കാർബൊറണ്ടം ഗ്രൂപ്പിനായി കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല; '12 മെഗാവാട്ട് വൈദ്യുത പദ്ധതി കരാർ നീട്ടാൻ നീക്കം'

By Web Team  |  First Published Dec 12, 2024, 10:06 AM IST

മണിയാർ വൈദ്യുത പദ്ധതി കരാർ കാർബൊറണ്ടം ഗ്രൂപ്പിന് നീട്ടി നൽകാൻ സർക്കാർ കള്ളക്കളി നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും രമേശ് ചെന്നിത്തല


ദില്ലി: മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുൻപ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കാർബൊറണ്ടം ഗ്രൂപ്പിനായി നടത്തുന്ന കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

Read more: സംസ്ഥാനത്തിന് കോടികൾ നഷ്ടമാകുന്ന നീക്കം; മണിയാർ വൈദ്യുത പദ്ധതി കരാർ നീട്ടുന്നത് കെഎസ്ഇബി എതിർത്തെന്ന് രേഖകൾ

Latest Videos

നായനാർ സർക്കാരിൻ്റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിൻ്റെ ഭാഗമായി കാർബൊറണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്.  ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അത് ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. 

undefined

സംസ്ഥാനത്ത് പാർട്ടിയിൽ പുനഃസംഘടനാ ചർച്ചയില്ലെന്നും അനാവശ്യ ചർച്ചയുണ്ടാക്കി പാർട്ടിയുടെ പേര് നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനം എടുക്കേണ്ടത്. മാടായി കോളേജ് വിവാദത്തിൽ പരാതിയുള്ളവർ കെ പി സി സി സമിതിയെ അറിയിക്കണം. എം കെ രാഘവനെതിരായ ആരോപണം ശരിയാണെന്ന് താൻ കരുതുന്നില്ല. കൊച്ചി സ്മാർട് സിറ്റി വിഷയം താൻ വിവാദമാക്കിയതിന് ശേഷമാണ് നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയത്. ടീകോമിനെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

click me!