എന്നാല്‍ 'Ghost of Kyiv'യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്ന വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. റഷ്യ മുന്‍ സോവിയറ്റ് യൂണിയന്‍റെ ഭാഗമായ ഉക്രൈന് നേരെ യുദ്ധം ആരംഭിച്ച ആദ്യ ദിവസം തന്നെ ഉക്രൈന്‍ നഗരങ്ങളുടെ മേല്‍ പറന്നുയര്‍ന്ന യുദ്ധവിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു.
ഈ യുദ്ധവിമാനം ആറ് റഷ്യന്‍ യുദ്ധവിമാനങ്ങളെ വെടിവച്ചിട്ടെന്ന് വീഡിയോ നിരവധി ട്വിറ്റര്‍ ഹാന്‍റിലുകളാണിലൂടെ വ്യപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഈ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ ഗെയിമില്‍ നിന്നുള്ളവയാണെന്ന് പിന്നീട് തെളിഞ്ഞു. പക്ഷേ അപ്പോഴേക്കും അഞ്ച് ലക്ഷത്തിന് മുകളില്‍പേര്‍ വീഡിയോ കണ്ട് കഴിഞ്ഞിരുന്നു.
2008-ല്‍ പുറത്തിറങ്ങിയ വീഡിയോ ഗെയിം ഡിജിറ്റൽ കോംബാറ്റ് സിമുലേറ്ററിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ ഉപയോഗിച്ചിരുന്നതെന്ന് റോയിട്ടേഴ്‌സ് ഫാക്റ്റ് ചെക്ക് വിഭാഗം സ്ഥിരീകരിച്ചു. എന്നാല്‍, ഇത്തരത്തിലൊരു അജ്ഞാതനായ പൈലറ്റ് റഷ്യന്‍ യുദ്ധവിമാനങ്ങളുടെ ഉറക്കം കെടുത്താനായി പറക്കുന്നുണ്ടെന്ന് ഉക്രൈന്‍ ഇപ്പോള്‍ ഔദ്ധ്യോഗികമായി അവകാശപ്പെടുകയാണ്.
കഴിഞ്ഞ ഞായറാഴ്ച 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് സർക്കാർ ഉദ്യോഗസ്ഥൻ ഇങ്ങനെ എഴുതി : 'ആളുകൾ അവനെ 'കീവിന്‍റെ പ്രേതം' എന്ന് വിളിക്കുന്നു. ശരിയാണ്. ഈ യുഎഎഫ് എയ്‌സ് നമ്മുടെ തലസ്ഥാനത്തും രാജ്യത്തും ആകാശത്ത് ആധിപത്യം പുലർത്തുന്നു. മാത്രമല്ല റഷ്യൻ വിമാനങ്ങളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുന്നു.
തകർന്ന റഷ്യൻ ജെറ്റിന്‍റെ ഡീബങ്ക് ചെയ്ത ഫൂട്ടേജ് ഉപയോഗിക്കുന്നതിന് മുമ്പ്, 'ഗോസ്റ്റ് ഓഫ് കീവിന്‍റെ' കാർട്ടൂൺ ചിത്രീകരണത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് വീഡിയോയിൽ വാചകം പ്രത്യക്ഷപ്പെടുന്നു. അത് ഇങ്ങനെയാണ്. : 'രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉക്രൈന് ആദ്യത്തെ എയ്‌സ് ലഭിച്ചു. ഇതാണ് മിഗ്-29 ന്‍റെ അജ്ഞാത പൈലറ്റ്, ഗോസ്റ്റ് ഓഫ് കീവ് എന്ന് വിളിപ്പേരുള്ളത്.'
2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തിന്‍റെ ആദ്യ 30 മണിക്കൂറിനുള്ളിൽ അദ്ദേഹം ആറ് റഷ്യൻ സൈനിക വിമാനങ്ങൾ വെടിവച്ചു വീഴ്ത്തി. ഫെബ്രുവരി 26 വരെ - അധിനിവേശക്കാരുടെ 10 സൈനിക വിമാനങ്ങളെ അദ്ദേഹം താഴെ വീഴ്ത്തി. ഒരു എയ്‌സ് പൈലറ്റാകാൻ, നിങ്ങൾ അഞ്ച് വിമാനങ്ങൾ വെടിവയ്ക്കേണ്ടതുണ്ട്. ഗോസ്റ്റ് ഓഫ് കീവ് ഇരട്ടി വെടിയുതിർക്കുകയും ചെയ്തു.'
ഉക്രേനിയൻ മിഗ്-29 വിമാനം ആരാണ് പൈലറ്റ് ചെയ്യുന്നതെന്നും 10 റഷ്യൻ വിമാനങ്ങളുടെ തകര്‍ച്ചയ്ക്ക് അദ്ദേഹം മാത്രമാണോ ഉത്തരവാദിയാണെന്നും വ്യക്തമല്ല. എങ്കിലും ഈ നായകനോട് ഉക്രൈനികള്‍ നന്ദിയുള്ളവരാണ്. പ്രഭാതഭക്ഷണത്തിനുള്ള റഷ്യൻ വിമാനം.' കോക്ക്പിറ്റിൽ പൈലറ്റ് ഗിയർ ധരിച്ച് തംബ്സ്-അപ്പ് നൽകുന്ന ഒരാളുടെ ചിത്രത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
രണ്ട് ദിവസം മുമ്പ് ഉക്രൈന്‍റെ മുൻ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോയും (Petro Poroshenko) ഈ ചിത്രം തന്‍റെ ട്വീറ്റര്‍ ഹാന്‍റിലിലൂടെ പങ്കിട്ടു. 'ദൈവത്തിന്‍റെ വേഗതയും സന്തോഷകരമായ വേട്ടയും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇതാണ് മിഗ് -29 പൈലറ്റ്. അതേ "ഗോസ്റ്റ് ഓഫ് കീവ്". ഇത് ശത്രുക്കളെ ഭയപ്പെടുത്തുകയും ഉക്രൈനികളെ അഭിമാനികളാക്കുകയും ചെയ്യുന്നു. റഷ്യൻ പൈലറ്റുമാർക്കെതിരെ അദ്ദേഹത്തിന് 6 വിജയങ്ങളുണ്ട് ! ഇത്രയും ശക്തരായ ഡിഫൻഡർമാരുണ്ടെങ്കിൽ ഉക്രെയ്ൻ തീർച്ചയായും വിജയിക്കും!'. അദ്ദേഹം കൂട്ടിചേര്‍ത്തു. '
വിരമിച്ച പൈലറ്റുമാർ രാജ്യത്തിന്‍റെ വ്യോമസേനയിലേക്ക് മടങ്ങുന്നു എന്ന വാര്‍ത്തയുടെ ഭാഗമായി ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം മിഗ്-29-ന്‍റെ ഒരു ചിത്രം ട്വീറ്റ് ചെയ്തു.'ആർക്കറിയാം, ഒരുപക്ഷേ അതിലൊന്നായിരിക്കാം. മിഗ്-29 വിമാനത്തിലെ വ്യോമ പ്രതികാരം അവരാണ്. ഇത് പലപ്പോഴും കീവുകാര്‍ കാണാറുണ്ട്. !', ട്വീറ്റില്‍ കുറിക്കപ്പെട്ടു.
എന്നാല്‍, കീവിന്‍റെ പ്രേതം യാഥാര്‍ത്ഥ്യമാണെന്നതിന് തെളിവുകളൊന്നുമില്ല. പറക്കുന്ന ഏസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങളുടെ ഉറവിടം, ഉക്രൈന്‍ മുൻ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോ, ഉക്രൈന്‍ സര്‍ക്കാര്‍, പ്രതിരോധ വിഭാഗം എന്നിവിടങ്ങളില്‍ നിന്നാണ്.
യുദ്ധത്തിന്‍റെ ആദ്യ ദിനത്തിൽ ഉക്രൈന്‍ ജറ്റ് വിമാനങ്ങള്‍ കീവിന്‍റെ ആകാശത്ത് നിരവധി തവണ പറക്കുന്നതും ആറോളം റഷ്യന്‍ വിമാനങ്ങളെ വെടിവച്ച് വീഴ്ത്തുന്നതുമായ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ലഭ്യമാണ്. പലതും ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. എന്നാല്‍, പല വീഡിയോകളുടെയും ഉള്ളടക്കത്തില്‍ നിരവധി പേര്‍ സംശയം പ്രകടിപ്പിച്ച് കഴിഞ്ഞു.
ചില വീഡിയോകള്‍ വീഡിയോ ഗൈമുകളില്‍ നിന്നുള്ളവയാണെന്ന് റോയിട്ടേഴ്സ് ഫാക്റ്റ് ചെക്ക് വിഭാഗം പറയുന്നു. യുദ്ധത്തിന്‍റെ ആദ്യ ദിനം റഷ്യയ്ക്ക് അഞ്ച് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മറ്റ് കണക്കുകളെ കുറിച്ച് ഇതുവരെ സ്ഥിരീകരണമില്ല.
ഉക്രൈന്‍ മുൻ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോയുടെ അവകാശവാദത്തെ ചിലര്‍ ചോദ്യം ചെയ്യുന്നു. 2014 ല്‍ റഷ്യന്‍ ആക്രമണത്തിനെടുവില്‍ ഉക്രൈന്‍ പ്രസിഡന്‍റായ പെട്രോ പൊറോഷെങ്കോ ഉക്രെയ്ൻ നാറ്റോയിലും യൂറോപ്യൻ യൂണിയനിലും ചേരുന്നത് കാണാൻ ദൃഢനിശ്ചയമുള്ള ഒരു കടുത്ത നിലപാടുകാരനാണ്.
ഇദ്ദേഹത്തിനെതിരെ നിലവില്‍ രാജ്യദ്രോഹം, തീവ്രവാദ സംഘടനകളെ സഹായിക്കൽ, തീവ്രവാദത്തിന് ധനസഹായം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ശിക്ഷലഭിക്കാം. എന്നാല്‍, കുറ്റം നിഷേധിച്ച പൊറോഷെങ്കോ, സെലന്‍സ്കി തന്‍റെ എതിരാളികളെ കുടുക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ഉക്രൈന്‍ സര്‍ക്കാറിനാകട്ടെ, വ്യാജമാണെങ്കിലും ഇത്തരമൊരു വീഡിയോ പ്രചരിപ്പിക്കേണ്ടത് യുദ്ധ തന്ത്രത്തിന്‍റെ ഭാഗമാണെന്നും യുദ്ധ വിദഗ്ദര്‍ അവകാശപ്പെടുന്നു. സൈനികമായി 22 -ാം സ്ഥാനത്തുള്ള ഉക്രൈന്‍, ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയോട് ഏറ്റമുട്ടുമ്പോള്‍, സ്വന്തം സൈനീകരെയും ജനങ്ങളെയും ഉത്തേജിപ്പിക്കാന്‍ ഇത്തരം വീര്യ കൃത്യങ്ങള്‍ ആവശ്യമാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കീവിലെ പ്രേതം യാഥാര്‍ത്ഥ്യമാണെങ്കിലും അല്ലെങ്കിലും ഉക്രൈനികള്‍ക്ക് അജ്ഞാതനായ ആ പൈലറ്റ് ഇന്ന് ഹീറോയാണ്.
അതിനിടെ ഉക്രൈയ്നിലെ രണ്ടാമത്തെ വലിയ നഗരത്തിലും തെരുവ് യുദ്ധം ആരംഭിച്ചു. റഷ്യന്‍ സൈന്യം രാജ്യത്തിന്‍റെ തെക്കൻ ഭാഗത്തുള്ള തന്ത്രപ്രധാന തുറമുഖങ്ങളെ ലക്ഷ്യമിട്ടു തുടങ്ങി. എന്നാല്‍, തങ്ങളുടെ പ്രതിരോധത്തിന്‍റെ ഫലമായി റഷ്യ ചര്‍ച്ചകള്‍ക്ക് തയ്യാറായെന്നും ഉക്രൈന്‍ അവകാശപ്പെട്ടു.
റഷ്യന്‍ സഖ്യ രാഷ്ട്രമായ ബലാറസില്‍ വച്ച് ഉക്രൈനുമായി നയതന്ത്ര ചര്‍ച്ചകള്‍ നടക്കുമ്പോഴും റഷ്യന്‍ സൈന്യം ഉക്രൈനില്‍ പോരാട്ടം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇന്നലെ ചര്‍ച്ച നടക്കുന്ന സമയത്തും ഉക്രൈനിലെ നിരവധി നഗരങ്ങളില്‍ ഉഗ്രസ്ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബലാറസ് വഴി കീവിലേക്ക് റഷ്യന്‍ സൈനീക വ്യൂഹത്തിന്‍റെ നീണ്ട നിരയുടെ ഉപഗ്രഹ ചിത്രങ്ങളും ഇതിനകം പുറത്ത് വന്നു. ഏതാണ്ട് 64 കിലോ മീറ്റര്‍ ദൂരത്തിലാണ് കവചിത വാഹനങ്ങളും യുദ്ധ ടാങ്കുകളുമടക്കമുള്ള റഷ്യന്‍ സൈന്യം കീവ് ലക്ഷ്യമാക്കി തിരിച്ചിരിക്കുന്നത്. അപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും റഷ്യ അവകാശപ്പെടുന്നു
ചര്‍ച്ചകള്‍ നടക്കുമ്പോഴും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ റഷ്യ തയ്യാറാകാത്തതോടെ യുഎസ് ഉക്രൈന് കൂടുതല്‍ ആയുധങ്ങള്‍ കൈമാറാമെന്നും അറിയിച്ചു. ടാങ്ക് വിരുദ്ധ ആയുധങ്ങൾ, ശരീര കവചങ്ങൾ, ചെറിയ ആയുധങ്ങൾ എന്നിവയുൾപ്പെടെ 350 മില്യൺ ഡോളറിന്‍റെ അധിക സൈനിക സഹായമാണ് ജോ ബൈഡൻ ഉക്രെയ്‌നിന് വാഗ്ദാനം ചെയ്തത്.
ഉക്രൈനിലേക്ക് മിസൈലുകളും ടാങ്ക് വിരുദ്ധ ആയുധങ്ങളും അയക്കുമെന്നും റഷ്യൻ വിമാനങ്ങൾക്ക് മുന്നില്‍ തങ്ങളുടെ വ്യോമാതിർത്തി അടയ്ക്കുമെന്നും ജർമ്മനി പറഞ്ഞു. SWIFT ആഗോള സാമ്പത്തിക ഗ്രൂപ്പില്‍ നിന്ന് 'തെരഞ്ഞെടുത്ത' റഷ്യൻ ബാങ്കുകളെ തടയാൻ യുഎസും യൂറോപ്യൻ യൂണിയനും ബ്രിട്ടനും സമ്മതമറിയിച്ചു.
ഇതോടെ റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന് മേല്‍ കടുത്ത സമ്മര്‍ദ്ദമേറി. 9.5 ശതമാനമുണ്ടായിരുന്ന പലിശ നിരക്ക് 20 ശതമാനമായി ഉയര്‍ത്തി, പണപ്പെരുപ്പം തടയാനുള്ള ശ്രമത്തിലാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്.