്കുമെന്നും യുക്രൈന്‍ ആരോപിക്കുന്നു.
തനിക്കും തന്‍റെ സംഘത്തിനും സപ്പോരിജിയ ആണവനിലയം സന്ദര്‍ശിക്കാന്‍ ഇരുരാജ്യങ്ങളുടെയും സഹകരണം ആവശ്യമാണെന്നും ഈ ദൗത്യം തുടരാൻ തങ്ങളെ അനുവദിക്കണമെന്ന് ഞാൻ ഇരുപക്ഷത്തോടും അഭ്യർത്ഥിക്കുന്നുവെന്നും റാഫേല്‍ ഗ്രോസി പറഞ്ഞു. യുദ്ധം രൂക്ഷമാകുമ്പോള്‍ നിഷ്ക്രിയത്വം മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്നും ഗ്രോസി കൂട്ടിച്ചേര്‍ത്തു.
സപ്പോരിജിയ ആണവനിലയത്തിൽ ഒരു അപകടം സംഭവിച്ചാൽ, ആ ദുരന്തത്തെ പ്രകൃതി ദുരന്തമായി കുറ്റപ്പെടുത്താൻ ഞങ്ങൾക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ പ്രശ്നത്തിന് ഉത്തരം നൽകാൻ ഞങ്ങൾ മാത്രമേ കാണുകയുള്ളൂവെന്നും അതിനായി ആണവനിലയത്തിന്‍റെ സുരക്ഷാ പരിശോധനയ്ക്ക് ഞങ്ങൾക്ക് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സപ്പോരിജിയ ആണവനിലയത്തെ റഷ്യക്കാര്‍ ഒരു ന്യൂക്ലിയര്‍ ഷീല്‍ഡായി ഉപയോഗിക്കുകയാണെന്ന് ആന്‍റണി ബ്ലിക്കന്‍ ആരോപിച്ചു. ആണവനിലയം ഉണ്ടാക്കാന്‍ സാധ്യതയുള്ള ഭയാനകമായ അപകടം ഒഴിവാക്കാനായി യുക്രൈനികള്‍ക്ക് തിരിച്ചടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1986 ല്‍ വടക്കന്‍ യുക്രൈനിലെ ചെര്‍ണോബില്‍ പ്ലാന്‍റിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിച്ചതും യുക്രൈനികളായിരുന്നു.
ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ കീഴടക്കിയിരിന്നു. എന്നാല്‍ അഞ്ച് ആഴ്ചകള്‍ക്ക് ശേഷം റഷ്യന്‍ സൈന്യം ചെര്‍ണോബില്ലില്‍ നിന്നും പിന്മാറി. ഇതിനിടെ റഷ്യന്‍ സൈന്യം പ്ലാന്‍റിലെ റേഡിയേഷന്‍ അളവ് രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകള്‍ നശിപ്പിക്കുകയോ മോഷ്ടിക്കുകയോ ചെയ്തെന്നും ആരോപണമുയര്‍ന്നു. എന്നാൽ ഡീകമ്മീഷൻ ചെയ്ത പ്ലാന്‍റിലെ യഥാർത്ഥ ആണവ ഉപകരണങ്ങളെ റഷ്യന്‍ സൈന്യം സ്പര്‍ശിച്ചിട്ടില്ലെന്നും റിപ്പോര്‍പ്പോര്‍ട്ടുകളുണ്ടായിരുന്നു.