'അഭിമാനത്തോടെ ലോകത്തെ കൈക്കുമ്പിളിലേന്തിയ സ്ത്രീകള്‍' ; 2024 ലെ വാര്‍ത്തകളില്‍ ഇടം നേടിയ പെണ്ണുങ്ങള്‍

By Sangeetha KS  |  First Published Dec 11, 2024, 4:53 PM IST

2024ല്‍ വാര്‍ത്താ ലോകം ചര്‍ച്ച ചെയ്ത സ്ത്രീകളെക്കുറിച്ച് ഓര്‍ക്കാതെ ഈ വര്‍ഷവും കടന്നു പോകുന്നില്ല.. സുനിതാ വില്യംസ്, ഹന റൗഹിതി,കമല ഹാരിസ് ,ഹാൻ കാങ്, അരീന സബലേങ്ക, എമ്മ സ്റ്റോൺ ,ഹരിണി അമരസൂര്യൻ...


മനുഷ്യ രാശിയോളം തന്നെ പഴക്കമുണ്ട് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും. പണ്ട് അടുക്കളക്കകത്തോ വീട്ടിലെ മുറിക്കുള്ളിലോ മാത്രം ഒതുങ്ങി നിന്ന സ്ത്രീകളുടെ ശബ്ദം ഇന്ന് ലോകമെമ്പാടും മുഴങ്ങിക്കേള്‍ക്കുകയാണ്. പണ്ട് മറ്റൊരു പുരുഷന്‍ തന്റെ മുഖം കണ്ടാല്‍ നാണക്കേടെന്ന് പറഞ്ഞിരുന്ന ലോകം ഇന്ന് സുനിതാ വില്യംസിനെയും ഹന റൗഹിതിയെയുമെല്ലാമോര്‍ത്ത് അഭിമാനം കൊള്ളുകയാണ്. സ്ത്രീകളുടെ അവകാശ സമരങ്ങളും പോരാട്ടങ്ങളും പ്രതിഷേധങ്ങളുമെല്ലാം ലോകത്തെ തന്നെ പ്രധാന സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. 

2024 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ വഴിത്താരയില്‍ കാണാനാകുന്നത് ഇപ്പോഴും പല രീതിയില്‍ പോരാട്ടങ്ങള്‍ തുടരുന്ന, അഭിമാനത്തോടെ, തല ഉയര്‍ത്തി നില്‍ക്കുന്ന ഒരുപറ്റം സ്ത്രീകളെയാണ്. നമ്മുടെ വാർത്തകളും സ്ത്രീ സാനിദ്ധ്യങ്ങളാൽ നിറഞ്ഞു നിന്ന വർഷം കൂടിയാണ് കടന്നു പോകുന്നത്. പല മേഖലകളില്‍ വാർത്തകളിൽ ദിവസങ്ങളോളം തങ്ങി നിന്ന ഒരുപാട് വനിതകളുണ്ട്. ഈ വര്‍ഷം അന്താരാഷ്ട്ര വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പ്രധാനപ്പെട്ട ചില വനിതകളെപ്പറ്റി ഒന്നോര്‍ത്തെടുക്കാം...

Latest Videos

സുനിതാ വില്യംസ്

undefined

എട്ട് ദിവസം നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബുച്ച് വില്‍മോറിനോടൊപ്പം തിരിച്ച  സുനിത വില്യംസ് ആണ് നമ്മൾ മറന്നു പോകാൻ പാടില്ലാത്ത ആദ്യ പേര് . എന്നാല്‍ ഇവര്‍ സഞ്ചരിച്ച  സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാര്‍ കാരണം മടക്കയാത്ര 2025 ഫെബ്രുവരിയിലേക്ക് നീട്ടേണ്ടി വന്നു. സ്റ്റാര്‍ലൈനര്‍ പേടത്തില്‍ ഹീലിയം ചോര്‍ച്ചയുണ്ടായതോടെയാണ് മടക്കയാത്ര നീട്ടേണ്ടി വന്നത്. ആരോഗ്യ പ്രശ്നങ്ങൾ വലച്ചിട്ടും തികഞ്ഞ ആത്മവിശ്വാസത്തോടെ കഴിഞ്ഞ ദിവസം കുട്ടികളോട് സംവദിച്ച കരുത്തയായ സ്ത്രീ. ഈ ലോകമൊട്ടാകെ ഒരുമിച്ച് കാത്തിരിക്കുന്നതും ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിക്കുന്നതും സുനിതാ വില്യംസും സഹയാത്രികനും ഉടനെ തികഞ്ഞ ആരോഗ്യത്തോടെ ഭൂമിയില്‍ എത്തിച്ചേരാന്‍ വേണ്ടിയാണ്. അടുത്ത വര്‍ഷമാദ്യത്തോടെ തന്നെ ആ ശുഭ വാര്‍ത്ത കേള്‍ക്കാനാകുമെന്ന് പ്രതീക്ഷിക്കാം. 

ഹന റൗഹിതി

സോഷ്യൽ മീഡിയയിലടക്കം വൈറലായ 22 കാരിയായ ഹന റൗഹിതി മൈയ്പി ക്ലാര്‍ക്കാണ് മറ്റൊരു വനിത. ന്യൂസിലാൻഡിലെ മവോരി ഗോത്രവർഗ പ്രതിനിധി കൂടിയായ ഇവർ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ എം പിയാണ്. മവോരി ഗോത്രവർഗ ബില്ലുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെ ബില്ല് വലിച്ചു കീറി അതിനാടകീയമായ മാവോറി നൃത്തം അവതരിപ്പിച്ചാണ് ഹന ലോക ശ്രദ്ധ പിടിച്ചു പറ്റിയത്.

കമലാ ഹാരിസ്

ലോക രാഷ്ട്രങ്ങളൊന്നാകെ ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പില്‍ തിളങ്ങി നിന്ന ഒരു വനിതയുടെ പേരാണ് അടുത്തത്.  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച കമലാ ഹാരിസ് ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായ കമല ഇന്ത്യൻ വംശജയാണ്.  കറുത്ത വർഗക്കാരിയായ ഈ പെൺ പോരാളിയെ ആരാധകരിൽ പലരും വിളിക്കുന്നത് 'പെൺ ബറാക് ഒബാമ'യെന്നാണ്.  

ഹാൻ കാങ്

2024 ൽ സാഹിത്യ വിഭാഗത്തിൽ നൊബേൽ നേടിയ ദക്ഷിണ കൊറിയക്കാരിയായ ഹാൻ കാങ്ങിന്റെ പേര് വിസ്മരിച്ചുകൂടാ.  2012 നു ശേഷം ഏഷ്യയിലേക്ക് തന്നെ നൊബേൽ കൊണ്ടു വരുന്ന ആദ്യത്തെയാളാണ് ഹാൻ കാങ്. എന്നാൽ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കു ശേഷവും കാങ് മാധ്യമങ്ങളെ കാണാനോ ആഘോഷങ്ങൾക്കോ പങ്കെടുക്കാതിരുന്നത് വലിയ വാർത്തയായിരുന്നു. യുക്രൈൻ, പലസ്തീൻ യുദ്ധങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ മരണ സംഖ്യ കൂടുന്നതിനിടെ ഒരു ആഘോഷത്തിലും പങ്കെടുക്കാനില്ലെന്ന് കാങ് പറഞ്ഞതായി കാങിന്റെ അച്ഛനും എഴുത്തുകാരനുമായ ഹാൻ സിയോങ് വോ പ്രതികരിച്ചിരുന്നു. 

അരീന സബലേങ്ക

2024 ലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടിയത് ബെലാറുസ് താരം അരീന സബലേങ്കയായിരുന്നു. തന്റെ മൂന്നാം ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ട്  സബലേങ്ക പറഞ്ഞത് 'ഈ ലോകത്ത് ഇപ്പോൾ ഏറ്റവും സന്തോഷമുള്ള വ്യക്തി ഞാനാണ് എന്നാണ്'. അരീന സബലേങ്കയുടെ ആ വിജയച്ചിരി അത്ര പെട്ടെന്നൊന്നും ലോകം മറന്നു പോകില്ല. 

എമ്മ സ്റ്റോൺ

പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ പുരസ്കാരം നേടിയ എമ്മ സ്റ്റോൺ ആണ് ലോക സ്ക്രീനുകളിൽ നിറഞ്ഞു നിന്ന മറ്റൊരു സ്ത്രീ രത്നം.  സ്പൈഡർമാനും ലാ ലാ ലാന്റും ഉൾപ്പെടെ ലോകമൊട്ടാകെ ആരാധകരുള്ള എമ്മ സ്റ്റോണിന്റെ ഖ്യാതി പതിന്മടങ്ങ് വർധിച്ച വർഷം കൂടിയാണിത്. 

ഡോ. ഹരിണി നികേര അമരസൂര്യ

ഡോ. ഹരിണി നികേര അമരസൂര്യയാണ് ലോക- രാഷ്ട്രീയത്തില്‍ ചർച്ച ചെയ്ത മറ്റൊരു കരുത്തയായ വനിത.  ഹരിണി അമരസൂര്യയയെയാണ് ഈ വർഷം ശ്രീലങ്കയിൽ വീണ്ടും പ്രധാനമന്ത്രിയായി  തിരഞ്ഞെടുത്തത്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഇവർ. 

'സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ഇടപെടില്ല'; വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് സിറിയയിലെ വിമതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

click me!