Kyiv zoo: മനുഷ്യരുടെ ഈ യുദ്ധത്തില്‍ ഞങ്ങള്‍ ചെയ്ത തെറ്റെന്താണ് ?

First Published | Mar 9, 2022, 4:50 PM IST

നുഷ്യരെപ്പോലെ മൃഗങ്ങളും യുദ്ധത്തെ വെറുക്കുന്നു. എന്നാൽ, യുദ്ധത്തെ ഭയന്ന് ബങ്കറുകളില്‍ ഒളിക്കാന്‍ അവര്‍ക്കാകില്ല. ഉക്രൈന്‍റെ രാജ്യാതിര്‍ത്തി കടന്ന 2 ദശലക്ഷം മനുഷ്യരെ പോലെ അവയ്ക്ക് അതിര്‍ത്തികള്‍ കടക്കാനും പറ്റില്ല. ഇതിന്‍റെ ആത്യന്തികമായ ഫലമെന്നത് മൃഗങ്ങളില്‍ സമ്മര്‍ദ്ദവും വിഷാദവും മാതൃവൈകല്യങ്ങളുമാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. നേരത്തെ ഉക്രൈന്‍ മൃഗശാലയിലെ മൃഗങ്ങളും സന്ദര്‍ശകരില്‍ നിന്ന് ഭക്ഷണങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, നാല് ഭഗത്ത് നിന്നും വെടി ശബ്ദവും സ്ഫോടനവും കേള്‍ക്കുമ്പോള്‍ അവ ഭക്ഷണം കഴിക്കാന്‍ പോലും താത്പര്യപ്പെടുന്നില്ലെന്ന് ഉക്രൈന്‍ മൃഗശാലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ പതിമൂന്ന് ദിവസമായി ഉക്രൈന്‍ തലസ്ഥാനമായ കീവിന് ചുറ്റും വെടി ശബ്ദങ്ങളും സ്ഫോടനങ്ങളും പതിവാണ്. നഗരത്തിന്‍റെ പ്രാന്തപ്രദേശത്തിന് ഏതാനും മൈലുകള്‍ അകലെയുള്ള മൃഗശാലയില്‍ പോലും മോട്ടോറുകളുടെയും പീരങ്കി ശബ്ദങ്ങളുടെയും നിലയ്ക്കാത്ത ശബ്ദം കേള്‍ക്കാം. 

മൃഗശാലയിലെ ആനയും ജിറാഫും സിംഹവും കുരങ്ങുകളും തുടങ്ങി എല്ലാ പക്ഷി-മൃഗാദികളും തങ്ങള്‍ കേള്‍ക്കുന്ന സ്ഫോടന ശബ്ദത്തില്‍ അസ്വസ്ഥരാണ്. അവ ഇരയെടുക്കാന്‍ മടിക്കുന്നു. എന്തിന് മനുഷ്യരെ സാന്നിധ്യം തന്നെ അവര്‍ക്ക് പ്രശ്നകരമാണെന്ന തോന്നലുണ്ടാക്കുന്നു.


200 ഇനങ്ങളിൽ നിന്നുള്ള ഏകദേശം 4,000 മൃഗങ്ങളുള്ള  കീവിലെ മൃഗശാലയില്‍ കഴിഞ്ഞ വർഷം 7,00,000 സന്ദർശകരാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഇത് സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുകയായിരുന്നു. 

സമീപ വർഷങ്ങളിൽ, മൃഗശാലയുടെ അടിസ്ഥാന സൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. സോവിയറ്റ് കാലഘട്ടത്തിലെ ഇടുങ്ങിയ വാസ്തുവിദ്യകള്‍ പലതും വലുതും കൂടുതൽ വായുസഞ്ചാരമുള്ളതുമായി മാറ്റപ്പെട്ടു. 

ലണ്ടൻ മൃഗശാലയുടെ ശാസ്ത്രാധിഷ്ഠിത സമീപനത്തിന്‍റെ വലിയ ആരാധകനാണ് താനെന്ന് മൃഗശാല ഉദ്യോഗസ്ഥനായ കെറിലോ ട്രാന്‍റിൻ പറയുന്നു. അദ്ദേഹത്തിന്‍റെ ആരാധ്യപുരുഷന്മാരില്‍ ഒരാളാണ് ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജെറാൾഡ് ഡറൽ. 

കേവലം പ്രദർശനത്തിൽ നിന്ന് മൃഗസംരക്ഷണത്തിനും വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുന്നതിനും ഊന്നൽ നൽകണമെന്നായിരുന്നു അദ്ദേഹത്തിന്‍റെയും ആശയം. 

എന്നാല്‍, യുദ്ധം എല്ലാം അവസാനിപ്പിച്ചതായി കെറിലോ ട്രാന്‍റിൻ പറയുന്നു. മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ജീവിക്കാന്‍ അനുവദിക്കുന്നത് പോയിട്ട് അവയ്ക്ക് നേരാം വണ്ണം ഭക്ഷണം നല്‍കാനോ നല്‍കിയ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. 

യുദ്ധം ആരംഭിച്ച ശേഷം മൃഗശാലയുടെ പ്രവർത്തനം നോക്കാൻ ആവശ്യമായ മിനിമം ജീവനക്കാരെ മാത്രമാണ് ഞങ്ങൾ നിലനിർത്തിയിട്ടുള്ളത്. മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നു, അവയുടെ ചുറ്റുപാടുകൾ വൃത്തിയാക്കുന്നു. അത്യാവശ്യത്തിന് മൃഗഡോക്ടർമാർ ഇപ്പോഴും ഇവിടെയുണ്ട്.' അദ്ദേഹം കൂട്ടിചേര്‍ത്തു. 

നേരത്തെ അക്വേറിയം ആക്കാനായി പണികഴിപ്പിച്ച സ്ഥലം ഇന്ന് മൃഗശാലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള ബങ്കറായി പരിണമിക്കപ്പെട്ടു. പ്രായമായ തന്‍റെ അമ്മയേയും വീട്ടിലെ പൂച്ചയെയും പട്ടിയെയും വരെ താന്‍ ഇന്ന് ഇവിടെയാണ് സൂച്ചിച്ചിരിക്കുന്നതെന്നും കെറിലോ ട്രാന്‍റിൻ പറയുന്നു.'

‘യുദ്ധത്തിന് മുമ്പ് ഞങ്ങൾ മൃഗങ്ങൾക്കായി രണ്ടാഴ്ചയ്ക്കുള്ള ഭക്ഷണം സംഭരിച്ചിരുന്നു. ഞങ്ങൾ ഇപ്പോൾ യുദ്ധത്തിന്‍റെ രണ്ടാം ആഴ്ചയിലൂടെ കടന്ന് പോകുന്നു. ഇന്ന് ഞങ്ങൾ ഞങ്ങളുടെ സംഭരണശാലയിൽ പോയി മൂന്ന് ടൺ ഭക്ഷണം പുറത്തെടുത്തു. അത് ഒരാഴ്ചയ്ക്ക് കൂടി ഉപകാരപ്പെടും. അതിനു ശേഷം......' അദ്ദേഹത്തിന് തന്‍റെ വാക്കുകള്‍ പൂരിപ്പിക്കാന്ഒ കഴിഞ്ഞില്ല. '

‘സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള ഭക്ഷണസാധനങ്ങൾ തേടി നഗരത്തിലുടനീളം ആളുകൾ ഇപ്പോൾ തന്നെ ഓടുകയാണ്. ’സ്വന്തം പണം ഉപയോഗിച്ചാണ് പലപ്പോഴും ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. ഞങ്ങള്‍ക്ക് സ്വയം പര്യാപ്തമാകാതെ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതിനുള്ള ശ്രമങ്ങളും ആരംഭിച്ചതായി അദ്ദേഹം പറയുന്നു. 'ഞങ്ങളുടെ ഗോറില്ലയായ ടോണിക്ക് വേണ്ടി ഞങ്ങൾ സ്വന്തമായി തൈര് ഉണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. മാംസഭോജികൾക്ക് സമാധാനകാലത്ത് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ചിക്കൻ ഇപ്പോള്‍ ലഭിക്കുന്നതാണ് ഏക ആശ്വാസം, സാധാരണയായി അത് ബീഫ് ആയിരിക്കുമെങ്കിലും. ജിറാഫുകൾക്ക് ഉള്ളി ഇഷ്ടമാണെന്ന് നിങ്ങൾക്കറിയാമോ?’

17 വയസ്സുള്ള ഏഷ്യൻ ആനയായ ഹോറസ് പുതിയ ശബ്ദങ്ങളില്‍ ഏറെ അസ്വസ്ഥനാണ്. ഇക്കാരണത്താൽ അവനെ പുറത്തെ ചുറ്റുപാടിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. അവനെ നമ്മുക്ക് ഒറ്റയ്ക്ക് നേരിടാനാവില്ല. പ്രത്യേകിച്ചും മയക്കുമരുന്നിന്‍റെ സഹായമില്ലാതെ. ഒരു ആന വിദഗ്ദന്‍ കൂടിയായ ട്രാന്‍റിൻ പറയുന്നു.

'

ഹോറസിന് അവന്‍റെ വിശപ്പ് നഷ്ടപ്പെട്ടിട്ടില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. ചുവന്ന ആപ്പിളുകള്‍ വായില്‍ വച്ച് കൊടുക്കുന്നത് അവന്‍ ഇപ്പോഴും ആസ്വദിക്കുന്നുണ്ട്.  47 വയസ്സുള്ള ടോണി എന്ന പടിഞ്ഞാന്‍ ഗൊറില്ലയും സമാന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 

20 വർഷം മുമ്പ് ജർമ്മനിയിൽ നിന്ന് എത്തിയ ടോണി ഇന്ന് മൃഗശാലയിലെ ഉദ്യോഗസ്ഥരുടെയും സന്ദര്‍ശകരുടെയും പ്രിയപ്പട്ടവനാണ്. പക്ഷേ, യുദ്ധം അവനെ നിരാശനാക്കി മാറ്റി. എല്ലാ ദിവസവും പുതിയ പുതിയ ആളുകള്‍ അവനെ കാണാനെത്തുന്നത് അവന് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍. യുദ്ധം അവനെ ഏകാന്തനാക്കി. 

അവന്‍ ഏകാന്തത മാറ്റാന്‍ ഇപ്പോള്‍ എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ നേരം അവനെ ഞങ്ങള്‍ ടിവിക്കാണിക്കും. അപ്പോള്‍ അവന് മനുഷ്യരെ കാണാം. ഇതൊന്നും ശരിയല്ല. പക്ഷേ. ചില സാഹചര്യങ്ങളില്‍ നമ്മുക്ക് അവന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം ഇത്മാത്രമാണ്. 

ടോണിയെ ഏറ്റെടുക്കാന്‍ പറ്റുമോയെന്ന് അവനെ കൊണ്ടുവന്ന ജര്‍മ്മനിയിലെ മൃഗശാലാ അധികൃതരുമായി ബന്ധപ്പെട്ടെന്നും എന്നാല്‍, അവന്‍ പ്രായം അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 47 വയസാണ് അവന്. ദീര്‍ഘമായ യാത്രയ്ക്കിടെ മയക്കത്തിനുള്ള മരുന്ന നല്‍കേണ്ടിവരും. മാത്രമല്ല, ബോംബുകള്‍ക്കിടിയിലൂടെ അവനെ കൊണ്ടുപോവുകയെന്നത് ഏറെ ശ്രമകരവുമായിരിക്കും. 

അവന്‍ ഈ നഗരത്തിന്‍റെ പ്രതീകമാണ്. അവനിവിടെയുണ്ടാകും ഞങ്ങള്‍ക്കൊപ്പം, അദ്ദേഹം തുടര്‍ന്നു. യുദ്ധത്തിനിടെ ഞങ്ങള്‍ക്ക് പുതുയൊരു അതിഥിയുണ്ടായി.  

ബെയ്രക്തർ ( Bayraktar)എന്നാണ് ആ ലെമൂര്‍ കുഞ്ഞിനിട്ട പേര്. ബെയ്രക്തർ എന്നാല്‍ തുര്‍ക്കിയുടെ സായുധ ഡ്രോണിന്‍റെ പേരാണ്. റഷ്യ അക്രമണം ആരംഭിച്ചപ്പോള്‍ തുര്‍ക്കി ഉക്രൈന് സമ്മാനിച്ച സായുധ ഡ്രോണ്‍. യുദ്ധത്തിനിടെ ജനിച്ചതിനാല്‍ അവനെ ബെയ്രക്തർ എന്ന് വിളിക്കുന്നു.

'മൂന്ന് ദിവസം മുമ്പ് ഞങ്ങളുടെ ഒരു ലെമൂർ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഒരാൾ അമ്മയോടൊപ്പം താമസിക്കുന്നു. എന്നാൽ രണ്ടാമത്തേതിനെ അവൾ ഉപേക്ഷിച്ചു. അവനാണ് ഇത്. സിറിഞ്ച് ഉപയോഗിച്ചാണ് ഞങ്ങൾ അവന് കൃത്രിമ ഭക്ഷണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സന്തോഷമുള്ള മൃഗങ്ങൾ എന്നാൽ നല്ല മൃഗശാലയും സന്തോഷകരമായ നഗരവുമാണെന്ന് കെറിലോ ട്രാന്‍റിൻ അഭിപ്രായപ്പട്ടു. സന്ദര്‍ശകര്‍ നമ്മുടെ ജീവികളെ കാണുമ്പോൾ സഹതാപം തോന്നാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാല്‍  യുദ്ധഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഇതൊക്കെ ഏത്രകാലത്തേക്കെന്നതും ചോദ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 
 

Latest Videos

click me!